പുതിയ ഫീച്ചറുകൾ ഉൾപ്പെടുത്തി മൈക്രോസോഫ്റ്റ് വിൻഡോസ് 10 ഓപറേറ്റിംഗ് സിസ്റ്റത്തിനായുള്ള അപ്ഡേറ്റ് നൽകിത്തുടങ്ങി. 2004 ൽ പുറത്തിറക്കിയ ഒറിജിനൽ പതിപ്പ് അടിസ്ഥാനമാക്കിയുള്ള 2022 ഏപ്രിൽ പാച്ചാണ് ലഭ്യമായിത്തുടങ്ങിയതെന്ന് വിൻഡോസ് ലേറ്റസ്റ്റ് റിപ്പോർട്ടിൽ പറയുന്നു.
2004 പതിപ്പിന് ശേഷം പുറത്തിറക്കിയ എല്ലാ വിൻഡോസ് പതിപ്പുകളിലും അപ്ഡേറ്റ് ഇൻസ്റ്റാൾ ചെയ്യാൻ കഴിയുമെന്നാണ് ഇതിനർത്ഥം. അതേസമയം, പതിപ്പുകൾക്ക് ബിൽഡ് റിവിഷൻ നമ്പർ വ്യത്യസ്തമായിരിക്കും.
വിൻഡോസ് 10 ലുള്ള പുതിയ സെർച്ച് ഹൈലൈറ്റ്സ് ഫീച്ചർ അപ്ഡേറ്റിനൊപ്പം ചേർത്തിട്ടുണ്ട്. ബിംഗിലെ ട്രെൻഡിംഗ് വിഷയങ്ങൾ, ദിവസവുമായി ബന്ധപ്പെട്ട വസ്തുതകൾ, ഉപയോക്താവിന്റെ സെർച്ച് താൽപര്യവുമായി ബന്ധപ്പെട്ട ഉള്ളടക്കം എന്നിവ ഹോം പേജിൽ കാണിക്കും. നോട്ടിഫിക്കേഷൻ ടോസ്റ്റിനുള്ളിൽ ദൃശ്യമാകുന്ന ബട്ടണുകളുടെ നിറം മാറ്റുന്നതിനുള്ള ഫിച്ചറും ഉൾപ്പെടുത്തിയിട്ടുണ്ട്. അറിയിപ്പുകളെ കൂടുതൽ ദൃശ്യപരമായി ഒതുക്കമുള്ളതാക്കുന്നു എന്നതാണ് സവിശേഷത. ആക്ഷൻ സെന്ററിൽ മൂന്ന് അറിയിപ്പുകൾ വലുതാക്കി നിർത്താനും കഴിയും.
മൈക്രോസോഫ്റ്റ് ഔട്ട്ലുക്ക്, ടീം എന്നിവ പോലുള്ള മൈക്രോസോഫ്റ്റ് ആപ്പുകളിലേക്ക് ആൻഡ്രോയിഡ് ഉപകരണങ്ങളിൽനിന്ന് സൈൻ ഇൻ ചെയ്യുന്നതിൽ തടസ്സങ്ങളും പുതിയ അപ്ഡേറ്റിൽ പരിഹരിച്ചിട്ടുണ്ട്.
വിൻഡോസ് 10 ഓപറേറ്റിംഗ് സിസ്റ്റത്തിൽ ഏപ്രിൽ 2022 ക്യുമുലേറ്റീവ് അപ്ഡേറ്റ് ഇൻസ്റ്റാൾ ചെയ്യാൻ ആദ്യം സെറ്റിംഗ്സിൽ പോകുക. അപ്ഡേറ്റ്സ് ആന്റ് സെക്യൂരിറ്റി ഒപ്ഷനിൽ വിൻഡോസ് അപ്ഡേറ്റ് ബട്ടൺ ക്ലിക് ചെയ്യണം. ചെക്ക് ഫോർ അപ്ഡേറ്റ് ചെയ്താൽ ഇൻസ്റ്റാൾ ചെയ്തു തുടങ്ങും. റീ സ്റ്റാർട്ട് നൗ ബട്ടൺ ക്ലിക് ചെയ്യുന്നതോടെ പൂർത്തിയാകും.






