ജെഡിഎസിലെ പ്രമുഖ ലിങ്കായത്ത് നേതാവ് ബിജെപിയിലേക്ക്

ബെംഗളുരു- ജനതാദള്‍ സെക്കലുര്‍ (ജെഡിഎസ്) നേതാവും പാര്‍ട്ടിയുടെ പ്രമുഖ ലിങ്കായത്ത് മുഖവുമായ ബസവരാജ് ഹൊരട്ടി പാര്‍ട്ടി ബിജെപിയിലേക്ക് ചേക്കേറുന്നു. കര്‍ണാടക നിയമസഭയുടെ ഉപരിസഭയായ വിധാന്‍ പരിഷത് (ലെജിസ്ലേറ്റീവ് കൗണ്‍സില്‍) ചെയര്‍മാന്‍ കൂടിയാണ് ബസവരാജ്. 72കാരനായ അദ്ദേഹം 1980 മുതല്‍ തുടര്‍ച്ചയായി ഏഴു തവണ എംഎല്‍സി ആയി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. എംഎല്‍സി സീറ്റിലേക്ക് തെരഞ്ഞെടുപ്പ് നടക്കുന്നതിന് മുമ്പായി ബിജെപിയില്‍ ചേരുമെന്നും ഈ തീരുമാനത്തോട് എതിര്‍പ്പില്ലെന്ന് ജെഡിഎസ് നേതാവ് എച് ഡി കുമാരസ്വാമി പറഞ്ഞിട്ടുണ്ടെന്നും ബസവരാജ് പറഞ്ഞു. 42 വര്‍ഷമായി എംഎല്‍സിയായി തുടരുകയാണ് അദ്ദേഹം.

വടക്കന്‍ കര്‍ണാടകയിലെ ജെഡിഎസിന്റെ പ്രമുഖ ലിങ്കായത്ത് നേതാവായ ബസവരാജ് നേരത്തെ വിദ്യാഭ്യാസ മന്ത്രി പദവിയും വഹിച്ചിട്ടുണ്ട്. തന്നെ ബിജെപിയിലേക്ക് ക്ഷണിച്ച മുന്‍മുഖ്യമന്ത്രി ബി എസ് യെദിയൂരപ്പയേയും ബിജെപി ദേശീയ അധ്യക്ഷന്‍ ജെ പി നഡ്ഡയേയും കണ്ടതായും അദ്ദേഹം അറിയിച്ചു.
 

Latest News