പോലീസ് ജീപ്പില്‍ ഇടിച്ച കാറില്‍നിന്ന് ആറു കിലോ കഞ്ചാവ് പിടിച്ചു

പത്തനംതിട്ട- കഞ്ചാവ് കടത്തിക്കൊണ്ടുവന്ന കാര്‍ പോലീസ് ജീപ്പില്‍ ഇടിച്ചു. കാറില്‍നിന്ന് ആറുകിലോ കഞ്ചാവ് പോലീസ് പിടിച്ചെടുത്തു. കാര്‍ യാത്രക്കാരായ രണ്ടുപേരെ പിടികൂടി. പത്തനംതിട്ട വലഞ്ചൂഴി സ്വദേശികളായ ഹാഷിം, അഫ്സല്‍ എന്നിവരാണ് പിടിയിലായത്. വെള്ളിയാഴ്ച പുലര്‍ച്ചെ പത്തനംതിട്ട വെട്ടിപ്പുറം ഭാഗത്താണ് സംഭവം.

പിടിയിലായ രണ്ടുപേര്‍ക്കും ലഹരിസംഘങ്ങളുമായി ബന്ധമുണ്ടെന്ന് പോലീസിന് നേരത്തെ വിവരം ലഭിച്ചിരുന്നു. ഇരുവരും പോലീസിന്റെ നിരീക്ഷണത്തിലായിരുന്നു. വെള്ളിയാഴ്ച പുലര്‍ച്ചെ ഇവര്‍ കമ്പത്തുനിന്നു പുനലൂര്‍ വഴി പത്തനംതിട്ടയിലേക്ക് കഞ്ചാവുമായി വരുന്നുണ്ടെന്ന് പോലീസിന് വിവരം ലഭിച്ചു. തുടര്‍ന്ന് കൂടല്‍ പോലീസ് ഇവരുടെ വാഹനത്തിന് കൈകാണിച്ചെങ്കിലും നിര്‍ത്താതെ പോയി. ഇതോടെ പോലീസ് സംഘം ജീപ്പില്‍ കാറിനെ പിന്തുടര്‍ന്നു. പത്തനംതിട്ട വെട്ടിപ്പുറത്ത് മറ്റൊരു റോഡിലേക്ക് തിരിയുന്നതിനിടെ പോലീസ് ജീപ്പ് കാറിനെ ഓവര്‍ടേക്ക് ചെയ്ത് മുന്നില്‍കയറി. ഇതോടെയാണ് കാര്‍ നിയന്ത്രണംവിട്ട് പോലീസ് ജീപ്പില്‍ ഇടിച്ചത്.

 

Latest News