റിയാദ് - ഔദ്യോഗിക ഡ്യൂട്ടി സമയം കഴിഞ്ഞുള്ള നേരങ്ങളില്‍ സ്വകാര്യ ആരോഗ്യ സ്ഥാപനങ്ങളില്‍ ജോലി ചെയ്യാന്‍ സര്‍ക്കാര്‍ ആശുപത്രികളിലെ സൗദി ഡോക്ടര്‍മാരെ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട വ്യവസ്ഥകള്‍ സൗദി ഹെല്‍ത്ത് കൗണ്‍സില്‍ പ്രഖ്യാപിച്ചു. ആരോഗ്യ മന്ത്രാലയത്തിന്റെ മേല്‍നോട്ടത്തിലുള്ള ഇലക്ട്രോണിക് സംവിധാനം വഴിയാണ് സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ക്ക് സ്വകാര്യ മേഖലാ പ്രാക്ടീസിന് ലൈസന്‍സുകള്‍ അനുവദിക്കുക. ഔദ്യോഗിക ഡ്യൂട്ടി സമയത്തല്ലാത്ത നേരങ്ങളില്‍ സ്വകാര്യ ആശുപത്രികളില്‍ ജോലി ചെയ്യാന്‍ അതത് സര്‍ക്കാര്‍ ആശുപത്രികള്‍ സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ക്ക് ഇലക്ട്രോണിക് സംവിധാനം വഴി അനുമതി നല്‍കുകയും സര്‍ക്കാര്‍ ആശുപത്രിയിലെ ഡ്യൂട്ടി സമയം നിര്‍ണയിക്കുകയും വേണം.
ഇതിന്റെ അടിസ്ഥാനത്തിലാണ് സ്വകാര്യ പ്രാക്ടീസ് ലൈസന്‍സ് അനുവദിക്കുക. ഇലക്ട്രോണിക് സംവിധാനം വഴി സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ക്ക് അനുവദിക്കുന്ന സ്വകാര്യ പ്രാക്ടീസ് അനുമതി ബന്ധപ്പെട്ട സ്വകാര്യ ആശുപത്രി അംഗീകരിക്കണമെന്നും വ്യവസ്ഥയുണ്ട്. തിരുഗേഹങ്ങളുടെ സേവകന് സല്മാന് രാജാവിന്റെ അധ്യക്ഷതയില്‍ കഴിഞ്ഞ ചൊവ്വാഴ്ച ചേര്‍ന്ന പ്രതിവാര മന്ത്രിസഭാ യോഗം സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ക്ക് സ്വകാര്യ പ്രാക്ടീസ് അനുമതി നല്‍കുന്നതുമായി ബന്ധപ്പെട്ട വ്യവസ്ഥകള്‍ അംഗീകരിച്ചിരുന്നു.






