കൊച്ചി- പ്രതിഷേധങ്ങള്‍ തുടരുന്നതിനിടെ കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരി സഭ ആസ്ഥാന ദേവാലയത്തില്‍ ഓശാന ഞായറില്‍ എകീകൃത കുര്‍ബാനയര്‍പ്പിച്ചു. പ്രതിഷേധം കണക്കിലെടുത്ത് എറണാകുളം സെന്‍ മേരീസ് ബസിലിക്കയില്‍ കനത്ത സുരക്ഷയിലായിരുന്നു പ്രാര്‍ഥനകള്‍. പോലീസ് സുരക്ഷയില്‍ പള്ളിയിലെത്തിയ കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരി സെന്റ് മേരീസ് ബസിലിക്കയില്‍ ഏകീകൃത കുര്‍ബാന അര്‍പ്പിച്ചു. എന്നാല്‍ ആര്‍ച്ച് ബിഷപ്പ് ആന്റണി കരിയില്‍ ചടങ്ങില്‍നിന്ന് വിട്ടുനിന്നു.
നീണ്ട ഇടവേളക്ക് ശേഷം സഭയുടെ ആസ്ഥാന ദേവാലയത്തിലേക്ക് എത്തിയ കര്‍ദിനാളിനെ കയ്യടികളോടെയാണ് വിശ്വാസികള്‍ എതിരേറ്റത്. കുര്‍ബാനയുടെ പരിഷ്‌കരിച്ച രീതിയെ എതിര്‍ക്കുന്ന ഒരു വിഭാഗം വൈദികരുടെയും വിശ്വാസികളുടെയും പ്രതിഷേധംമൂലം സീറോ മലബാര്‍ സഭയുടെ അദ്ധ്യക്ഷന്‍ കൂടിയായ ആലഞ്ചേരിക്ക് ഇവിടേക്ക് എത്താന്‍ കഴിഞ്ഞിരുന്നില്ല. പള്ളിക്കകത്ത് മഫ്തിയിലും പള്ളിക്ക് പുറത്ത് യൂണിഫോമിലുമായി ഒട്ടനവധി പോലീസുകാരെയാണ് നിയോഗിച്ചിരുന്നത്. എന്നാല്‍ പ്രതിഷേധങ്ങള്‍ ഒന്നും ഒന്നുമുണ്ടായില്ല.
കുര്‍ബാന ഏകീകരണത്തിന്റെ പ്രാധാന്യം തന്റെ പ്രസംഗത്തില്‍ കര്‍ദിനാള്‍ വിശദീകരിച്ചു. സിനഡ് അംഗീകരിച്ച കുര്‍ബാനക്രമം ആണ്. ഇത് നടപ്പാക്കണമെന്ന് വത്തിക്കാന്‍ നിര്‍ദ്ദേശവും നല്‍കിയിട്ടുണ്ട്. ഫ്രാന്‍സിസ് മാര്‍പാപ്പ അതിരൂപതയെ അഭിസംബോധന ചെയ്ത് പ്രത്യേകം കത്തയയ്ക്കുകയും ചെയ്തു. അതുകൊണ്ടുതന്നെ ഇത് നടപ്പാക്കാനുള്ള ബാധ്യത എല്ലാ വിശ്വാസികള്‍ക്കും ഉണ്ട്. കര്‍ദിനാള്‍ വിശദീകരിച്ചു. സിനഡ് തീരുമാനങ്ങള്‍ വ്യക്തമാക്കുന്ന സര്‍ക്കുലറും കുര്‍ബാന മധ്യേ വായിച്ചു.
പ്രതിഷേധങ്ങളൊന്നും കുര്‍ബാനയ്ക്കിടെ ഉണ്ടായില്ല. എന്നാല്‍ എറണാകുളം- അങ്കമാലി അതിരൂപതയിലെ മറ്റു പള്ളികളില്‍ കുര്‍ബാന ഏകീകരണം പൂര്‍ണമായും നടപ്പാക്കാന്‍ സാധിച്ചിട്ടില്ല. പള്ളികളില്‍ വായിക്കേണ്ട സര്‍ക്കുലറും വിമത വിഭാഗം ബഹിഷ്‌കരിച്ചു. ആര്‍ച്ച് ബിഷപ്പ് ആന്റണി കരിയിലും ചടങ്ങില്‍ നിന്ന് വിട്ടുനിന്നു.






