റിയാദ് - സഖ്യസേനയുടെ യുദ്ധ വിമാനത്തിനുനേരെ ഹൂത്തി മിലീഷ്യകൾ മിസൈൽ ആക്രമണം നടത്തിയതായി സഖ്യസേനാ വക്താവ് കേണൽ തുർക്കി അൽമാലികി പറഞ്ഞു. ബുധനാഴ്ച വൈകീട്ട് 3.48 നാണ് ഹൂത്തികളുടെ നിയന്ത്രണത്തിലുള്ള സഅ്ദ എയർപോർട്ടിൽനിന്ന് യുദ്ധ വിമാനത്തിനു നേരെ മിസൈൽ ആക്രമണമുണ്ടായത്. ദൗത്യം പൂർത്തിയാക്കിയും മിസൈൽ ആക്രമണത്തിന്റെ ഉറവിടത്തിനു നേരെ ആക്രമണം നടത്തിയും യുദ്ധ വിമാനം വ്യോമതാവളത്തിൽ സുരക്ഷിതമായി തിരിച്ചെത്തി.
വ്യോമ പ്രതിരോധ മിസൈലാണ് സഖ്യസേനാ വിമാനത്തിനെതിരായ ആക്രമണത്തിന് ഉപയോഗിച്ചത്. ഇത്തരം മിസൈലുകൾ നേരത്തെ യെമൻ സൈന്യത്തിന്റെ പക്കലുണ്ടായിരുന്നില്ല.
അട്ടിമറിയിലൂടെ അധികാരം പിടിച്ചടക്കിയ ഹൂത്തികൾ സൈന്യത്തിന്റെ പക്കലുള്ള ആയുധങ്ങൾ കൈക്കലാക്കിയതോടെ വൻ പ്രഹര ശേഷിയുള്ള ആയുധങ്ങളെല്ലാം സഖ്യസേന തകർത്തിരുന്നു. യു.എൻ പ്രമേയം അടക്കമുള്ള അന്താരാഷ്ട്ര തീരുമാനങ്ങൾ ലംഘിച്ച് ഹൂത്തികൾക്ക് ഇറാൻ നൽകുന്നതിനുള്ള തെളിവാണ് സഖ്യസേനാ യുദ്ധ വിമാനത്തിനു നേരെയുണ്ടായ ആക്രമണം. വ്യോമ പ്രതിരോധ മിസൈലുകൾ ഭീകര സംഘടനകളുടെ പക്കലുള്ളത് വ്യോമ ഗതാഗതത്തിനും റിലീഫ് വസ്തുക്കൾ വഹിച്ച് പോകുന്ന വിമാനങ്ങൾക്കും ഗുരുതരമായ ഭീഷണിയാണെന്നും സഖ്യസേനാ വക്താവ് പറഞ്ഞു.
സഖ്യസേനാ യുദ്ധ വിമാനം വീഴ്ത്തിയതായി ഹൂത്തി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. അതേസമയം, വിമാനം സുരക്ഷിതമായി വ്യോമത്താവളത്തിൽ തിരിച്ചെത്തിയിട്ടുണ്ട്. യുദ്ധ വിമാനത്തിനു നേരെ ആക്രമണം നടത്തുന്നതിന് ഉപയോഗിച്ച മിസൈൽ ഇറാനിൽനിന്ന് കടത്തിയതാണ്. ഹൂത്തികൾക്ക് ഇറാൻ ആയുധം നൽകുന്നത് മേഖലക്കും ലോകത്തിനും ഭീഷണിയാണെന്നും കേണൽ തുർക്കി അൽമാലികി പറഞ്ഞു.