മുന്‍ സി.ഐ.ടി.യു പ്രവര്‍ത്തകന്റെ ആത്മഹത്യ: സി.പി.എം നേതാക്കളുടെ മൊഴിയെടുക്കും

തൃശൂര്‍- പീച്ചിയില്‍ മുന്‍ സി.ഐ.ടി.യു തൊഴിലാളി സജി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ആരോപണവിധേയരായ സി.പി.എം നേതാക്കളുടെ മൊഴി രേഖപ്പെടുത്താനൊരുങ്ങി പോലീസ്. സജിയുടെ ആത്മഹത്യകുറിപ്പില്‍ പരാമര്‍ശിക്കപ്പെട്ട സി.പി.എം നേതാക്കളെയാണ് പോലീസ് ചോദ്യം ചെയ്ത് മൊഴി രേഖപ്പെടുത്തുക. സജിയുടെ ആത്മഹത്യക്കുറിപ്പില്‍ സി.പി.എം ബ്രാഞ്ച് സെക്രട്ടറിയുടേയും ലോക്കല്‍ സെക്രട്ടറിയുടേയും പേരുകള്‍ പരാമര്‍ശിച്ചിട്ടുണ്ട്.
സജിക്ക് സി.പി.എം നേതാക്കളുടെ വധഭീഷണിയടക്കമുണ്ടായിരുന്നതായി സജിയുടെ ബന്ധുക്കള്‍ ആരോപിച്ചിരുന്നു. സജിയുടെ സഹോദരനും ബന്ധുക്കളും ഇക്കാര്യം കഴിഞ്ഞ ദിവസം പരസ്യമായി ഉന്നയിച്ചതിനെ തുടര്‍ന്ന് സി.പി.എം പ്രാദേശിക ഘടകത്തിലും ജില്ല ഘടകത്തിലും വിഷയം വിവാദമായിരുന്നു. പോലീസ് സജിയുടെ സഹോദരന്റെയും മറ്റു കുടുംബാംഗങ്ങളുടേയും മൊഴി രേഖപ്പെടുത്തി. ഇവരുടെ മൊഴിയുടെ കൂടി അടിസ്ഥാനത്തിലാണ് സി.പി.എം നേതാക്കളെ ചോദ്യം ചെയ്ത് മൊഴി രേഖപ്പെടുത്താന്‍ പോലീസ് ഒരുങ്ങുന്നത്. ആത്മഹത്യകുറിപ്പ് പോലീസ് പരിശോധിക്കുന്നുണ്ട്.
കത്തില്‍ പരാമര്‍ശിച്ചവര്‍ക്കെതിരെ ആത്മഹത്യ പ്രേരണ കുറ്റത്തിന് കേസെടുക്കണമെന്നാണ് സജിയുടെ സഹോദരന്റെ ആവശ്യം.
മൊഴിയെടുത്ത് കൂടുതല്‍ അന്വേഷണത്തിനു ശേഷമായിരിക്കും ഇവര്‍ക്കെതിരെ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി കേസെടുക്കണോയെന്ന് തീരുമാനിക്കുക.
തിങ്കളാഴ്ചയാണ് സജിയെ വീട്ടിനകത്ത് ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. അവിവാഹിതനായിരുന്ന സജിക്ക് സാമ്പത്തിക ബാധ്യതകളോ മറ്റു വ്യക്തിപരമായ പ്രശ്‌നങ്ങളോ ഉണ്ടായിരുന്നില്ലെന്നാണ് വീട്ടുകാര്‍ തറപ്പിച്ചു പറയുന്നത്. പ്രദേശത്തെ പാലം നിര്‍മാണവുമായി ബന്ധപ്പെട്ട് പാര്‍ട്ടി നടത്തിയ പിരിവില്‍ അഴിമതിയുണ്ടെന്ന് സജി ചൂണ്ടിക്കാട്ടിയിരുന്നതായും ഇക്കാര്യത്തെ ചൊല്ലി പാര്‍ട്ടിക്കുള്ളില്‍ അസ്വാരസ്യമുണ്ടായെന്നും സജിയും മറ്റു ചിലരും സി.ഐ.ടി.യുവില്‍ നിന്നും മാറി നിന്ന് പ്രവര്‍ത്തിച്ചുവരികയായിരുന്നുവെന്നും സജിയുടെ സഹോദരന്‍ പറഞ്ഞു.

 

Latest News