പിഞ്ചുകുഞ്ഞിനെ ബലാത്സംഗം ചെയ്ത ശേഷം വീഡിയോ പങ്കുവെച്ചു, റഷ്യന്‍ സൈനികന്‍ അറസ്റ്റില്‍

മോസ്‌കോ- പിഞ്ചുകുഞ്ഞിനെ ബലാത്സംഗം ചെയ്ത് വീഡിയോയില്‍ പകര്‍ത്തിയ റഷ്യന്‍ സൈനികന്‍ അറസ്റ്റില്‍. 24 കാരനായ അലക്‌സി ബൈക്കോവാണ് റഷ്യയില്‍ അറസ്റ്റിലായത്. എവിടെ വെച്ചാണ് ഈ വീഡിയോ ചിത്രികരിച്ചതെന്ന് വ്യക്തമല്ലെങ്കിലും സംഭവം ഉക്രൈനില്‍ നടന്നതാണെന്ന് ചില റിപ്പോര്‍ട്ടുകളില്‍ പറയുന്നു. കുട്ടികളെ പീഡിപ്പിക്കുന്ന ദൃശ്യങ്ങള്‍ ഇയാള്‍ സുഹൃത്തുക്കള്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും ഷെയര്‍ ചെയ്യാറുണ്ടെന്ന് പറയുന്നു.
ഉക്രൈനില്‍ റഷ്യന്‍ സൈനികര്‍ സ്ത്രീകളെ പീഡിപ്പിക്കുന്നതു സംബന്ധിച്ച് കൂടുതല്‍ വാര്‍ത്തകള്‍ പുറത്തുവരുന്നുണ്ട്. 14 വയസ്സായ പെണ്‍കുട്ടിയെ അഞ്ച് റഷ്യന്‍ സൈനികര്‍ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയതായി  ഉക്രൈനിലെ മനുഷ്യാവകാശങ്ങള്‍ക്കായുള്ള പാര്‍ലമെന്ററി കമ്മീഷണര്‍ ലുഡ്മില ഡെനിസോവ പറയുന്നു. ആയിരക്കണക്കിനു കുട്ടികളെ റഷ്യന്‍ അതിര്‍ത്തിയിലേക്ക് തട്ടിക്കൊണ്ടുപോയതായും നിരവധി പേരെ പീഡിപ്പിച്ചതുമായാണ് ആരോപണം.
16 വയസ്സായ പെണ്‍കുട്ടിയേയും ഒരു വൃദ്ധയേയും റഷ്യന്‍ സൈനികര്‍ ബലാത്സംഗം ചെയ്ത മറ്റൊരു സംഭവം ഉക്രേനിയന്‍ ഉദ്യോഗസ്ഥന്‍ ഒലക്‌സാണ്ടര്‍ വില്‍കുല്‍ പറയുന്നു.
ഭീതിയിലായ അമ്മയെ കസേരയില്‍ ബന്ധിച്ച ശേഷം അവരുടെ കണ്‍മുന്നില്‍ 11 വയസ്സായ ബാലനെ റഷ്യന്‍ സൈനികര്‍ പ്രകൃതി വിരുദ്ധ പീഡനത്തിനരയാക്കിയതാണ് മറ്റൊരു സംഭവം. ഉക്രൈന്‍ പട്ടണമായ ബുച്ചയില്‍നിന്ന് പിന്‍വാങ്ങുന്നതിനുമുമ്പാണ് റഷ്യന്‍ സൈനികരുടെ ഈ ക്രൂരത.

 

Latest News