ഭർതൃമാതാവിന്റെ പീഡനം; കൊല്ലത്ത് യുവതി ജീവനൊടുക്കി

കൊല്ലം- കിഴക്കേകല്ലടയിൽ ഭർതൃമാതാവിന്റെ മാനസികപീഡനത്തെ തുടർന്ന് യുവതി ജീവനൊടുക്കി. ഏഴുകോൺ സ്വദേശി സുവ്യ(34)യാണ് മരിച്ചത്. ഭർതൃവീട്ടിലെ പീഡനത്തെക്കുറിച്ച് സുവ്യ വിവരിക്കുന്ന ശബ്ദസന്ദേശവും പുറത്തുവന്നു.
ഭർതൃമാതാവായ വിജയമ്മയുടെ നിരന്തരമായ മാനസികപീഡനമാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് ശബ്ദസന്ദേശത്തിൽ പറയുന്നത്. തനിക്ക് എന്ത് സംഭവിച്ചാലും അതിന് കാരണക്കാരി ഭർതൃമാതാവ് വിജയമ്മയാണെന്നും ആറുവയസ്സുള്ള കുഞ്ഞിനെ ഭർത്താവിന്റെ വീട്ടിൽ നിർത്തരുതെന്നുമാണ് ശബ്ദ സന്ദേശത്തിലുള്ളത്. ഭർത്താവും ഭർതൃമാതാവും സുവ്യയെ മർദിക്കാറുണ്ടെന്ന് സഹോദരൻ വിഷ്ണുവും ആരോപിക്കുന്നു. എം.സി.എ. ബിരുദധാരിയായ സുവ്യ 2014-ലാണ് വിവാഹിതയായത്. ഏതാനും പി.എസ്.സി. റാങ്ക് ലിസ്റ്റുകളിലും ഇടം നേടിയിരുന്നു. എന്നാൽ തൊഴിലുറപ്പിനോ മറ്റോ പോയി പണം കൊണ്ടുവരണമെന്നും വെറുതെ വീട്ടിലിരിക്കരുതെന്നും പറഞ്ഞ് ഭർതൃമാതാവ് പീഡിപ്പിച്ചിരുന്നതായാണ് ആരോപണം. പീഡനം സഹിക്കവയ്യാതെ കുറച്ചുനാളുകൾക്ക് മുമ്പ് സുവ്യ സ്വന്തം വീട്ടിലേക്ക് വന്നിരുന്നു. എന്നാൽ പിന്നീട് ഭർത്താവ് വീട്ടിലെത്തി പ്രശ്നം പരിഹരിച്ച് സുവ്യയെ തിരികെ കൊണ്ടുപോയി.

കഴിഞ്ഞ എട്ടിന് ക്ഷേത്രത്തിലെ ഉത്സവുമായി ബന്ധപ്പെട്ട് സുവ്യ വീണ്ടും വീട്ടിലെത്തി. ഉത്സവം കഴിഞ്ഞ് ഒമ്പതാം തീയതി അല്പം വൈകിയാണ് ഭർതൃവീട്ടിലേക്ക് മടങ്ങിയത്. മടങ്ങിപ്പോകാൻ വൈകിയതിനാൽ ഭർതൃമാതാവ് അസഭ്യം പറയുമെന്ന് പറഞ്ഞാണ് സുവ്യ അന്ന് പോയത്. ഇതിനുപിന്നാലെയാണ് യുവതിയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്.
 

Latest News