ന്യൂദല്‍ഹി- ഞായറാഴ്ച മുതല്‍ വ്യാഴാഴ്ച വരെ കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഉച്ചക്ക് രണ്ടു മണി മുതല്‍ രാത്രി 10 മണി വരെയുള്ള സമയത്ത് ഇടിമിന്നലിനുള്ള സാധ്യത കൂടുതലാണ്.
ഇടിമിന്നല്‍ മനുഷ്യന്റെയും മൃഗങ്ങളുടെയും ജീവനും വൈദ്യുത-ആശയവിനിമയ ശൃംഖലകള്‍ക്കും വൈദ്യുത ചാലകങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള വീട്ടുപകരണങ്ങള്‍ക്കും വലിയ നാശനഷ്ടം സൃഷ്ടിക്കാനിടയുള്ളതിനാല്‍ പൊതുജനങ്ങള്‍ കാര്‍മേഘം കണ്ടുതുടങ്ങുന്ന സമയം മുതല്‍ മുന്‍കരുതല്‍ സ്വീകരിക്കണമെന്ന് മുന്നറിയിപ്പില്‍ പറയുന്നു.
കേരളം, കര്‍ണാടക, ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് തടസ്സമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.






