Sorry, you need to enable JavaScript to visit this website.

മകളെയടക്കം പീഡിപ്പിച്ച മലയാളി കുറ്റവാളി അരവിന്ദന്‍ ബാലകൃഷ്ണൻ ലണ്ടൻ ജയിലിൽ മരിച്ചു

ലണ്ടൻ- മകളെയടക്കം നിരവധി സ്ത്രീകളെ അടിമകളാക്കി വർഷങ്ങളോളം ക്രൂരമായി പീഡിപ്പിച്ച കുറ്റവാളിയായ മലയാളി അരവിന്ദൻ ബാലകൃഷ്ണൻ (81) മരിച്ചു. ലണ്ടനിലെ ജയിലിൽ ആയിരുന്നു അന്ത്യം. മാവോയിസ്റ്റ് നേതാവായിരുന്ന ഇയാൾ 'കോമ്രേഡ് ബാല' എന്നാണു അറിയപ്പെട്ടിരുന്നത്. ഇയാൾക്കെതിരായ നിരവധി കുറ്റങ്ങൾ തെളിഞ്ഞതിനെ തുടർന്ന് 2016ൽ ബ്രിട്ടിഷ് കോടതി 23 വർഷം തടവുശിക്ഷയ്ക്കു വിധിച്ചു. ഡാർട്ട്മുർ ജയിലിലായിരുന്നു അന്ത്യം. കേരളത്തിൽ ജനിച്ച അരവിന്ദൻ, പിതാവിനോടൊപ്പം സിംഗപ്പൂരിലേക്ക് പോകുകയായിരുന്നു. 1963ൽ ബ്രിട്ടനിലേക്ക് കുടിയേറി. റവല്യൂഷനറി സോഷ്യലിസ്റ്റ് ആണെന്ന് അവകാശപ്പെട്ട് ഇയാൾ യു.കെ രാഷ്ട്രീയത്തിൽ സജീവമായി. 

ഇതോടൊപ്പം അടിമകളായ അനുയായികളെ പീഡിപ്പിക്കുന്നതും വർധിച്ചു. തന്നെ ധിക്കരിച്ചാൽ കടുത്ത ശിക്ഷ കിട്ടുമെന്നു ധരിപ്പിച്ചാണു സ്ത്രീകളും കുട്ടികളുമടക്കമുള്ള നിരവധിപ്പേരെ ഇയാൾ അടിമകളാക്കി പീഡിപ്പിച്ചത്. 2013ൽ തടവിൽനിന്നു രക്ഷപ്പെട്ട മകൾ കാത്തി മോർഗൻഡേവിസ് ആണ് അരവിന്ദന്റെ കൊടുംക്രൂരതകൾ പുറംലോകത്തോടു വെളിപ്പെടുത്തിയത്.

സൗത്ത് ലണ്ടനിലെ വീട്ടിൽ മൂന്നു പതിറ്റാണ്ടോളം ഇയാൾ വനിതാ അനുയായികളെ തടവിലിടുകയും പീഡിപ്പിക്കുകയും ചെയ്തു. മകളെ 30 വർഷത്തോളം തടവിലാക്കി പീഡിപ്പിച്ചു. ബലാത്സംഗം, സ്ത്രീകളെ ആക്രമിക്കൽ, അന്യായമായി തടവിലാക്കൽ, ബാലപീഡനം തുടങ്ങി 16 കുറ്റങ്ങളാണ് ഇയാൾക്കെതിരെ ചുമത്തിയത്. ജാക്കി എന്ന റോബട്ട് വഴി എല്ലാവരുടെയും മനസ്സ് വായിക്കാൻ കഴിയുമെന്നാണ് ഇയാൾ പലരെയും ഭീഷണിപ്പെടുത്തിയിരുന്നത്.
 

Latest News