ഇടുക്കി - കാന്തല്ലൂര്‍ വെട്ടുകാട് കാട്ടാനക്കൂട്ടം നെല്‍കൃഷി നശിപ്പിച്ചു. ഒറ്റരാത്രി കൊണ്ട് വെട്ടുകാട്ടില്‍ ഷില്‍ജുവിന്റെ ഒരു ഏക്കറിലെ നെല്‍കൃഷിയാണ് കാട്ടാനക്കൂട്ടം നടന്നും തിന്നും നശിപ്പിച്ചിരിക്കുന്നത്. സമീപത്തെ കാരറ്റ് കൃഷിയും നശിപ്പിച്ചിട്ടുണ്ട്. ആപ്പിള്‍, സ്‌ട്രോബറി, കാരറ്റ് കാബേജ്, ബീന്‍സ്, വെളുത്തുള്ളി, മുന്തിരി കൃഷികള്‍ സീസണ്‍ അനുസരിച്ച് കൃഷി ചെയ്തുവരുന്നു. തരിശുഭൂമിയായി കിടന്ന സ്ഥലത്ത് മൂന്നുമാസം മുമ്പാണ് നെല്‍കൃഷി ചെയ്തത്. ഇപ്പോള്‍ നെല്‍കൃഷി വിളവ് എത്തുന്ന പാകമായിരിക്കേയാണ് കഴിഞ്ഞ ദിവസം ഒറ്റരാത്രികൊണ്ട് പാടത്ത് പകുതിയോളം നെല്ലുകള്‍ കാട്ടാനക്കൂട്ടം ചവിട്ടിയും തിന്നും നശിപ്പിച്ചിരിക്കുന്നത്.
നെല്‍പ്പാടത്ത് കാട്ടാനകള്‍ ഇറങ്ങിയത് അറിഞ്ഞ കുടുംബാംഗങ്ങള്‍ ഓടിക്കാന്‍ ശ്രമിച്ചെങ്കിലും കാട്ടാന തിരികെ വന്ന് ഓടിച്ചതിനാല്‍ രാത്രി മുഴുവനും ഭയന്ന് വിറച്ചാണ് വീടിനുള്ളില്‍ കഴിഞ്ഞത്. അധ്വാനഫലം വന്യ ജീവികള്‍ നശിപ്പിച്ചു കളയുന്നതിനാല്‍ ഇനി കൃഷിക്ക് ഇല്ല എന്നാണ് ഷില്‍ജു പറയുന്നത്. കാന്തല്ലൂര്‍ പഞ്ചായത്ത് പ്രസിഡന്റ് പി.ടി മോഹന്‍ദാസ് സ്ഥലം സന്ദര്‍ശിച്ചു. കാന്തല്ലൂര്‍ സെക്ഷന്‍ ഫോറസ്റ്റ് ഓഫിസര്‍ രാജീവിന്റെ നേതൃത്വത്തിലുള്ള വനപാലക സംഘം എത്തി വിവരങ്ങള്‍ ശേഖരിച്ചു.






