Sorry, you need to enable JavaScript to visit this website.

റോജർ മില്ല രണ്ടാം ജന്മം

മുപ്പത്തെട്ടാം വയസ്സിൽ വിശ്രമ ജീവിതത്തിൽനിന്ന് തിരിച്ചുവിളിച്ച് 1990 ലെ ലോകകപ്പിന് റോജർ മില്ലയെ കൊണ്ടുവന്നപ്പോൾ കാമറൂണിന് വലിയ മോഹങ്ങളൊന്നുമില്ലായിരുന്നു. എന്നാൽ അഞ്ചു മത്സരങ്ങൾക്കും നാലു ഗോളുകൾക്കും നിരവധി സാംബ നൃത്തങ്ങൾക്കുമൊടുവിൽ ആഫ്രിക്കയിലെ ഏറ്റവും പ്രശസ്തനായ കളിക്കാരനായാണ് മില്ല ലോകകപ്പ് വിട്ടത്. കാമറൂൺ സെമിയുടെ പടിവാതിൽ വരെയെത്തി. അവസാന മിനിറ്റിലെ ഗോളിൽ ഇംഗ്ലണ്ടിനോട് നിർഭാഗ്യകരമായി അവർ ക്വാർട്ടറിൽ തോൽക്കുകയായിരുന്നു. എങ്കിലും ലോകകപ്പ് ക്വാർട്ടറിലെത്തിയ ആദ്യ ആഫ്രിക്കൻ ടീമെന്ന ഖ്യാതിയുമായാണ് കാമറൂൺ മടങ്ങിയത്. അതിന് കാരണക്കാരൻ മുപ്പത്തെട്ടുകാരനായ മില്ലയും.
പകരക്കാരനായാണ് ടൂർണമെന്റിലുടനീളം ഉപയോഗിക്കപ്പെട്ടതെങ്കിലും ടീമിന്റെ മുന്നേറ്റത്തിൽ മില്ലയുടെ സ്വാധീനം ചില്ലറയായിരുന്നില്ല. റുമാനിയക്കെതിരെ രണ്ടു ഗോളടിച്ചു, കൊളംബിയക്കെതിരെയും രണ്ടെണ്ണം നേടി, അതിലൊന്ന് കയറിക്കളിക്കുന്ന ഗോളി റെനെ ഹിഗ്വിറ്റയെ സമർഥമായി വെട്ടിച്ചായിരുന്നു. ഗോളടിച്ച ശേഷം കോർണർ കൊടിക്കടുത്തേക്കോടി അരയും ചന്തിയും കുലുക്കി മില്ല നടത്തുന്ന നൃത്തം ആ ലോകകപ്പിന്റെ ഏറ്റവും വലിയ ഹരമായി. 
കാമറൂൺ തലസ്ഥാനത്തെ എക്ലയർ ദുവാല ക്ലബിനു കളിച്ച് പ്രൊഫഷനൽ കരിയർ തുടങ്ങിയ മില്ല 1976 ലെ ആഫ്രിക്കൻ പ്ലയർ ഓഫ് ദ ഇയറായി. പിറ്റേ വർഷം ഫ്രാൻസിലേക്കു നീങ്ങിയ മില്ല അവിടെ 14 വർഷത്തോളം കളിച്ചു. 1980 ൽ മോണകോക്കൊപ്പവും 1981 ൽ ബാസ്റ്റിയക്കൊപ്പവും ഫ്രഞ്ച് കപ്പ് നേടി. 
1972 ലായിരുന്നു കാമറൂൺ ജഴ്‌സിയിൽ അരങ്ങേറ്റം. 1982 ൽ കാമറൂൺ ആദ്യമായി ലോകകപ്പിനെത്തിയപ്പോൾ സെന്റർ ഫോർവേഡായി ടീമിലുണ്ടായിരുന്നു. ഒരു കളിയും തോൽക്കാതെ കാമറൂൺ പുറത്തായി. ഒടുവിൽ കിരീടം നേടിയ ഇറ്റലിക്കൊപ്പം പോയന്റുണ്ടായിരുന്നെങ്കിലും അടിച്ച ഗോളിന്റെ എണ്ണം ഒന്ന് കുറഞ്ഞതിനാൽ കാമറൂണിന് മടക്കടിക്കറ്റ് കിട്ടി. 1984 ലും 1988 ലും ആഫ്രിക്കൻ കപ്പ് നേടിയ കാമറൂൺ ടീമിന്റെ പ്രചോദന കേന്ദ്രമായിരുന്നു. അതോടെ പതിനായിരങ്ങൾ വീക്ഷിച്ച വിടവാങ്ങൽ മത്സരങ്ങൾ കളിച്ച് ഫ്രഞ്ച് റീയൂനിയൻ ദ്വീപിൽ വിശ്രമ ജീവിതത്തിലേക്കു നീങ്ങി. പ്രാദേശിക ക്ലബ് സെയ്ന്റ് പിയറിയിൽ ഒരു രസത്തിന് കളി തുടർന്നുവെന്നു മാത്രം. 
1990 ലെ ലോകകപ്പിനായി മില്ല തിരിച്ചുവന്നത് രാജ്യത്തിന്റെ പ്രസിഡന്റ് ക്ഷണിച്ചതിനാലായിരുന്നു. എന്നാൽ മില്ലയെ തിരിച്ചുകൊണ്ടുവരാനായി ചരടു വലിച്ചവർ പോലും അത് സൃഷ്ടിക്കാൻ പോന്ന മായാജാലം സ്വപ്നം കണ്ടിരുന്നില്ല. ലോകകപ്പിലെ ഉജ്വല പ്രകടനം മില്ലക്ക് ആഫ്രിക്കൻ ഫുട്‌ബോളർ പട്ടം നേടിക്കൊടുത്തു. അത് മില്ലയുടെ രണ്ടാം ജന്മവുമായി. 
1994 ലെ ലോകകപ്പിനു മുമ്പ് ഇന്തോനേഷ്യയിലെ പിലിറ്റ ജയ ക്ലബിന് 23 കളികളിൽ 23 ഗോളടിച്ചു. പക്ഷെ 1990 ലെ മാസ്മരിക പ്രകടനം 1994 ൽ ആവർത്തിക്കാൻ കാമറൂണിനു സാധിച്ചില്ല. എങ്കിലും ലോകകപ്പ് കളിച്ച പ്രായമേറിയ കളിക്കാരനായി മില്ല. റഷ്യയോടുള്ള 1-6 തോൽവിയിൽ നേടിയ ഗോൾ ലോകകപ്പിൽ സ്‌കോർ ചെയ്ത പ്രായമേറിയ കളിക്കാരനെന്ന പദവിയും മില്ലക്ക് സമ്മാനിച്ചു (42 വയസ്സും ഒരു മാസവും എട്ട് ദിവസവുമുള്ളപ്പോൾ). മൂന്നു ലോകകപ്പ് കളിച്ച ആദ്യ ആഫ്രിക്കക്കാരനായി മില്ല. 22 വർഷത്തെ കരിയറിൽ എത്ര തവണ മില്ല കാമറൂണിനു കളിച്ചിട്ടുണ്ടെന്നതിനെക്കുറിച്ച് കൃത്യമായ വിവരമില്ല. 2006 ൽ പോയ അർധ നൂറ്റാണ്ടിലെ ഏറ്റവും മികച്ച ആഫ്രിക്കൻ കളിക്കാരനായി തെരഞ്ഞെടുക്കപ്പെട്ടു. 

