പഞ്ചാബില്‍ ആരാണ് മുഖ്യമന്ത്രി, മാനോ കെജ്‌രിവാളോ... വിവാദം

ന്യൂദല്‍ഹി- പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത്മാന്റെ അസാന്നിധ്യത്തില്‍ ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ ഐ.എ.എസ് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചതിനെ പ്രതിപക്ഷം ചോദ്യം ചെയ്തു. തിങ്കളാഴ്ചയാണ് പഞ്ചാബ് സ്റ്റേറ്റ് പവര്‍ കോര്‍പ്പറേഷനിലെ ഉദ്യോഗസ്ഥരുടെ യോഗം കെജ്‌രിവാള്‍ വിളിച്ചുകൂട്ടിയത്. ചീഫ് സെക്രട്ടറി, സെക്രട്ടറി, പവര്‍ സെക്രട്ടറി എന്നിവരും യോഗത്തില്‍ പങ്കെടുത്തു.

പഞ്ചാബില്‍ ആം ആദ്മി പാര്‍ട്ടിയുടെ റിമോട്ട് കോണ്‍ട്രോള്‍ ഭരണമാണ് നടക്കുന്നതെന്നും ഇത് സ്വയംഭരണാവകാശത്തിന്റെ ലംഘനമാണെന്നും പ്രതിപക്ഷം ആരോപിച്ചു. വിഷയത്തില്‍ കെജ്‌രിവാളും മുഖ്യമന്ത്രി ഭഗവന്ത്മാനും മറുപടി പറയണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവ് നവജ്യോത് സിദ്ദു രംഗത്തെത്തി.

ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചതിലൂടെ മുഖ്യമന്ത്രി ഭഗവന്ത്മാന്‍ വെറും റബ്ബര്‍ സ്റ്റാമ്പാണെന്ന് തെളിയിച്ചിരിക്കുകയാണ്. കെജ്‌രിവാള്‍ പഞ്ചാബിന്റെ നിയന്ത്രണം ഏറ്റെടുത്തിരിക്കുകയാണെന്നും ഇത് മുന്നേ പ്രതീക്ഷച്ചതാണെന്നും പഞ്ചാബ് മുന്‍ മുഖ്യമന്ത്രി അമരീന്ദര്‍ സിങ്ങും പ്രതികരിച്ചു. സംഭവത്തില്‍ കെജ്‌രിവാള്‍ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

 

Latest News