Sorry, you need to enable JavaScript to visit this website.

യോഗി ആദിത്യനാഥിനു വേണ്ടി നിയമസഭാ സീറ്റ് വിട്ടുനല്‍കിയ നേതാവിനെ ബിജെപി പുറത്താക്കി

ലഖ്‌നൗ- ലോക് സഭാ എംപിയായിരുന്ന യോഗി ആദിത്യനാഥിനെ 2017ല്‍ ബിജെപി യുപി മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചപ്പോള്‍ അദ്ദേഹത്തിനു വേണ്ടി യുപി നിയമസഭയില്‍ സീറ്റ് ഒഴിഞ്ഞു നല്‍കിയ യശ്വന്ത് സിങ് എംഎല്‍സിയെ ബിജെപി പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. യോഗി ആദിത്യനാഥുമായി ഏറെ അടുപ്പമുള്ള നേതാവ് കൂടിയായ യശ്വന്ത് സിങിനെ പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം നടത്തിയെന്ന് കാരണം കാണിച്ചാണ് പാര്‍ട്ടിയില്‍ നിന്ന് ആറു വര്‍ഷത്തേക്ക് പുറത്താക്കിയത്. ആദിത്യനാഥിന്റെ ഗുരു മഹന്ത് അവൈദ്യനാഥുമായുള്ള ബന്ധം വഴിയാണ് യശ്വന്ത് സിങ് ആദിത്യനാഥുമായി അടുക്കുന്നതും അദ്ദേഹത്തെ സഹായിക്കാന്‍ രംഗത്തു വന്നതും. അന്ന് സമാജ് വാദി പാര്‍ട്ടി എംഎല്‍സി ആയിരുന്ന യശ്വന്ത് സിങിനെ 2018ല്‍ ബിജെപി സീറ്റ് നല്‍കി എംഎല്‍സി ആക്കിയിരുന്നു. 

ഇത്തവണ ലെജിസ്ലേറ്റീവ് കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥിക്കെതിരെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി യശ്വന്ത് സിങിന്റെ മകന്‍ റിന്‍ഷു എന്ന വിക്രാന്ത് സിങ് മത്സരിക്കുന്നുണ്ട്. മകനു വേണ്ടി യശ്വന്ത് സിങ് രംഗത്തിറങ്ങി എന്നാണ് അദ്ദേഹത്തിനെതിരായ പരാതി. ബിജെപി ടിക്കറ്റില്‍ മകനെ മത്സരിപ്പിക്കാന്‍ യശ്വന്ത് സിങ് ശ്രമം നടത്തിയതാണ് പാര്‍ട്ടിയെ ചൊടിപ്പിച്ചതെന്നും പറയപ്പെടുന്നു. പാര്‍ട്ടി ജില്ലാ, പ്രാദേശിക ഘടകങ്ങളില്‍ നിന്ന് പരാതികള്‍ ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് പുറത്താക്കിയതെന്ന് ബിജെപി പറയുന്നു. എന്നാല്‍ ബിജെപി സ്ഥാനാര്‍ത്ഥിക്കു വേണ്ടിയോ തന്റെ മകനു വേണ്ടിയോ താന്‍ പ്രചരണം നടത്തിയിട്ടില്ലെന്നും ബിജെപി തന്നോട് പിന്തുണ ആവശ്യപ്പെട്ടിട്ടില്ലെന്നും യശ്വന്ത് സിങ് പറയുന്നു. മകനു വേണ്ടി ടിക്കറ്റ് ചോദിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ വര്‍ഷം ജില്ലാ പഞ്ചായത്ത് തെരഞ്ഞെടുപ്പിലും മകന് ബിജെപി സീറ്റ് നിഷേധിച്ച കാര്യവും അദ്ദേഹം ചൂണ്ടിക്കാട്ടി. 

സമാജ് വാദി പാര്‍ട്ടിയിലായിരുന്നപ്പോള്‍ മകന്‍ ജില്ലാ പഞ്ചായത്ത് അംഗം ആയിരുന്നു. എന്നോടൊപ്പമാണ് ബിജെപിയിലേക്ക് വന്നത്. ഒരു ജില്ലാ പഞ്ചായത്ത് ടിക്കറ്റ് ചോദിച്ചപ്പോള്‍ എംഎല്‍സിയുടെ മകനാണെന്ന് ചൂണ്ടിക്കാട്ടി ബിജെപി ടിക്കറ്റ് നിഷേധിക്കുകയായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജനതാ പാര്‍ട്ടി, ജനതാദള്‍, ബിഎസ്പി, ലോക് ജന്‍ശക്തി പാര്‍ട്ടി, സമാജ് വാദി പാര്‍ട്ടി തുടങ്ങി ഒട്ടേറേ പാര്‍ട്ടികള്‍ വഴിയാണ് യശ്വന്ത് സിങ് 2017ല്‍ ബിജെപിയിലെത്തിയത്. നിലവില്‍ എംഎല്‍സിയായ അദ്ദേഹത്തിന്റെ കാലാവധി 2024ല്‍ പൂര്‍ത്തിയാകും.

Latest News