രുചിയാത്ര'യുടെ വൈവിധ്യം

നാട്ടുരുചി തേടിയുള്ള ഹക്കീമിന്റെ യാത്ര തുടങ്ങിയിട്ട് രണ്ട് വർഷം

കുട്ടിക്കാലത്തെ വിശപ്പിന്റെ രുചിയിലൂടെയും ഇല്ലായ്മയുടെ കാഠിന്യത്തിലൂടെയും വറുതിയുടെ ജീവിത വഴികളിലെ അനുഭവങ്ങളിൽ നിന്ന് പാഠം ഉൾക്കൊണ്ട് നാട്ടുരുചി വൈവിധ്യങ്ങൾ പരിചയപ്പെടുത്താനായി അബ്ദുൽ ഹക്കീം യാത്ര തുടങ്ങിയിട്ട് രണ്ട് വർഷം പൂർത്തിയാകുന്നു. മലയാളിയുടെ പാരമ്പര്യത്തിന്റെ സ്വാദും പൈതൃകത്തിന്റെ കൈപ്പുണ്യവും സ്ട്രീറ്റ് ഫുഡ് കേരള എന്ന സാമൂഹ്യ മാധ്യമ കൂട്ടായ്മയിലൂടെയാണ് രണ്ട് വർഷത്തിനിടയിൽ പരിചയപ്പെടുത്തിയത്. അഞ്ഞൂറ് വീഡിയോകളിലൂടെ മില്യൺ കണക്കിന് കാഴ്ചക്കാരിലേക്കാണ് ഗ്രാമീണ രുചി പാരമ്പര്യത്തിന്റെ വേറിട്ട കാഴ്ചകൾ സമർപ്പിച്ചത്. പാലക്കാട് ജില്ലയിലെ കല്ലടിക്കോട് സ്വദേശിയായ അബ്ദുൽ ഹക്കീമിനുള്ള ഡ്രൈവിംഗ് താൽപര്യമാണ് രുചി തേടിയുള്ള യാത്രക്കാരനാക്കിയത്. ചെറുപ്പത്തിൽ കൊതിച്ച രുചികൾ ആഗ്രഹിച്ച ഭക്ഷണങ്ങളെല്ലാം പാവപ്പെട്ടവനെ ചേർത്തു പിടിച്ചു കൊണ്ടാണ് ഹക്കീം നാടിന് പരിചയപ്പെടുത്തുന്നത്. വേറിട്ട നാട്ടു രുചികൾ, പാചകക്കാർ, തെരുവ് ഭക്ഷണശാലകൾ, തട്ടുകടകൾ, പരിമിതികളെ അതിജീവിക്കുന്ന ജീവിതങ്ങൾ, കാണാമറയത്തെ പ്രതിഭകൾ, കർഷകർ, ശാസ്ത്ര പ്രതിഭകൾ, തൊഴിലാളികൾ, തെരുവ് ജീവിതങ്ങളിലെ വേറിട്ട കാഴ്ചകളെല്ലാം ലളിതമായ വള്ളുവനാടൻ ഭാഷാ ശൈലിയിലൂടെയാണ് ഹക്കീം അവതരിപ്പിക്കുന്നത്. സോഷ്യൽ മീഡിയയിലൂടെ ലക്ഷക്കണക്കിന് കാഴ്ചക്കാരിലേക്ക് ഇത്തരം ജീവിത കഥകൾ എത്തുന്നതോടെ ഗ്രാമീണ കച്ചവടങ്ങൾ മെച്ചപ്പെടുന്നു. അംഗീകാരങ്ങൾ അവരെ തേടിയെത്തുന്നു. വലിയ സ്ഥാപനങ്ങൾ വൻ തുക നൽകി പരസ്യം ചെയ്ത് ബിസിനസ് മെച്ചപ്പെടുത്തുമ്പോൾ ഇത്തരക്കാരെ ചേർത്തു പിടിക്കുന്നതിലൂടെ കാരണ്യ പ്രവർത്തനമാണ് ചെയ്യുന്നതെന്ന് ഹക്കീം പറയുന്നു. പാലക്കാട്ടെ ഓറഞ്ച് ജ്യൂസ് ഉണ്ടാക്കുന്ന വീട്ടമ്മയേയാണ് ആദ്യമായി പരിചയപ്പെടുത്തിയത്. മില്യൺ കാഴ്ചക്കാരെത്തിയതോടെയാണ് രുചിയാത്ര സ്ഥിരമാക്കിയത്. കേരളത്തിനകത്തും പുറത്തുമുള്ള യാത്രക്കിടയിലൂടെ വൻകിട ഹോട്ടലുകളിലെ ഭക്ഷണത്തേക്കാൾ നല്ല ഭക്ഷണങ്ങൾ ലഭിക്കുന്നത് നാട്ടിൻ പുറങ്ങളിലാണന്നാണ് ഹക്കീമിന്റെ വിലയിരുത്തൽ. യൂട്യൂബിലൂടെ ലഭിക്കുന്ന വരുമാനത്തിന്റെ വിഹിതവും പാവപ്പെട്ടവരെ സഹായിക്കാനാണ് ഹക്കീം ഉപയോഗിക്കുന്നത്. 

Latest News