ജോസഫിന്റെ ഈ കൈക്കരുത്തിന് ഒട്ടേറെ അംഗീകാരങ്ങൾ ലഭിച്ചിട്ടുണ്ട്. ജനീവയിലെ അന്താരാഷ്ട്ര സമാധാന സമിതിയിൽ കേരളത്തിൽനിന്നുള്ള മൂന്നുപേരിൽ ഒരാൾ ജോസഫാണ്. സംസ്ഥാന തലത്തിൽ ചെറുതും വലുതുമായ ഒട്ടറെ അംഗീകാരങ്ങൾ വേറെയുമുണ്ട്. ജോസഫിന്റെ കരാട്ടെ അക്കാദമിയും ഒട്ടും പിറകിലല്ല. മുപ്പതോളം ലോക റെക്കോർഡുകൾ ഈ അക്കാദമിയുടെ പേരിലുണ്ട്. ജോസഫിന്റെ ശിഷ്യരാണ് അവയെല്ലാം നേടിയെടുത്തത്.
പൂ പറിച്ചെടുക്കുന്ന ലാഘവത്തോടെ സ്വന്തം കൈകരുത്ത് കൊണ്ട് ഇരുമ്പുകമ്പി വെട്ടിമുറിക്കുന്ന ഒരു മനുഷ്യൻ പത്തനംതിട്ടയിലുണ്ട് -ഇന്ത്യൻ ബ്രൂസ്ലി എന്ന് ഓമനപ്പേരിട്ടു വിളിക്കുന്ന കെ.ജെ. ജോസഫ്. ഇരുമ്പുകമ്പികൾ വെട്ടിമുറിക്കുന്നതിൽ മാത്രമല്ല, വേറെയും പല ലോക റെക്കോർഡുകളും ഈ അഭ്യാസിയുടെ പക്കലുണ്ട്. ഒരു മിനിറ്റിൽ നിർത്താതെ 124 പുഷ് അപ്പുകൾ എടുത്തതാണ് അവയിലൊന്ന്. മറ്റൊന്നാകട്ടെ, ഒരു മണിക്കൂറിൽ 2029 പുഷ് അപ്പുകൾ എടുത്തുകൊണ്ടാണ് നേടിയത്. മണിക്കൂറിൽ 1874 പുഷ് അപ് ചെയ്ത ഇംഗ്ലണ്ടുകാരനായ കാൾട്ടൺ വില്യംസിന്റെ റെക്കോർഡാണ് ജോസഫ് തിരുത്തിക്കുറിച്ചത്. മൗണ്ട് ക്ളൈമ്പിംഗ് എക്സൈസ് ഒരു മിനിറ്റിൽ 180 എണ്ണമെടുത്തതാണ് അടുത്ത റെക്കോർഡ്. ഒടുവിലായി ടൈപ് റൈറ്റർ പുഷ് അപ് എന്ന പേരിലുള്ള ഇടത്തേക്കും വലത്തേക്കും നീങ്ങിക്കൊണ്ടുള്ള പുഷ്അപ്പിൽ ഒരു മിനിറ്റിൽ 128 എണ്ണമെടുത്ത് മറ്റൊരു റെേക്കാർഡും കൈപ്പിടിയിലാക്കി. ലോക റെക്കോർഡുകൾ ഓരോന്നായി വാരിക്കൂട്ടുമ്പോഴും എളിമയുടെ പ്രതീകമായി സദാ പുഞ്ചിരിച്ചുകൊണ്ടിരിക്കുകയാണ് ഈ കായികാഭ്യാസി. ബുൾഗാൻ താടിയും കണ്ണിൽ അഗ്നിയുടെ തിളക്കവും കാത്തുസൂക്ഷിക്കുന്ന ഈ കൃശഗാത്രൻ രാജ്യത്തിനു തന്നെ അഭിമാനമായി മാറിയിരിക്കുകയാണിപ്പോൾ.
