തൊടുപുഴ- പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത സംഭവത്തില്‍ കുട്ടിയുടെ അമ്മ്ക്കും മുത്തശ്ശിക്കും എതിരേ കേസെടുക്കാന്‍ ശിശുക്ഷേമ സമിതിയുടെ നിര്‍ദേശം. അമ്മയുടെയും മുത്തശ്ശിയുടെയും ഒത്താശയോടെയാണ് പെണ്‍കുട്ടിയെ നിരവധിപേര്‍ പീഡനത്തിനിരയാക്കിയതെന്ന് കണ്ടെത്തിയതിന് പിന്നാലെയാണ് ഇരുവര്‍ക്കുമെതിരേ കേസെടുക്കാന്‍ പോലീസിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. ബലാത്സംഗം ചെയ്തവരുടെ പേരുകള്‍ വെളിപ്പെടുത്താതിരിക്കാന്‍ ഇവര്‍ പെണ്‍കുട്ടിയെ സ്വാധീനിക്കാന്‍ ശ്രമിച്ചെന്നും ശിശുക്ഷേമ സമിതി കണ്ടെത്തിയിട്ടുണ്ട്.
17 വയസ്സുള്ള പെണ്‍കുട്ടിയെ 2020 അവസാനം മുതല്‍ ഒട്ടേറെപേര്‍ ബലാത്സംഗം ചെയ്തെന്നാണ് പോലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുള്ളത്. സംഭവത്തില്‍ ഇടനിലക്കാരനടക്കം ആറുപേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇടനിലക്കാരന്‍ കുമാരംമംഗലം മംഗലത്തുവീട്ടില്‍ രഘു (ബേബി-51), കോട്ടയം രാമപുരം കുറിഞ്ഞി മണിയാടുംപാറ സ്വദേശി കൊട്ടൂര്‍ തങ്കച്ചന്‍ (56), ഇടവെട്ടി വലിയജാരം പോക്കളത്ത് ബിനു (43), പടിഞ്ഞാറേ കോടിക്കുളം പാറപ്പുഴ പിണക്കാട്ട് തോമസ് ചാക്കോ (27), കെ.എസ്.ഇ.ബി. ജീവനക്കാരന്‍ കല്ലൂര്‍ക്കാട് വെള്ളാരംകല്ല് വാളമ്പിള്ളില്‍ സജീവ് (55), മലപ്പുറം പെരുന്തല്‍മണ്ണ മാളിയേക്കല്‍ ജോണ്‍സണ്‍ (50) എന്നിവരെയാണ് തൊടുപുഴ പോലീസ് അറസ്റ്റ് ചെയ്തത്.
എട്ടുപേര്‍ക്കെതിരേയാണ് നിലവില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ബന്ധുവടക്കം 15-ഓളം പേര്‍ പീഡിപ്പിച്ചതായാണ് പെണ്‍കുട്ടിയുടെ മൊഴി. ഇതനുസരിച്ച് കൂടുതല്‍ പ്രതികള്‍ക്കായുള്ള പോലീസിന്റെ അന്വേഷണം തുടരുകയാണ്.