ആഡംബര ഹോട്ടലില്‍ ലഹരിമരുന്ന് പാര്‍ട്ടി; ഉന്നതരുടെ മക്കള്‍ കസ്റ്റഡിയില്‍

ഹൈദരാബാദ്- ആഡംബര ഹോട്ടലിലെ ലഹരിമരുന്ന് പാര്‍ട്ടിക്കിടെ പോലീസിന്റെ മിന്നല്‍ റെയ്ഡ്. ഹൈദരാബാദ് ബഞ്ചാരഹില്‍സിലെ സ്വകാര്യ ഹോട്ടലിലാണ് പോലീസിന്റെ പ്രത്യേകസംഘം ഞായറാഴ്ച പുലര്‍ച്ചെ റെയ്ഡ് നടത്തിയത്. പാര്‍ട്ടി നടന്ന ഹോട്ടലില്‍നിന്ന് കൊക്കെയ്ന്‍ അടക്കമുള്ള ലഹരിമരുന്നുകള്‍ പിടിച്ചെടുത്തതായാണ് റിപ്പോര്‍ട്ട്. ഉന്നതരുടെ മക്കളും ബന്ധുക്കളും അടക്കം 150-ലേറെ പേരെ ഹോട്ടലില്‍നിന്ന് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
നടന്‍ നാഗബാബുവിന്റെ മകള്‍ നിഹാരിക, ഗായകനും തെലുങ്ക് ബിഗ്ബോസ് മത്സരവിജയിയുമായ രാഹുല്‍ സിപ്ലിഗുനി, ആന്ധ്രപ്രദേശ് പി.എസ്.എസി. ചെയര്‍മാനും മുന്‍ ഡി.ജി.പി.യുമായ ഗൗതം സവാങ്ങിന്റെ മകള്‍, ഗുണ്ടൂര്‍ എം.പി. ഗല്ല ജയദേവിന്റെ മകന്‍ തുടങ്ങിയവരാണ് പോലീസിന്റെ കസ്റ്റഡിയിലുള്ളതെന്നാണ് റിപ്പോര്‍ട്ട്. ഇക്കാര്യം മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ സ്ഥിരീകരിച്ചിട്ടുണ്ട്.  ഇവരെ കൂടാതെ സമൂഹത്തിലെ ഉന്നതരായ പലരുടെ മക്കളും ബന്ധുക്കളും പോലീസിന്റെ കസ്റ്റഡിയിലുണ്ടെന്നും വിവരങ്ങളുണ്ട്.

 

Latest News