കുട്ടിക്കാലത്തു കണ്ട സിനിമകളിൽ നിന്നാണ് ജോസഫിന്റെ മനസ്സിൽ ബ്രൂസ്ലി കയറിപ്പറ്റിയത്. എരുമേലിയിലെ ടാക്കീസുകളിൽ ബ്രൂസ്ലിയുടെ ചിത്രങ്ങളെത്തുമ്പോൾ മുൻനിരയിൽ തന്നെ ജോസഫ് സ്ഥാനം പിടിക്കും. ഇടിയുടെ സീനുകൾ വരുമ്പോൾ കൈയടിച്ച് പ്രോത്സാഹിപ്പിക്കും. വളരുമ്പോൾ ബ്രൂസ്ലിയെപ്പോലെയാകണം എന്ന ചിന്തയിൽ ആദ്യം തുടങ്ങിയത് യോഗാ പരിശീലനമായിരുന്നു. ബന്ധുവായ അമ്മാച്ചനായിരുന്നു ഗുരു. പിന്നീട് പ്രീഡിഗ്രി പഠനകാലത്താണ് കരാട്ടെ പരിശീലനം തുടങ്ങിയത്. ജോൺ ജോസഫായിരുന്നു ആദ്യ ഗുരു. പിന്നീട് പൊൻകുന്നത്തെ സെബാസ്റ്റ്യൻ ജോസഫിന്റെ ശിഷ്യനായി.

ബ്ലാക്ക്് ബെൽട്ട് നേടിയ ശേഷമുള്ള ആദ്യത്തെ പ്രോഗ്രാം അവതരിപ്പിച്ചത് നാട്ടിലെ പള്ളിപ്പെരുന്നാളിനായിരുന്നു. മെലിഞ്ഞ ശരീര പ്രകൃതിയായിരുന്നതുകൊണ്ട് അടി കിട്ടിയാൽ ഒടിഞ്ഞുപോകുമല്ലോ എന്നായിരുന്നു പരിഹാസം. എന്നാൽ ആ ഒരു രാത്രി കൊണ്ട് ജോസഫിന്റെ തലവര മാറുകയായിരുന്നു. നാട്ടിലെ താരമായി മാറിയ അദ്ദേഹം എല്ലാവരുടെയും പ്രിയപ്പെട്ട കരാട്ടെ മാസ്റ്ററായി. വർഷങ്ങൾ പിന്നിട്ടപ്പോൾ പല തലമുറകളെയും കരാട്ടെ അഭ്യസിപ്പിക്കാൻ ജോസഫിന് കഴിഞ്ഞു. സമീപ പ്രദേശങ്ങളിലെ സ്കൂളുകളിലും ക്ലാസെടുക്കാൻ അദ്ദേഹത്തിന് ക്ഷണം ലഭിച്ചുതുടങ്ങി.
പ്രായം അൻപത്തിരണ്ടു പിന്നിട്ടെങ്കിലും ആരോഗ്യ പ്രശ്നങ്ങളൊന്നും ജോസഫിനെ അലട്ടിയിട്ടില്ല. ശുദ്ധ വെജിറ്റേറിയൻ. രാവിലെ നാലു മണിക്ക് ഉറക്കമുണർന്നാൽ അൽപസമയം ധ്യാനമുണ്ട്. തുടർന്ന് അര ലിറ്റർ വെള്ളം അകത്താക്കും. അഞ്ചു മണിയോടെ കരാട്ടെ ക്ലാസിലെത്തും. മൂന്നു കിലോമീറ്റർ അകലെ മുക്കൂട്ടുതറയിൽ തന്റെ ഉടമസ്ഥതയിലുള്ള ഐ.ബി.എൽ മാർഷ്യൽ ആർട്സ് ആന്റ് വേൾഡ് റെഏക്കാർഡ് അക്കാദമിയിലേക്ക് ഓടിയെത്തും. ഏഴേമുക്കാൽ വരെയാണ് ക്ലാസ്. മടങ്ങിയെത്തിയാൽ ഒരു പിടി ചെറുപയർ മുളപ്പിച്ചത് കഴിക്കും. രണ്ട് കാരറ്റ്്, ഒരു ബീറ്റ് റൂട്ട്, രണ്ട് തക്കാളി, ഒരു ഗ്ലാസ് നാരങ്ങവെള്ളവും. ഇതാണ് പ്രാതൽ. നിരവധി ശിഷ്യരെ പരിശീലിപ്പിക്കുന്നതിനിടയിൽ ഒരു ദിവസം ആയിരത്തോളം പുഷ് അപ്പുകൾ എടുക്കാറുണ്ട്. അതൊക്കെയാണ് തന്റെ ആരോഗ്യ രഹസ്യമെന്ന് പുഞ്ചിരിയോടെ ജോസഫ് പറയുന്നു.
