ജിദ്ദ - നഗരത്തിലെ ചേരിവികസന പദ്ധതിയുടെ ഭാഗമായി പൊളിച്ചുനീക്കിയ കെട്ടിടങ്ങളിലെ താമസക്കാരായിരുന്ന 100 കുടുംബങ്ങൾക്കു കൂടി സ്വന്തം വീടുകൾ കൈമാറി. ഡെപ്യൂട്ടി മുനിസിപ്പൽ, ഗ്രാമ, പാർപ്പിടകാര്യ മന്ത്രി എൻജിനീയർ അബ്ദുല്ല അൽബുദൈറിന്റെ സാന്നിധ്യത്തിൽ തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവിന്റെ ഉപദേഷ്ടാവും മക്ക ഗവർണറുമായ ഖാലിദ് അൽഫൈസൽ രാജകുമാരൻ ആണ് കുടുംബങ്ങൾക്ക് വീടുകളുടെ താക്കോലുകളും പ്രമാണങ്ങളും കൈമാറിയത്. കുടിയൊഴിപ്പിക്കപ്പെട്ട കുടുംബങ്ങൾക്ക് കൈമാറുന്ന രണ്ടാം ഗഢു പാർപ്പിടങ്ങളാണിവ.
വികസന പദ്ധതിക്കു വേണ്ടി പൊളിച്ചുനീക്കിയ വീടുകളിലെ താമസക്കാർക്ക് 2,166 പാർപ്പിടങ്ങൾ കൂടി ലഭ്യമാക്കുന്നതിനുള്ള സഹകരണ കരാർ ചടങ്ങിൽ വെച്ച് ഒപ്പുവെച്ചു. നാഷണൽ ഹൗസിംഗ് കമ്പനിയുമായുള്ള പങ്കാളിത്തത്തിലൂടെയാണ് ഇത്രയും പാർപ്പിടങ്ങൾ ലഭ്യമാക്കുന്നത്. മുനിസിപ്പൽ, ഗ്രാമ, പാർപ്പിടകാര്യ മന്ത്രാലയ അണ്ടർ സെക്രട്ടറി അബ്ദുറഹ്മാൻ അൽത്വവീലും നാഷണൽ ഹൗസിംഗ് കമ്പനി പ്രതിനിധി എൻജിനീയർ അബ്ദുല്ല അൽറുവൈദാനുമാണ് കരാറിൽ ഒപ്പുവെച്ചത്. അടുത്ത വർഷാവസാനത്തോടെ 4,781 കുടുംബങ്ങൾക്ക് പാർപ്പിടങ്ങൾ കൈമാറാൻ ശ്രമങ്ങൾ തുടരുകയാണ്.
ജിദ്ദ നഗരസഭക്കു കീഴിലെ എട്ടു ശാഖാ ബലദിയ പരിധികളിൽ പെട്ട 21 ഡിസ്ട്രിക്ടുകളിൽ വികസന പദ്ധതികളും ഏഴു ശാഖാ ബലദിയ പരിധികളിൽ പെട്ട 22 ഡിസ്ട്രിക്ടുകളിൽ കെട്ടിടങ്ങൾ പൊളിച്ചുനീക്കി വികസന പദ്ധതികളും നടപ്പാക്കാനാണ് തീരുമാനം. ഉമ്മുസ്സലം ബലദിയ പരിധിയിൽ അൽഫാവു, അൽമഹാമീദ്, അൽഹറാസാത്ത്, അൽജുനൂബ് ബലദിയ പരിധിയിൽ അൽഫദീല, അൽഅജാവീദ്, അബൂജആല, അൽബറക, അൽമലീസാ ബലദിയ പരിധിയിൽ അൽഖുംറ അൽസുറൂർ, അൽഖോസൈൻ, അൽഖുറം അൽഖുറൈനിയ, അൽഖുംറ അൽസആലിബ, ബുറൈമാൻ ബലദിയ പരിധിയിൽ ഉമ്മു ഹബ്ലൈൻ, ബുറൈമാൻ, അൽഅജ്വാദ് അൽശഅബി, അബ്റുഖ് അൽരിഗാമ ബലദിയ പരിധിയിൽ ഉമ്മുദുർ, മിരീഖ്, ഖോസ്, ദഹ്ബാൻ ബലദിയ പരിധിയിൽ ദഹ്ബാൻ, തൈ്വബ ബലദിയ പരിധിയിൽ അൽവലീദ് വൽബദ്ർ, ഉമ്മുൽഹമാം, തുവൽ ബലദിയ പരിധിയിൽ തുവൽ എന്നീ ഡിസ്ട്രിക്ടുകളിൽ വികസന പദ്ധതികൾ നടപ്പാക്കും. ഇവിടങ്ങളിൽ കെട്ടിടങ്ങൾ കൂട്ടത്തോടെ പൊളിച്ചുനീക്കില്ല.