 

അറിയാമോ? 

  •  1990 ലെ ലോകകപ്പിനു മുമ്പ് സാൽവറ്റോർ സ്‌കിലാച്ചി ഇറ്റലിക്കുവേണ്ടി ഒരു ഗോളും നേടിയിട്ടില്ല. ലോകകപ്പിനു ശേഷം കരിയർ അവസാനിക്കുന്നതു വരെ ഒരു ഗോളാണ് അടിച്ചത്. 
  •  ഇറ്റലിയും അർജന്റീനയും തമ്മിലുള്ള സെമി എക്‌സ്ട്രാ ടൈമിന്റെ ആദ്യ പകുതി എട്ട് മിനിറ്റ് അധികം കളിക്കേണ്ടി വന്നു. റഫറിക്ക് സമയം തെറ്റിയതായിരുന്നു കാരണം. 
  • ഇറ്റാലിയൻ ഗോളി വാൾടർ സെംഗ 518 മിനിറ്റ് ഗോൾ വഴങ്ങിയില്ല. സെമി ഫൈനലിൽ അർജന്റീനയുടെ ക്ലോഡിയൊ കനീജിയയാണ് സെംഗയുടെ പ്രതിരോധം ഭേദിച്ചത്. 
  •  രണ്ടാം റൗണ്ടിൽ ജർമനി-നെതർലാന്റ്‌സ് മത്സരം മിലാനിലായിരുന്നു. മിലാനിൽ ക്ലബ് ഫുട്‌ബോൾ കളിക്കുന്ന ആറു പേർ ഇരു ടീമുകളിലുമായി ഉണ്ടായിരുന്നു. ജർമനിയുടെ ലോതർ മത്തായൂസും യൂർഗൻ ക്ലിൻസ്മാനും ആന്ദ്രെ ബ്രഹ്മെയും ഇന്റർ മിലാനിലും നെതർലാന്റ്‌സിന്റെ മാർക്കൊ വാൻബാസ്റ്റനും ഫ്രാങ്ക് റൈക്കാഡും റൂഡ് ഗുളിറ്റും എ.സി മിലാനിലും. ഇരുപത്തൊന്നാം മിനിറ്റിൽ റൈക്കാഡ് തുടങ്ങിവെച്ച കശപിശ നിയന്ത്രണം വിട്ടു. റൈക്കാഡിനെയും വൊള്ളറെയും പുറത്താക്കി. 
  •  റോജർ മില്ലയുടെ യഥാർഥ പേര് റോജർ മില്ലർ എന്നായിരുന്നു. ഫ്രഞ്ച് ലീഗിൽ ചേർന്നപ്പോൾ ആഫ്രിക്കക്കാരനാണെന്ന് തിരിച്ചറിയുന്നതിനാണ് മില്ല എന്നാക്കിയത്.

Latest News