'അറിവ്' മനുഷ്യനെ മനുഷ്യനാക്കുന്ന പ്രകാശം. മനുഷ്യനെ മറ്റു ജീവജാലങ്ങളിൽ നിന്നും വ്യത്യസ്തനാക്കുന്നത് അറിവ് നേടാനുള്ള അവന്റെ കഴിവ് ആണ്. അറിവ് നേടിയില്ല എങ്കിൽ ഒരു മനുഷ്യന് തന്റെ ജീവിതത്തിൽ സംഭവിച്ചേക്കാവുന്ന പിഴവുകൾ നിരവധി ആണ്.
വിവരം, അറിവ്, തിരിച്ചറിവ്, ജ്ഞാനം ഒക്കെ നമുക്ക് നേടാം. ഇവ എല്ലാം തമ്മിൽ ബന്ധപ്പെട്ടു കിടക്കുന്നു. എന്നാൽ വ്യത്യാസവും ഉണ്ട്. വിവരം അല്ല അറിവ്, അറിവ് അല്ല ജ്ഞാനം. ഇംഗ്ലീഷ് അർത്ഥം പോലും വ്യത്യാസം ആണ്. വിവരം എന്നതിനു ഇംഗ്ലീഷിൽ 'ഇൻഫർമേഷൻ' എന്നാണ് പറയുക, പക്ഷേ അത് അറിവ് ആകുമ്പോൾ 'നോളെജ്' ആകുന്നു.
അറിവുകൾ പല തരത്തിൽ നമുക്ക് നേടാം. വീട്ടിൽ നിന്ന്, വിദ്യാലയങ്ങളിൽ നിന്ന്, സമൂഹത്തിൽ നിന്ന്, അനുഭവങ്ങളിൽ നിന്ന്. അങ്ങനെ നേടുന്ന അറിവ് തിരിച്ചറിവ് ആകുകയും അങ്ങനെ അറിഞ്ഞറിഞ്ഞു തത്വമസിയും അദൈ്വതവും അറിഞ്ഞ് അറിവിന്റെ കൊടുമുടികൾ കയറുമ്പോൾ ജ്ഞാനമാകുകയും ചെയ്യും. 'അവനവനാത്മ സുഖത്തിനായാചരിക്കുന്നവ അപരന് ഗുണത്തിനായി വരേണം' എന്ന് ഓരോരുത്തരും മനസ്സിലാക്കുമ്പോൾ ലോകം തന്നെ അറിവ് കൊണ്ട്, സ്‌നേഹം കൊണ്ട് പ്രകാശിക്കും.
അറിയേണ്ടത് അറിയുന്നതാണ് അറിവ്. മനുഷ്യൻ എന്ന നിലയിൽ ഉള്ള നമ്മുടെ ധർമങ്ങളെ അറിയുക. ശാശ്വതമായ മൂല്യങ്ങളെ അറിയുക. ആ അറിവ് മുൻനിർത്തി പ്രവർത്തിക്കുക. ആ അറിവിന്റെ വെളിച്ചത്തിൽ നമ്മുടെ വീടും നാടും ഒക്കെ പ്രകാശിക്കട്ടെ.
അറിവ് എന്നത് ഒരു കെടാവിളക്ക് ആണ്. പകരും തോറും വർധിക്കുന്ന പ്രകാശം. ഒരു തിരിനാളത്തിൽ നിന്ന് ആയിരം തിരി തെളിച്ചാലും തിരികൾ തെളിക്കാൻ ഉപയോഗിച്ച ആദ്യത്തെ ആ തിരിനാളം ഒരു കുറവും വരാതെ കത്തിത്തന്നെ ഇരിക്കും. ആ തിരിനാളത്തിന്റെ പ്രകാശത്തിന് ഒരു കുറവും വരികയില്ല. അതുപോലെ ആണ് അറിവും. നമുക്ക് അറിവ് നൽകാൻ വേണ്ടി വന്നുപോയവരാണ് പ്രവാചകന്മാരും മറ്റു മഹാത്മാക്കളുമൊക്കെ.
ഓരോരുത്തരും അറിവ് നേടുംതോറും സമൂഹത്തിൽ ഇന്ന് നടക്കുന്ന അക്രമങ്ങളും അനീതിയും ഒക്കെ ഇല്ലാതാകും. അജ്ഞാനമാകുന്ന ഇരുട്ടിൽ അറിവിന്റെ പ്രകാശം പരത്തുന്ന ചിരാതുകൾ ആകാൻ നമുക്ക് ഓരോരുത്തർക്കും കഴിയട്ടെ.