കണ്ണൂര്‍- സി.പി.എം പോളിറ്റ് ബ്യൂറോയിലേക്കും കേന്ദ്ര കമ്മിറ്റിയിലേക്കും നാമനിര്‍ദേശം ചെയ്യപ്പെടേണ്ടവരുടെ പേരുകളില്‍ അവസാനവട്ട ചര്‍ച്ചകള്‍ പുരോഗമിക്കുന്നു. എല്‍.ഡി.എഫ് കണ്‍വീനര്‍ എ. വിജയരാഘവന് കേരളത്തില്‍നിന്ന് പുതുതായി പി.ബിയിലെത്തുമെന്ന് ഉറപ്പായിട്ടുണ്ട്. കേരളത്തില്‍നിന്ന് എ.കെ. ബാലനേയോ കെ. രാധാകൃഷ്ണനേയോ പി.ബിയിലേക്കെത്തിക്കുമെന്നാണ് കരുതിയിരുന്നത്.
പാര്‍ട്ടി ജനറല്‍ സെക്രട്ടറിയായി സീതാറം യെച്ചൂരി തന്നെ തുടരും. കേന്ദ്ര കമ്മിറ്റിയില്‍ കേരളത്തിലെ മൂന്ന് അംഗങ്ങളുടെ ഒഴിവിലേക്ക് നാലുപേര്‍ക്ക് അവസരം കിട്ടിയേക്കും. സംസ്ഥാന മന്ത്രിസഭയിലെ അംഗങ്ങളായ കെ.എന്‍. ബാലഗോപാലിന്റേയും പി. രാജീവിന്റേയും പേരുകളില്‍ തീരുമാനമായിട്ടുണ്ട്.
വനിതാ കമ്മീഷന് അധ്യക്ഷയായ പി. സതീദേവിയും സി.എസ്. സുജാതയും വനിതാ പ്രാതിനിധ്യമായി കേന്ദ്ര കമ്മിറ്റിയില്‍ എത്തിയേക്കും.
പാര്‍ട്ടിയുടെ ചരിത്രത്തിലെ ആദ്യ ദളിത് പ്രാതിനിധ്യമായി പശ്ചിമ ബംഗാളില്‍ നിന്നുള്ള രാം ചന്ദ്ര ഡോമായിരിക്കും പി.ബിയിലെന്നും സൂചനയുണ്ട്. അശോക് ധാവ്ലയും സൂര്യകാന്ത് മിശ്രയും പി.ബിയില്‍ തുടരും.
പാര്‍ട്ടി കോണ്‍ഗ്രസില്‍ അവതരിപ്പിച്ച രാഷ്ട്രീയ പ്രമേയത്തിന്മേല് നടന്ന ചര്‍ച്ചകള്‍ക്ക് പ്രകാശ് കാരാട്ട് മറുപടി നല്കിയ ശേഷമായിരിക്കും പുതിയ പി.ബി, കേന്ദ്ര കമ്മിറ്റി അംഗങ്ങളെ തെരഞ്ഞെടുക്കുന്നത്.






