മാണ്ഡ്യ- കർണാടകയിൽ ഹിജാബ് നിരോധിച്ച സർക്കാർ നടപടിക്കെതിരെ പ്രതിഷേധിച്ച വിദ്യാർഥിനിയെ പ്രശംസിച്ച അൽ ഖായിദ നേതാവ് അയ്മൻ സവാഹിരിക്കെതിരെ വിദ്യാർഥിനിയുടെ പിതാവ് രംഗത്ത്. തീവ്രവാദി നേതാവായ സവാഹിരിയുടെ വാദം തെറ്റാണെന്നും ഇന്ത്യയിൽ ഏറെ സമാധാനത്തോടെയാണ് താനും കുടുംബവും കഴിയുന്നതെന്നും മസ്‌കാൻ ഖാന്റെ പിതാവ് മുഹമ്മദ് ഹുസൈൻ ഖാൻ പറഞ്ഞു. കർണാടക കോളേജ് വിദ്യാർത്ഥി മുസ്‌കാൻ ഖാനെ പ്രശംസിച്ച് അൽ-ഖ്വയ്ദ തലവൻ അയ്മൻ അൽ സവാഹിരി കഴിഞ്ഞ ദിവസം വീഡിയോ പുറത്തുവിട്ടിരുന്നു. ഇന്ത്യയിൽ സമാധാനത്തോടെ ജീവിക്കുകയാണെന്നും ഇത്തരം സംഭവങ്ങൾ കുടുംബത്തിന്റെ സമാധാനം കെടുത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇയാളുമായി ഒരു തരത്തിലുള്ള ബന്ധവുമില്ലെന്നും സത്യാവസ്ഥ കണ്ടെത്താൻ പോലീസിനും സംസ്ഥാന സർക്കാരിനും ഏത് അന്വേഷണവും ആരംഭിക്കാമെന്നും ഖാൻ പറഞ്ഞു.
'വീഡിയോയെ പറ്റി ഞങ്ങൾക്ക് ഒന്നും അറിയില്ല. അയാൾ ആരാണെന്ന് ഞങ്ങൾക്ക് അറിയില്ല. അയാളെ ഇന്നാണ് ആദ്യമായി വീഡിയോയിൽ കാണുന്നത്. അയാൾ അറബിയിൽ എന്തോ പറഞ്ഞിട്ടുണ്ട്. ഞങ്ങളെല്ലാം ഇവിടെ സ്‌നേഹത്തോടെയാണ് ജീവിക്കുന്നത്. സഹോദരങ്ങളെപ്പോലെയാണ് കഴിയുന്നത്. അയാളുടെ വാക്കുകൾ അനാവശ്യമായി പ്രശ്നമുണ്ടാക്കുന്നതാണ്. ഞങ്ങൾ നമ്മുടെ രാജ്യത്ത് സമാധാനത്തോടെയാണ് ജീവിക്കുന്നത്. അയാൾ ഞങ്ങളെക്കുറിച്ച് സംസാരിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ല, കാരണം അയാൾക്ക് ഞങ്ങളുമായി ബന്ധമില്ല. ഞങ്ങൾക്കിടയിൽ ഭിന്നിപ്പുണ്ടാക്കാനുള്ള ശ്രമമാണ് അയാൾ നടത്തുന്നതെന്നും ഖാൻ പറഞ്ഞു.