ഹാരാ ഹാഷി ബൂ

തലക്കെട്ട് വായിച്ച് കൺഫ്യൂഷനായോ?
വേവലാതിപ്പെടല്ലേ. പത്തിൽ എട്ട് ഭാഗം   നിറയുന്നത് വരയേ തിന്നാവൂ, അല്ലെങ്കിൽ എൺപത് ശതമാനമേ വയറ് നിറയ്ക്കാവൂ എന്ന ആശയം അവതരിപ്പിക്കാൻ  ജാപ്പനീസ് ഭാഷയിൽ ഉപയോഗിക്കുന്ന വാചകമാണിത്.
കൺഫ്യൂഷ്യസ് എന്ന ചൈനീസ് തത്ത്വജ്ഞാനി  പഠിപ്പിച്ച  ജീവിത പാഠം.
ഭക്ഷണത്തെ സംബന്ധിച്ച് ഓരോരുത്തരും  പാലിക്കേണ്ട ഈ തത്വം പല  പൂർവകാല മനീഷികളും പ്രവാചകരും ആവർത്തിച്ച് പ്രഖ്യാപിക്കുന്നതായി കാണാം.
ലോകത്ത് ആരോഗ്യത്തോടെ ഏറ്റവും കൂടുതൽ കാലം ജീവിക്കുന്നവർ വസിക്കുന്ന ഏതാനും ചില അപൂർവ പ്രദേശങ്ങളുണ്ട്. ബ്ലൂ സോണുകൾ എന്നാണ് അവ അറിയപ്പെടുന്നത്. ഇവയെ  കുറിച്ച് പഠനം നടത്തിയ മാധ്യമ പ്രവർത്തകനും നാഷനൽ ജ്യോഗ്രഫിക് ചാനൽ ഫെല്ലോയും അവാർഡ് ജേതാവുമായ ഡാൻ ബ്യുറ്റ്‌നർ കണ്ടെത്തിയത് ജാപ്പാനിലെ ഓക്കിനാവോയാണ് ഇത്തരം പ്രദേശങ്ങളിൽ ഏറ്റവും മുന്നിൽ നിൽക്കുന്നതെന്നാണ്.
'എൺപതിലും ഞാനൊരു കുട്ടിയാണ്. തൊണ്ണൂറിൽ ഞാൻ നിന്നെ വന്നു കാണുമ്പോൾ നൂറാവുന്നത് വരെ കാത്തിരിക്കുക എന്ന് പറഞ്ഞ് നീ എന്നെ  തിരിച്ചയക്കണം. പ്രായമേറിയവർ  കരുത്തേറിയവർ. പ്രായമേറുമ്പോൾ വല്ലാതെ മക്കളെ ആശ്രയിക്കാതിരിക്കാം.
ദൈർഘ്യമേറിയ ആയുസ്സും ആരോഗ്യവും കൊതിക്കുന്നവരാണ് നിങ്ങളെങ്കിൽ ഞങ്ങളുടെ ഗ്രാമത്തിലേക്ക് നിങ്ങൾക്ക് സ്വാഗതം.
അവിടെ പ്രകൃതി നിങ്ങളെ അനുഗ്രഹിക്കും.
അവിടെ നമുക്കൊരുമിച്ച് ദീർഘായുസ്സിന്റെ രഹസ്യം കണ്ടെത്താം.'
ആരോഗ്യ സമ്പൂർണമായ ആയുസ്സോടെ  ജീവിച്ചിരിക്കുന്നവർ എണ്ണത്തിൽ   ഏറ്റവും കൂടുതലുള്ള  പ്രദേശമായ  ഒക്കിനാവയിലെ ഒഗിമി വയോജന ക്ലബ്ബുകളുടെ കൂട്ടായ്മ 1993 ഏപ്രിൽ 23 ന് നടത്തിയ പ്രഖ്യാപനമാണിത്.
മികച്ച ആരോഗ്യത്തിന്   മികച്ച ഭക്ഷണശീലം എത്ര മാത്രം അനുപേക്ഷണീയവും ഫലപ്രദവുമാണെന്ന്
ഈ മേഖലയിൽ നടന്ന പല പഠനങ്ങളും  കാണിക്കുന്നുണ്ട്.
ഉൻമേഷത്തോടെയുള്ള ദീർഘായുസ്സിന് പുകൾപെറ്റ ഒക്കിനാവയിൽ പുരുഷൻമാരുടെ ശരാശരി ആയുസ്സ് 84 ആണ്. എന്നാൽ സ്ത്രീകളിലധികപേരും തൊണ്ണൂറ് വയസ്സിനപ്പുറം ജീവിക്കുന്നുണ്ട് എന്നും നിരീക്ഷിക്കപ്പട്ടിട്ടുണ്ട്. ഒക്കിനാവക്കാരുടെ കൂടെ ഉണ്ണാനിരുന്നാൽ ഹരാ ഹാച്ചി ബു എന്ന വാചകം നിങ്ങൾ സംശയലേശമെന്യേ കേട്ടിരിക്കുമെന്ന് ഡാൻ  സാക്ഷ്യപ്പെടുത്തുന്നു.
