എലോൺ മസ്‌കിനെതിരെ കേസുമായി ട്വിറ്റർ ഓഹരി ഉടമകൾ 

സോഷ്യൽ മീഡിയ കമ്പനിയായ ട്വിറ്ററിൽ 9.2 ശതമാനം ഓഹരി വാങ്ങിയ വിവരം വെളിപ്പെടുത്താൻ വൈകയതിനാൽ ഓഹരി വിലയിലുണ്ടായ കുതിപ്പ് നഷ്ടമായെന്ന് ചൂണ്ടിക്കാട്ടി എലോൺ മസ്‌കിനെതിരെ കേസുമായി മുൻ ഓഹരി ഉടമകൾ. 
മാൻഹട്ടൻ ഫെഡറൽ കോടതിയിലാണ് നിക്ഷേപകർ എലോൺ മസ്‌കിനെതിരെ കേസ് ഫയൽ ചെയ്തിരിക്കുന്നത്. ഫെഡറൽ നിയമപ്രകാരം ഓഹരികൾ വാങ്ങിയ വിവരം ടെസ്‌ല മേധാവിയും കോടീശ്വരനുമായ മസ്‌ക് മാർച്ച് 24 ന് വെളിപ്പെടുത്തേണ്ടിയിരുന്നുവെന്നും ഇതിൽനിന്ന് ഒഴിഞ്ഞുമാറി അദ്ദേഹം തെറ്റദ്ധരിപ്പിക്കുന്ന പ്രസ്താവനകളാണ് നടത്തിയതെന്നും നിക്ഷേപകർ സമർപ്പിച്ച ഹരജിയിൽ പറയുന്നു. 
ഏപ്രിൽ നാലിന് ട്വിറ്ററിലെ തന്റെ ഓഹരികളെ കുറിച്ച് മസ്‌ക് വെളിപ്പെടുത്തിയതിന് ശേഷം ട്വിറ്റർ ഓഹരിവില  27 ശതമാനം ഉയർന്ന് 39.31 ഡോളറിൽ നിന്ന് 49.97 ഡോളറിലെത്തിയിരുന്നു. സാൻ ഫ്രാൻസിസ്‌കോ ആസ്ഥാനമായുള്ള ട്വിറ്ററിൽ  ലോകത്തിലെ ഏറ്റവും ധനികനായ വ്യക്തി നടത്തിയ നിക്ഷേപം  വിശ്വാസ വോട്ടായാണ് നിക്ഷേപകർ വീക്ഷിച്ചതെന്നും മുൻ ഷെയർ ഹോൾഡർമാർ പറയുന്നു.  
ട്വിറ്റർ ഷെയർ വാങ്ങിയത് മറച്ചുവെച്ച നടപടി കുറഞ്ഞ വിലയ്ക്ക് കൂടുതൽ ട്വിറ്റർ ഷെയറുകൾ വാങ്ങാൻ മസ്‌കിന് അവസരമൊരുക്കി. കുറഞ്ഞ വിലയിൽ ഷെയറുകൾ വിൽക്കാൻ നിർബന്ധിതരായെന്നും ഇതിൽ കൃത്രിമവും വഞ്ചനയുമുണ്ടെന്നും മാർക് റാസെല്ലയുടെ നേതൃത്വത്തുള്ള മുൻ ഓഹരി ഉടമകൾ പറയുന്നു.  നഷ്ടപരിഹാരം ലഭ്യമാക്കണമെന്നും ശിക്ഷാനടപടി സ്വീകരിക്കണമെന്നുമാണ് ഹരജിക്കാരുടെ ആവശ്യം. പുതിയ സംഭവ വികാസങ്ങളെ കുറിച്ച് മസ്‌കിന്റെ പ്രതികരണം അറിവായിട്ടില്ല. കേസിൽ അദ്ദേഹത്തിന്റെ കമ്പനിയായ ടെസ്‌ല പ്രതിയല്ല. 
ഒരു കമ്പനിയുടെ അഞ്ച് ശതമാനം ഓഹരികൾ ഏറ്റെടുത്താൽ നിക്ഷേപകൻ അത് പത്ത് ദിവസത്തിനുള്ളിൽ വെളിപ്പെടുത്തണമെന്നാണ് യു.എസ് സെക്യൂരിറ്റീസ് നിയമം അനുസരിച്ചുള്ള വ്യവസ്ഥ.  മസ്‌കിന്റെ കാര്യത്തിൽ അത് മാർച്ച് 24 ആയിരുന്നു.
ഏപ്രിൽ അഞ്ചിനാണ് മസ്‌ക് ഡയറക്ടർ ബോർഡിൽ ചേരുമെന്ന് ട്വിറ്റർ പ്രഖ്യാപിച്ചത്. എന്നാൽ  അത് വേണ്ടെന്ന് തീരുമാനിച്ചതായി കഴിഞ്ഞയാഴ്ച മസ്‌ക് അറിയിച്ചു.
ബോർഡിൽ ചേരാതിരിക്കുന്നതിലൂടെ ട്വിറ്റർ ഉപയോക്താവായ മസ്‌കിന് വീണ്ടും ഓഹരികൾ വാങ്ങിക്കൂട്ടാം. ഡയരക്ടർ ബോർഡിൽ ചേർന്നാൽ തന്റെ ഓഹരി 14.9 ശതമാനമായി പരിമിതപ്പെടുത്താൻ നിർബന്ധിതനാകും. പരിഷ്‌കരണങ്ങൾക്ക് ട്വിറ്ററിൽ സമ്മർദം ചെലുത്തുകയാണ് മസ്‌കിന്റെ ലക്ഷ്യമെന്ന് ഈ രംഗത്തെ വിദഗ്ധർ അഭിപ്രായപ്പെടുന്നു.
മാർച്ച് 25 നും 29 നും ഇടയിൽ താൻ 35 ട്വിറ്റർ ഓഹരികൾ 1373 ഡോളറിന് വിറ്റതായി നിക്ഷേപകൻ റാസെല്ല പറയുന്നു. ശരാശരി വില 39.23 ഡോളറായിരുന്നു. ഫോർബ്‌സ് മാഗസിൻ റിപ്പോർട്ട് പ്രകാരം മസ്‌കിന്റെ ട്വിറ്റർ ഓഹരി മൂല്യം 265.1 ബില്യൺ ഡോളറാണ്.

Latest News