എരുമേലിയിലെ ഓരോ വീട്ടിലും ഒരു കരാട്ടെക്കാരനുണ്ട്. അതിന് കാരണക്കാരൻ ജോസഫാണെന്ന് എല്ലാവർക്കും അറിയാം. പത്തു വയസ്സുകാർ മുതൽ എഴുപതുകാർ വരെ ജോസഫിന്റെ ശിഷ്യഗണത്തിലുണ്ട്. പലരും ബ്ലാക്ക് ബെൽറ്റ് നേടിയവർ. കരാട്ടെയെന്നാൽ അടിതട മാത്രമല്ല, ഒരു സമൂഹത്തിന്റെ ജീവിത രീതിയാക്കി മാറ്റിയെടുക്കുകയായിരുന്നു ജോസഫ്. ഒരു നാടിനെ തന്നെ ആരോഗ്യ സമ്പുഷ്ടമാക്കുന്നതിൽ ഈ മനുഷ്യ സ്നേഹിയുടെ പങ്ക് ഏറെ വലുതാണ്.

ചിട്ടയായ ജീവിത ശൈലിയാണ് ഇദ്ദേഹത്തിന്റെ കരുത്ത്. കോവിഡ് രൂക്ഷമായ കാലത്ത് പലരുമായും അടുത്തിടപഴകേണ്ടി വന്നിട്ടുണ്ട്. എന്നിട്ടും കോവിഡ് ഈ ശരീരത്തെ സ്പർശിച്ചിട്ടില്ല. കരാട്ടെ മാത്രമല്ല, ജോസഫിന് വഴങ്ങുന്നത്. കളരിയും റെയ്ക്കിയും ബോക്സിംഗും പ്രാണിക് ഹീലിംഗും ആയുർവേദവുമെല്ലാം വശമുണ്ട്.
ശാരീരിക പ്രശ്നങ്ങൾ അലട്ടുന്നവർക്ക് വ്യായാമ മുറകളിലൂടെയാണ് പരിഹാരം കണ്ടെത്തുന്നത്. പ്രഷറിനും ഷുഗറിനും കൊളസ്ട്രോളിനും വെരിക്കോസ് വെയിനിനും ഡിസ്ക് തകരാറിനുമെല്ലാം ജോസഫിന്റെ പക്കൽ പ്രതിവിധിയുണ്ട്.
എൺപത്തഞ്ച് ഇരുമ്പുകമ്പികൾ ഇതിനകം വിവിധ പരിപാടികളിലായി ജോസഫ് അടിച്ചുപൊട്ടിച്ചിട്ടുണ്ട്. മലേഷ്യയിൽനിന്നും കരാട്ടെ അഭ്യസിച്ചെത്തിയ കുപ്പുസ്വാമിയാണ് ആദ്യമായി ഈ വിദ്യ പ്രയോഗിച്ചത്. അദ്ദേഹത്തിന്റെ ശിഷ്യനായ സുരേഷ് മൈക്കിളിൽനിന്നാണ് ഈ വിദ്യ സ്വായത്തമാക്കിയത്.
