അഞ്ചുവയസ്സുകാരനെ തട്ടിക്കൊണ്ടുപോയ കേസില്‍ ജീവപര്യന്തം ശരിവെച്ചു, മുഖ്യപ്രതിയുടെ അമ്മയെ വെറുതെവിട്ടു

മുംബൈ- പൂനെയില്‍ 2010 ല്‍ അഞ്ചുവയസ്സുകാരനെ തട്ടിക്കൊണ്ടുപോയ കേസില്‍ രണ്ടുപേരുടെ ജീവപര്യന്തം ശിക്ഷ ബോംബെ ഹൈക്കോടതി ശരിവെച്ചു. എന്നാല്‍ കുട്ടിയെ മോചിപ്പിക്കുന്നതിനായി നല്‍കിയ പണം വീട്ടില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന്  കേസില്‍ ഉള്‍പ്പെടുത്തിയ മുഖ്യപ്രതിയുടെ  സഹോദരനെയും അമ്മയെയും കോടതി വെറുതെ വിട്ടു.
പ്രതികളായ സന്ദീപ് കാംബ്ലെ, സുഹൃത്ത് നിതിന്‍ സമുദ്ര എന്നിവര്‍ നല്‍കിയ അപ്പീലാണ് ഹൈക്കോടതി തള്ളിയത്. സന്ദീപിന്റെ സഹോദരന്‍ ഭരത് കാംബ്ലെ, അമ്മ വിമല്‍ കാംബ്ലെ എന്നിവരെ കുറ്റവിമുക്തരാക്കി.
സന്ദീപും നിതിനും ചേര്‍ന്ന് 2010 ഏപ്രില്‍ ഒമ്പതിന് രാവിലെ ടാറ്റ ഇന്‍ഡിക്ക കാറില്‍ ചിഞ്ച്‌വാഡില്‍ നിന്ന് അഞ്ച് വയസ്സായ കുട്ടിയെ തട്ടിക്കൊണ്ടുപോയ ശേഷം അമ്മയെ വിളിച്ച് 15 ലക്ഷം രൂപ മോചനദ്രവ്യമായി ആവശ്യപ്പെട്ടുവെന്നാണ് അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ഗീത മുലേക്കര്‍ വാദിച്ചത്.  
ആറ് ലക്ഷം രൂപ ഏര്‍പ്പാടാക്കിയ അമ്മയോട് ലോക്കല്‍ ട്രെയിനില്‍ കയറി പണമടങ്ങിയ ബാഗ് പ്രത്യേക സ്ഥലത്ത് എറിയാന്‍ ആവശ്യപ്പെുടകയായിരുന്നു. ഇതിനിടെ അമ്മ പോലീസില്‍ വിവരമറിയിച്ചതിനാല്‍ അന്വേഷണസംഘം ബാഗിനുള്ളില്‍ ട്രാക്കിംഗ് ഉപകരണം വെച്ചിരുന്നു.
പണമടങ്ങിയ ബാഗ് സന്ദീപിന്റെ വീട്ടിലെത്തിയതായി കണ്ടെത്തിയ പോലീസ് ബാഗില്‍ അടയാളപ്പെടുത്തിയ നോട്ടുകള്‍ കണ്ടെത്തുകയും ചെയ്തു.
ഏപ്രില്‍ 12ന് രാത്രി  കുട്ടിയെ വീട്ടില്‍ തിരികെ എത്തിച്ചു. വിചാരണ വേളയില്‍ പ്രോസിക്യൂഷന്‍ 28 സാക്ഷികളെ വിസ്തരിച്ചിരുന്നു.  2012 ഡിസംബര്‍ 27ന് പൂനെയിലെ സെഷന്‍സ് കോടതിയാണ് ജീവപര്യന്തം തടവ് വിധിച്ചത്. തുടര്‍ന്ന് പ്രതികള്‍ ബോംബെ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി.
കുട്ടി പ്രതികളെ കോടതിയില്‍ തിരിച്ചറിഞ്ഞില്ലെന്ന പ്രതികളുടെ വാദം കോടതി തള്ളി. പോലീസ് നടത്തിയ തിരിച്ചറിയല്‍ പരേഡില്‍ സന്ദീപിനെയും നിതിനേയും കുട്ടി തിരിച്ചറിഞ്ഞിരുന്നു.
സംഭവം മതിയായ തെളിവാണെന്നും പ്രതികള്‍ക്ക് കുറ്റകൃത്യത്തില്‍ പങ്കുണ്ടോ എന്നതാണ് ചോദ്യമെന്നും തെളിവെടുപ്പിനിടെ ജസ്റ്റിസുമാരായ എസ് എസ് ഷിന്‍ഡെ, എസ്.വി കോട് വാള്‍  എന്നിവരുടെ ബെഞ്ച് പറഞ്ഞു. കുട്ടിയുടെ അമ്മയെ വിളിക്കാന്‍ ഉപയോഗിച്ച ഫോണിന്റെ കോള്‍ ഡാറ്റ റെക്കോര്‍ഡ് തന്നെ സന്ദീപിനെതിരെ കുറ്റകരമായ തെളിവാണെന്ന് കോടതി നിരീക്ഷിച്ചു.  രണ്ട് സുഹൃത്തുക്കള്‍ ചേര്‍ന്ന് കുട്ടിയെ ഒരു രാത്രി തന്റെ വീട്ടിലേക്ക് കൊണ്ടുവന്നതായും അവര്‍ അടുത്ത ദിവസം വീട് വിട്ടുപോയതായും നിതിന്റെ ഒരു ബന്ധു മൊഴി നല്‍കിയിരുന്നു.  
സന്ദീപാണ് മോചനദ്രവ്യം കൈക്കലാക്കിയതെന്നും ഇയാളാണ് പ്രധാന കുറ്റവാളിയെന്നും കോടതി പറഞ്ഞു.

 

Latest News