നടിയെ ആക്രമിച്ച കേസില്‍ എങ്ങുമെത്താതെ തുടരന്വേഷണം; മൂന്നു മാസം കൂടി കിട്ടുമോ?

കൊച്ചി- നടിക്കെതിരായ ആക്രമണ കേസില്‍ തുടരന്വേഷണം പൂര്‍ത്തിയാക്കുന്നതിനുള്ള സമയപരിധി വെള്ളിയാഴ്ച അവസാനിക്കുമ്പോള്‍ ഇനിയൊരു മൂന്നു മാസം കിട്ടിയാലും പൂര്‍ത്തിയാക്കാന്‍ കഴിയാത്ത വിധത്തിലുള്ള സങ്കീര്‍ണതകള്‍ക്ക് നടുവിലാണ് അന്വേഷണ സംഘം.

ദിലീപിന്റെയും ബന്ധുക്കളുടെയും ഫോണുകളില്‍ നിന്നു വീണ്ടെടുത്ത ലക്ഷക്കണക്കായ ഫോണ്‍ കാള്‍ വിവരങ്ങളുടെ പകുതി പോലും പരിശോധിക്കാന്‍ അന്വേഷണ സംഘത്തിനായിട്ടില്ല. ഇത്തരം ഡിജിറ്റല്‍ വിവരങ്ങള്‍ കൂമ്പാരമായി നില്‍ക്കുമ്പോള്‍ തന്നെ ബാലചന്ദ്രകുമാര്‍ നല്‍കിയ മൊഴികളുടെയും തെളിവുകളുടെയും അടിസ്ഥാനത്തില്‍ കാവ്യാ മാധവന്‍ അടക്കം പ്രതിസ്ഥാനത്ത് വന്നേക്കാവുന്നവരെ ചോദ്യം ചെയ്യാനും ക്രൈംബ്രാഞ്ചിന് സാധിച്ചിട്ടില്ല.

അന്വേഷണം പലവഴികളിലൂടെ മുന്നോട്ടു നിങ്ങുമ്പോള്‍ മര്‍മ പ്രധാന വിഷയങ്ങളില്‍ വേണ്ടത്ര ശ്രദ്ധ നല്‍കാന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് കഴിയുന്നില്ലെന്നത് ഒരു ആക്ഷേപമായി ഉയര്‍ന്നുവന്നിട്ടുണ്ട്.
ഇതുവരെ നടത്തിയ അന്വേഷണത്തിന്റെ വിശദാംശങ്ങളടങ്ങിയ റിപ്പോര്‍ട്ടുമായി കോടതിയെ സമീപിക്കുകയും ഇതിന്റെ അടിസ്ഥാനത്തില്‍ മൂന്നുമാസം കൂടി സമയം നീട്ടിവാങ്ങുകയും ചെയ്യാനാണ് ക്രൈംബ്രാഞ്ച് ശ്രമം.

മൂന്ന് മാസം കൂടി സമയം വേണമെന്ന് ആവശ്യപ്പെട്ട് അന്വേഷണ സംഘം ഹൈക്കോടതിയില്‍ നല്‍കിയ ഹരജി നിലവില്‍ പരിഗണിച്ചിട്ടില്ല. ഈ ഹരജി അടുത്തയാഴ്ച പരിഗണിക്കുമെന്നാണ് പ്രതീക്ഷ. തെളിവ് ശേഖരണത്തിനും ചോദ്യം ചെയ്യലിനും കൂടുതല്‍ സമയം വേണമെന്നാണ് പ്രോസിക്യൂഷന്റെ ആവശ്യം. ഈ മാസം 19ന് കേസ് പരിഗണിക്കാനിരിക്കെ വിചാരണാ കോടതിയില്‍ ആവശ്യമുന്നയിക്കാനാണ് പ്രോസിക്യൂഷന്റെ നീക്കം. അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് ക്രൈംബ്രാഞ്ച് 18നാണ് കോടതിയില്‍ സമര്‍പ്പിക്കാനിരിക്കുന്നത്.

കേസില്‍ നിര്‍ണായക വിവരങ്ങള്‍ പുറത്തുവന്ന സാഹചര്യത്തില്‍ നടി കാവ്യാ മാധവന്‍ അടക്കമുള്ളവരെ ചോദ്യം ചെയ്യേണ്ടതുണ്ടെന്നും കേസുമായി ബന്ധപ്പെട്ട് നിരവധി സാക്ഷികളുടെ മൊഴി എടുക്കേണ്ടതുണ്ടെന്നും അന്വേഷണ സംഘം കോടതിയെ അറിയിക്കും. നോട്ടീസ് നല്‍കിയിട്ടും ദിലീപിന്റെ അടുത്ത ബന്ധുക്കളടക്കമുള്ളവര്‍ ചോദ്യം ചെയ്യലിന് ഹാജരായില്ല. ഇത്തരത്തില്‍ കാലതാമസമുണ്ടായതിനാല്‍ അന്വേഷണം പൂര്‍ത്തിയാക്കാന്‍ കൂടുതല്‍ സമയം വേണമെന്നാണ് ആവശ്യം. നിലവിലെ അന്വേഷണ പുരോഗതി റിപ്പോര്‍ട്ടും ശേഷിക്കുന്ന നടപടികളും കോടതിയെ അറിയിക്കും.

നടിയെ ആക്രമിച്ച കേസില്‍ ക്രൈംബ്രാഞ്ച് എ ഡി ജി പിയോട് മൂന്ന് ദിവസം മുമ്പ് വിചാരണാകോടതി റിപ്പോര്‍ട്ട് തേടിയിരുന്നു. കേസുമായി ബന്ധപ്പെട്ട അപേക്ഷ കോടതിയില്‍ നിന്ന് ചോര്‍ന്നെന്ന പരാതിയില്‍ ബൈജു പൗലോസിന്റെ മറുപടി തൃപ്തികരമല്ലാത്തതിനാലാണ് കോടതി റിപ്പോര്‍ട്ട് തേടിയത്. കേസിലെ തുടരന്വേഷണ രേഖകള്‍ രഹസ്യമായി സൂക്ഷണിക്കണമെന്ന നിര്‍ദേശം ലംഘിച്ചെന്ന് വിചാരണാ കോടതി നേരത്തെ കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെ ബൈജു പൗലോസ് കോടതിയിലെത്തി വിഷയത്തില്‍ വിശദീകരണം നല്‍കിയിരുന്നു. ഇതിലാണ് കോടതി അതൃപ്തി രേഖപ്പെടുത്തിയത്.

 

 

Latest News