മുംബൈ- ഇന്ത്യന്‍ നാവിക സേനയുടെ പ്രഥമ വിമാനവാഹിനി കപ്പലായ ഐഎന്‍എസ് വിക്രാന്ത് നവീകരണത്തിന്റെ പേരില്‍ പൊതുജനങ്ങളില്‍ നിന്ന് പണം പിരിച്ചെടുത്ത് വഞ്ചിച്ചെന്ന് ആരോപണവുമായി ബന്ധപ്പെട്ട് ബിജെപി നേതാവ് കിരിത് സോമയ്യയ്ക്കും മകന് നീലിനുമെതിരെ പോലീസ് കേസെടുത്തു. ഒരു മുന്‍ ഇന്ത്യന്‍ നാവിക സേനാ ഓഫീസര്‍ നല്കിയ പരാതിയെ തുടര്‍ന്നാണ് ബിജെപി നേതാവിനെതിരെ വഞ്ചനാകുറ്റം ചുമത്തി കേസെടുത്തത്. 2013നും 2014നുമിടയില്‍ സോമയ്യയും മകനും ചേര്‍ന്ന് പൊതുജനങ്ങളില്‍ നിന്ന് പണം പിരിച്ചെടുത്തെങ്കിലും അത് സര്‍ക്കാര്‍ അക്കൗണ്ടില്‍ നിക്ഷേപിക്കാതെ വകമാറ്റിയെന്നാണ് പരാതി.
കിരിത് സോമയ്യ ഐഎന്‍എസ് വിക്രാന്തിന്റെ പേരില്‍ 57 കോടി രൂപ പിരിച്ചെടുത്ത് സര്‍ക്കാരിനു നല്‍കാതെ തുക മകന്റെ നിര്‍മാണ കമ്പനിയില്‍ നിക്ഷേപിച്ചുവെന്ന് ശിവസേന എംപി സഞ്ജയ് റാവത്ത് കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു.






