ന്യൂദല്‍ഹി - തട്ടിപ്പു കേസില്‍ അറസ്റ്റിലായി തിഹാര്‍ ജയിലില്‍ ശിക്ഷയനുഭവിക്കുന്ന നടി ലീന മരിയാ പോള്‍ ജാമും ജെല്ലിയും ഉണ്ടാക്കാന്‍ പഠിക്കുന്നു. സ്ത്രീകള്‍ക്കുള്ള നൈപുണ്യ പരിശീലന പരിപാടിയുടെ ഭാഗമായാണ് ലീന പരിശീലനം നേടുന്നത്. ജാമും ജെല്ലിയും ഉണ്ടാക്കാന്‍ പഠിക്കുന്നതിന് പുറമെ, സംഗീതം, നൃത്തം, യോഗ, അച്ചാര്‍ നിര്‍മാണം, നെയില്‍ ആര്‍ട്ട്, മേക്കപ്പ് എന്നിങ്ങനെയുള്ള പരിശീലന പരിപാടികളിലും ലീന പങ്കെടുക്കുന്നുണ്ട്.
ശാസ്ത്രീയ നൃത്തം പഠിച്ചിട്ടുള്ള ലീന ജയിലില്‍ നടക്കാറുള്ള സാംസ്‌കാരിക പരിപാടികളില്‍ സജീവമായി പങ്കെടുക്കാറുണ്ടെന്നും ജയിലിലെ സഹതടവുകാരുമായി സൗഹൃദാന്തരീക്ഷം നിലനിര്‍ത്താന്‍ ശ്രമിക്കാറുണ്ടെന്നും ജയില്‍ അധികൃതര്‍ പറഞ്ഞു. ഇക്കഴിഞ്ഞ അന്താരാഷ്ട്ര വനിതാദിനത്തില്‍ മറ്റ് അന്തേവാസികള്‍ക്കൊപ്പം അവര്‍ സംഘനൃത്തം അവതരിപ്പിച്ചതായും അധികൃതര്‍ പറഞ്ഞു.
'ജയിലിലടക്കപ്പെട്ട കാലം മുതല്‍, മറ്റ് വനിതാ തടവുകാരെപ്പോലെ തന്നെ ലീന പോസിറ്റീവായി തുടരാനും അവര്‍ക്ക് താത്പര്യമുള്ള പുതിയ കാര്യങ്ങള്‍ പഠിക്കാന്‍ സമയം വിനിയോഗിക്കാനും ശ്രമിക്കുന്നു. ആഴ്ചയില്‍ രണ്ടു തവണ നടത്തുന്ന ജാം, ജെല്ലി നിര്‍മ്മാണ ക്ലാസുകളില്‍ അതീവ താല്‍പര്യത്തോടും അര്‍പ്പണബോധത്തോടും കൂടിയാണ് ലീന പങ്കെടുക്കുന്നത്.'- ജയിലിലെ ഉദ്യോഗസ്ഥന്‍ പറഞ്ഞു.
പേരയ്ക്ക സ്‌ക്വാഷും തക്കാളി ജാമും കസ്റ്റാഡും ഉണ്ടാക്കാന്‍ ലീന പഠിച്ചതായും ഉദ്യോഗസ്ഥന്‍ പറഞ്ഞു.