ജോസഫിന്റെ ഈ കൈക്കരുത്തിന് ഒട്ടേറെ അംഗീകാരങ്ങൾ ലഭിച്ചിട്ടുണ്ട്. ജനീവയിലെ അന്താരാഷ്ട്ര സമാധാന സമിതിയിൽ കേരളത്തിൽനിന്നുള്ള മൂന്നു പേരിൽ ഒരാൾ ജോസഫാണ്. സംസ്ഥാന തലത്തിൽ ചെറുതും വലുതുമായ ഒട്ടറെ അംഗീകാരങ്ങൾ വേറെയുമുണ്ട്. ജോസഫിന്റെ കരാട്ടെ അക്കാദമിയും ഒട്ടും പിറകിലല്ല. മുപ്പതോളം ലോക റെക്കോർഡുകൾ ഈ അക്കാദമിയുടെ പേരിലുണ്ട്. ജോസഫിന്റെ ശിഷ്യരാണ് അവയെല്ലാം നേടിയെടുത്തത്.റെഡ് ബെൽറ്റ് സ്വന്തമാക്കുക എന്നതാണ് ജോസഫിന്റെ അടുത്ത ലക്ഷ്യം. ജപ്പാനിൽനിന്നും പരിശീലനം നേടിയ വയനാട്ടിലെ മാസ്റ്റർ എം.എസ്. രവീന്ദ്രന് കീഴിലാണ് പരിശീലനം നടത്തുന്നത്. മാസത്തിൽ രണ്ടു ദിവസം വയനാട്ടിലുണ്ടാകും. റെഡ് ബെൽറ്റ് സ്വന്തമാക്കുന്നതിന് ഇനിയും മൂന്നു കടമ്പ കൂടിയുണ്ട്. ആറാമത്തെ ഗ്രേഡിലെത്തിനിൽക്കുന്ന ജോസഫിന് ഇനിയും രണ്ടു ഗ്രേഡുകൾ കൂടി കഴിഞ്ഞാലേ ഒൻപതാമത്തെ ബെൽറ്റ് നേടാനാവൂ. ഒൻപതും പത്തും റെഡ് ബെൽറ്റാണ്. എന്നാൽ പത്താമത്തെ ബെൽറ്റ് ആർക്കും കിട്ടില്ല. അത് ജപ്പാൻകാരുടെ പേറ്റന്റാണ്.

കേരളത്തിൽ പലയിടങ്ങളിലും പരിശീലനം നൽകുന്ന ജോസഫ് ഗൾഫിൽ ഖത്തറിലും കരാട്ടെ അഭ്യസിപ്പിക്കുന്നുണ്ട്. ശിഷ്യനായ ഷോൺ ജോസാണ് അവിടെ പരിശീലനം നൽകുന്നത്. എല്ലാ വർഷവും ഡിസംബറിൽ ഖത്തറിലെത്തും. പതിനഞ്ചു ദിവസത്തോളം അവിടെയുള്ള ശിഷ്യർക്ക് പരിശീലനം നൽകും.
ഗൾഫ് മലയാളികളോട് ജോസഫിന് ഒരു കാര്യം മാത്രമേ പറയാനുള്ളൂ. നന്നായി വ്യായാമം ചെയ്യുക. കാരണം പല മലയാളികളും ഗൾഫിലെത്തിയാൽ പണം സമ്പാദിക്കും. എന്നാൽ പലരും വിദേശത്തുനിന്നും നാട്ടിലെത്തുമ്പോഴേയ്ക്കും രോഗികളായിത്തീരും. സമ്പാദിച്ച പണമെല്ലാം ചികിത്സക്കായി ചെലവാക്കേണ്ടിയും വരും. ആ രീതി മാറണമെങ്കിൽ ചിട്ടയായ ജീവിത രീതി പിന്തുടരണം. കൈക്കരുത്തിൽ ലോകത്തിന്റെ നെറുകയിലേയ്ക്ക് പിടിച്ചുകയറുന്ന ജോസഫിന് മറ്റൊരു സ്വപ്നം കൂടി പൂവണിയാനുണ്ട്. കന്യാകുമാരിയിൽനിന്നും കശ്മീർ വരെ ഓടണം -അതും എവിടെയും നിർത്താതെ. പരിശീലനം ജോസഫിന് ഒരു പ്രാർഥനയാണ്. ഏതു വിഷമത്തെയും പ്രതിസന്ധിയെയും തരണം ചെയ്യാൻ സഹായിക്കുന്ന പ്രാർഥന. പുതിയ ലക്ഷ്യങ്ങളിൽ ലഹരി കണ്ടെത്താനാഗ്രഹിക്കുന്ന ഈ മനുഷ്യൻ ഒരു അദ്ഭുതം തന്നെയാണ്.






