എം.കെ ദാമോദരന്‍ നിയമ മികവ് കേന്ദ്രത്തിന് കൊച്ചിയില്‍ തുടക്കം

കൊച്ചി- മനുഷ്യാവകാശങ്ങള്‍ക്കുവേണ്ടി പോരാടിയ മികച്ച അഭിഭാഷകനായിരുന്നു എം.കെ ദാമോദരന്‍ എന്നും അദ്ദേഹം ഉയര്‍ത്തിപ്പിടിച്ച മൂല്യങ്ങള്‍ പുതുതലമുറക്ക് പകര്‍ന്നു നല്‍കുകയാണ് അദ്ദേഹത്തിന്റെ പേരിലുള്ള അന്താരാഷ്ട്ര നിയമ മികവ് കേന്ദ്രത്തിന്റെ  മുഖ്യ ലക്ഷ്യമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍.  നുവാല്‍സില്‍ എം.കെ. ദാമോദരന്‍ അന്താരാഷ്ട്ര നിയമ മികവ് കേന്ദ്രം ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിന്റെ നീതിന്യായ വ്യവസ്ഥയുടെയും നുവാല്‍സിന്റെയും ചരിത്രത്തില്‍ ഇതൊരു സുപ്രധാന ചുവടുവെപ്പാകും. ലെജിസ്ലേചര്‍, എക്‌സിക്യൂട്ടീവ്, ജൂഡിഷ്യറി എന്നിവയെ നമ്മുടെ ജനാധിപത്യ വ്യവസ്ഥിതിയുടെ ഭാഗമായി ശാക്തീകരിക്കാന്‍ വേണ്ട ഇടപെടല്‍ എം.കെ ദാമോദരന്‍ എന്നും മുന്നില്‍ നിന്നിരുന്നു . പുതിയ വെല്ലുവിളികള്‍ നേരിടാന്‍ വിദ്യാര്‍ഥികളെയും യുവ അഭിഭാഷകരെയും പ്രാപ്തരാക്കാന്‍ ഈ കേന്ദ്രത്തിനു  കഴിയണം. ആത്യന്തികമായി നിയമങ്ങള്‍ മനുഷ്യര്‍ക്ക് വേണ്ടിയുള്ളതാണെന്നും നീതിന്യായവ്യവസ്ഥ നിലകൊള്ളുന്നത് തന്നെ മനുഷ്യര്‍ക്ക് വേണ്ടിയുള്ളതാണെന്നും ഉള്‍ക്കൊണ്ടതുണ്ട്. ഈ വിധത്തില്‍ ഉന്നതമായ മാനവിക കാഴ്ചപ്പാടോടു കൂടി നിയമങ്ങളെയും നീതിന്യായ വ്യവസ്ഥയെയും സമീപിക്കാന്‍ പരിശീലിപ്പിക്കാന്‍ എം.കെ ദാമോദരന്‍ കേന്ദ്രത്തിനു കഴിയുമെന്നു മുഖ്യമന്ത്രി പ്രത്യാശിച്ചു.
വ്യവസായ, നിയമമന്ത്രി പി. രാജീവ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ ഓഫീസ് ഉദ്ഘാടനം ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആര്‍. ബിന്ദു നിര്‍വഹിച്ചു. അഡ്വക്കേറ്റ് ജനറല്‍ കെ. ഗോപാലകൃഷ്ണകുറുപ്പ്, ബാര്‍ കൗണ്‍സില്‍ ഓഫ് കേരള  ചെയര്‍മാന്‍  അനില്‍കുമാര്‍ കെ. എന്‍., വൈസ് ചാന്‍സലര്‍ ഡോ. കെ.സി. സണ്ണി, രജിസ്ട്രാര്‍ മഹാദേവ് എം.ജി. എന്നിവര്‍ പ്രസംഗിച്ചു. പുതിയ കേന്ദ്രത്തിന്റെ ഗവേണിംഗ് ബോഡി ചെയര്‍മാന്‍ ആകാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സമ്മതം അറിയിച്ചിട്ടുണ്ടെന്ന് വൈസ് ചാന്‍സലര്‍ അറിയിച്ചു.

 

 

Latest News