ഖത്തറിലും നീറ്റ് പരീക്ഷാകേന്ദ്രം അനുവദിച്ചു

ദോഹ- ഖത്തറിലെ ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് ഇന്ത്യയുടെ നാഷനല്‍ എലിജിബിലിറ്റി കം എന്‍ട്രന്‍സ് പരീക്ഷ (നീറ്റ്) ഇത്തവണ ദോഹയില്‍ തന്നെ എഴുതാം. ജൂലൈ 17 നാണു നീറ്റ് പരീക്ഷ. ദോഹയില്‍ ഏതു സെന്ററിലാണ് പരീക്ഷ എന്നത് പ്രഖ്യാപിച്ചിട്ടില്ല.
ദീര്‍ഘനാളുകളായി ഖത്തറിലെ രക്ഷിതാക്കളും പ്രവാസി അസോസിയേഷനുകളും നിരന്തരം കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടതു പ്രകാരമാണ് ഖത്തറിലെ ഇന്ത്യന്‍ സ്ഥാനപതി ഡോ.ദീപക് മിത്തലിന്റെ ശ്രമഫലമായി ഇത്തവണ ഖത്തറിലും പരീക്ഷാ കേന്ദ്രം അനുവദിച്ചത്.

കേന്ദ്ര സര്‍ക്കാരിന്റെ നടപടിയെ ദോഹയിലെ പ്രവാസ ലോകം സ്വാഗതം ചെയ്തു. ഖത്തറിനു പുറമേ ഗള്‍ഫ് മേഖലയില്‍ യുഎഇയില്‍, അബുദാബി, ദുബായ്, ഷാര്‍ജ എന്നിവിടങ്ങളിലും കുവൈത്ത് സിറ്റി (കുവൈത്ത്), മനാമ (ബഹ്റൈന്‍), മസ്‌ക്കത്ത്് (ഒമാന്‍), റിയാദ് (സൗദി അറേബ്യ) എന്നിവിടങ്ങളിലാണു നീറ്റ് പരീക്ഷാ കേന്ദ്രങ്ങള്‍. ഇന്ത്യയുടെ നാഷനല്‍ ടെസ്റ്റിംഗ് ഏജന്‍സിയാണ് നീറ്റ് പരീക്ഷ നടത്തുന്നത്.

 

Latest News