ദുബായ്- യുഎഇയില്‍ വിസിറ്റ് വിസയിലെത്തി ജോലി ലഭിച്ചവര്‍ക്ക് തൊഴില്‍ വിസയിലേക്കു മാറാന്‍ ആവശ്യമായ സല്‍സ്വഭാവ സാക്ഷ്യപത്രം ഇന്ത്യന്‍ എംബസി നല്‍കിത്തുടങ്ങി. യുഎഇ അധികൃതര്‍ അംഗീകരിക്കുന്ന പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റായാണ് (പിസിസി) എംബസി സര്‍ട്ടിഫിക്കറ്റ് നല്‍കുന്നത്. ജോലി ഓഫറുകള്‍ ലഭിച്ച വിസിറ്റ് വിസയിലുള്ള തൊഴിലന്വേഷകര്‍ക്ക് ആശ്വാസമായി താല്‍ക്കാലിക സംവിധാനമെന്ന നിലയിലാണ് പിസിസി അപേക്ഷകള്‍ എംബസി സ്വീകരിക്കുന്നതെന്ന് ദുബായിലെ കോണ്‍സല്‍ ജനറല്‍ വിപുലിനെ ഉദ്ധരിച്ച് ഗള്‍ഫ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.
വിസിറ്റ് വിസയിലെത്തി ജോലി നേടിയവര്‍ക്ക് വിസ അടിക്കാനാവശ്യമായ പിസിസി ലഭിക്കണമെങ്കില്‍ നാട്ടിലേക്ക് തിരിച്ചു പോയി പ്രാദേശിക പോലീസ് സ്റ്റേഷനുകളില്‍നിന്ന് നേടിയെടുക്കുകയോ അല്ലെങ്കില്‍ ഇതു സംഘടിപ്പിക്കാന്‍ നിയമപ്രകാരം മറ്റാരെയെങ്കിലും ചുമതലപ്പെടുത്തുകയോ ചെയ്യണമായിരുന്നു.
ജോലി അന്വേഷിച്ച് വിസിറ്റ് വിസയിലെത്തുന്നത് ഇന്ത്യന്‍ എംബസി പ്രോത്സാഹിപ്പിക്കുന്നില്ലെങ്കിലും ഇവിടെ എത്തിയ ഇന്ത്യക്കാരുടെ പ്രയാസം ലഘൂകരിക്കാനാണ് എംബസി ഈ തീരുമാനമെടുത്തതെന്നും അദ്ദേഹം വ്യക്തമാക്കി. ഇത് തീര്‍ത്തും ഒരു താല്‍ക്കാലിക സംവിധാനമാണെന്നും പിസിസി സംബന്ധിച്ച് നിലനില്‍ക്കുന്ന പ്രശനങ്ങല്‍ പൂര്‍ണമായും പരിഹരിക്കപ്പെടുന്നതു മാത്രമേ ഈ സൗകര്യം ലഭിക്കൂവെന്നും അദ്ദേഹം പറഞ്ഞു.
ദുബായ് ചേംബര്‍ ഓഫ് കൊമേഴ്സ് അറ്റസ്റ്റ് ചെയ്ത ജോലി ഓഫര്‍ ലെറ്ററും തൊഴില്‍ നല്‍കിയ സ്ഥാപനത്തിന്റെ ട്രേഡ് ലൈസന്‍സിന്റെ പകര്‍പ്പും നിര്‍ബന്ധമായും പിസിസി അപേക്ഷയോടൊപ്പം നല്‍കണം. വ്യാജ ജോലി ഓഫറുകളുമായി പിസിസി സംഘടിപ്പിക്കാന്‍ വരുന്നത് തടയാനാണിതെന്നും അദ്ദേഹം പറഞ്ഞു.
എംബസിയുടെ വിസ, പാസ്പോര്‍ട്ട് സേവനങ്ങള്‍ നല്‍കി വരുന്ന സ്വകാര്യ ഏജന്‍സിയായ ബിഎല്‍എസ് ഇന്റര്‍നാഷണല്‍ മുഖേനയാണ് പിസിസി അപേക്ഷയും സമര്‍പ്പിക്കേണ്ടത്. പാസപോര്‍ട്ട് ഇഷ്യൂ ചെയ്ത റീജനല്‍ പാസ്പോര്‍ട്ട് ഓഫീസിലെ പോലിസ് വെരിഫിക്കേഷന്‍ ഡാറ്റ പരിശോധിച്ചാണ് ഇപ്പോള്‍ എംബസി താല്‍ക്കാലികമായി പിസിസി നല്‍കുന്നതെന്ന് ഒരു എംബസി ഉദ്യോഗസ്ഥന്‍ പറഞ്ഞു.