ഒരു ശരാശരി  അമേരിക്കക്കാരൻ നാൽപതാം വയസ്സിലെത്തുമ്പോൾ രണ്ടായിരത്തി അഞ്ഞൂറിലധികം കലോറി ഭക്ഷണം ദിനം പ്രതി അകത്താക്കുന്നു. അതേ സമയം ഒക്കിനാവക്കാർ വെറും ആയിരത്തിതൊള്ളായിരം കലോറി ഭക്ഷണം മാത്രമേ കഴിക്കാറുള്ളൂ.
നൂറ്റാണ്ട് കഴിഞ്ഞവർ ഏറ്റവും കൂടുതലുള്ള ഈ പ്രദേശത്തുകാരുടെ ഐശ്വര്യ ജീവിതം നൽകുന്ന പാഠം ഏറെ മഹത്തരമാണ്.  ചിട്ടയായ ഭക്ഷണ ക്രമത്തിലൂടെ ആയുരാരോഗ്യ ക്ഷേമം ഏറെ  വർധിപ്പിക്കാമെന്നതാണത്. ടെക്‌നോളജിയുടെ അതിപ്രസരം മൂലം  മിക്ക കാര്യങ്ങളിലുംഅനുദിനം ക്രമം തെറ്റുന്ന  ലോകം പിന്തുടരേണ്ട അതീവ ശ്രദ്ധ പതിയേണ്ട അപൂർവമായ പ്രായോഗിക  മാതൃകയാണത്. ആസ്വദിച്ച് പതുക്കെ ഭക്ഷിക്കുന്നത് അളവ് കുറച്ച് തിന്നാൻ നമ്മെ സഹായിക്കുന്നു. വേഗത്തിൽ തിന്നുമ്പോൾ നാം  ആസ്വദിക്കാതെ കൂടുതൽ വാരി വലിച്ച് തിന്നുകയാണ്.  ആർത്തിയടങ്ങാനാവരുത്; വിശപ്പടങ്ങാനായിരിക്കണം  ഭക്ഷണം കഴിക്കേണ്ടത്.
കഴിക്കുന്ന ഭക്ഷണത്തിൽ ശ്രദ്ധയൂന്നി നന്ദി ബോധത്തോടെ അവധാനപൂർവം കഴിക്കുന്നതും കുറച്ച് കഴിക്കാൻ നമ്മെ സഹായിക്കും. 
കൂടാതെ,  ഭക്ഷണം വിളമ്പാൻ  വലിയ പാത്രങ്ങൾക്ക് പകരം കൊച്ചു പാത്രങ്ങൾ ഉപയോഗിക്കുന്നതും തീറ്റിയുടെ അളവ്  കുറയ്ക്കാൻ കാര്യമായി  സഹായിക്കുമെന്നും ഒക്കിനാവക്കാരുടെ ഭക്ഷണ രീതി നമ്മെ പഠിപ്പിക്കുന്നുണ്ട്.
മാരകമായ രോഗങ്ങൾ കൊണ്ട് ബുദ്ധിമുട്ടി വേദനയും വേവലാതിയുമായി കഴിയുന്ന വാർധക്യമല്ല ഒക്കിനാവക്കാരുടേത്.  മരിക്കുന്നത് വരെ കർമനിരതരാണവർ.
വാക്കിലും നോക്കിലും  ആരാധനാ കർമങ്ങളിലും ധനമിടപാടുകളിലും പരമാവധി  സൂക്ഷ്മത പാലിച്ച്    ആത്മീയ ഔന്നത്യം കരസ്ഥമാക്കാൻ  മനുഷ്യരെ  പ്രാപ്തമാക്കുന്നതാണല്ലോ വ്രതാനുഷ്ഠാന കാലം? ഇത്തരുണത്തിൽ നമ്മുടെ ആരോഗ്യ സംരക്ഷണത്തിന് ഉതകുന്ന ഭക്ഷണ ശൈലി  കൂടി ബോധപൂർവം  പരിശീലിച്ച് രോഗമുക്തമായ ഒരു ശിഷ്ടകാല  ജീവിതം  കെട്ടിപ്പടുക്കാൻ നമുക്ക് കഴിഞ്ഞെങ്കിൽ!  നോമ്പ് കൊണ്ട് നാം ആർജിച്ചെടുക്കേണ്ട അത്തരം സൂക്ഷ്മതകൾ, വിഭവ ധാരാളിത്തങ്ങൾ അരങ്ങ് തകർക്കുന്ന  വമ്പൻ ഇഫ്താറുകളുടെ നാളുകളിൽ  നമുക്ക്  കൈമോശം വരാതിരിക്കട്ടെ.

Latest News