മുല്ലപ്പൂമണമുള്ള സൗഹൃദങ്ങൾ

ഒരു തയാറെടുപ്പും നടത്താതെ തന്നെ നമ്മുടെ ജീവിതത്തിലേക്ക് കടന്നെത്തുന്ന ചില  മനോരഹരങ്ങളായ സൗഹൃദങ്ങളും അവിചാരിതമായ  മുഹൂർത്തങ്ങളുമുണ്ട്. കഴിഞ്ഞ ഏതാനും ദിവസങ്ങൾക്ക് മുമ്പ് ഉച്ചഭക്ഷണം കഴിക്കാനായി റെസ്റ്റോറന്റിൽ ചെന്നപ്പോൾ അവിടെ ഒഴിഞ്ഞ  ഇരിപ്പിടമില്ലാത്ത വിധം തിരക്കായിരുന്നു. വെയ്റ്ററുടെ സ്‌നേഹാദരങ്ങളോടെയുള്ള നിർദേശ പ്രകാരം ഫാമിലി സെക്ഷനിൽ ഒരു ക്യുബിക്കിളിൽ എനിക്കിരിപ്പിടം ലഭിച്ചു.
ഏതാനും നിമിഷങ്ങൾക്കകം നാല് പേർ കൂടി എന്റെ മേശയ്ക്ക് ചുറ്റും വന്നിരുന്നു. മലയാളികളല്ലെന്ന് സംസാരത്തിൽ നിന്ന് അറിഞ്ഞു. മംഗലാപുരത്തുകാരാണ്. അടുത്ത് പരിചയപ്പെടാൻ അധിക നേരം വേണ്ടിവന്നില്ല. ഒരാൾ നാസർ,  മികച്ച കാർട്ടൂണിസ്റ്റാണ്. കന്നട പത്രങ്ങളിൽ അദ്ദേഹത്തിന്റെ കാർട്ടൂണുകൾ അച്ചടിച്ചു വരാറുണ്ട്. രണ്ടാമത്തെയാൾ സുലൈമാൻ. കഴിഞ്ഞ മുപ്പത് വർഷമായി അലിറിദാ കുടുംബത്തിലെ ഡ്രൈവറാണ്.  ജി.സി.സിയിൽ പരക്കെയും  സൗദിയിൽ പ്രത്യേകിച്ചും നിരവധി വൻകിട സംരംഭങ്ങളുടെ സാരഥികളാണ് അലിറിദാ  കുടുംബം.
ആ പ്രസിദ്ധമായ കുടുംബത്തിലെ മൂത്ത മകൾ  മാഡം ഹാമിദയുടെ വീട്ടിലാണ് ഇദ്ദേഹം ജോലി ചെയ്യുന്നത്. മറ്റൊരാൾ അതേ വീട്ടിൽ സെക്യൂരിറ്റി ജീവനക്കാരനാണ്. നാലാമത്തെയാൾ സുലൈമാന്റെ മകനാണ്. അവരെല്ലാവരും കുടുംബക്കാരാണ്. പുതുസൗഹൃദത്തിന്റെ ഹൃദ്യതയിൽ ഉച്ചഭക്ഷണത്തിന് രുചിയേറി. അനുഭവ കഥകളും കുടുംബ വിശേഷങ്ങളും പെയ്തിറങ്ങി.
എഴുപത് കഴിഞ്ഞ ഹാമിദ മാഡത്തിന്റെ കുലീനമായ പെരുമാറ്റത്തെ ക്കുറിച്ചും ആ കുടുംബത്തിന്റെ മഹനീയമായ പാരമ്പര്യത്തെക്കുറിച്ചും സുലൈമാൻ  ഏറെ ആദരവോടെ വാചാലനായി. പ്രഗൽഭ സൗദി മാധ്യമ കുലപതിയും  അന്താരാഷ്ട്ര രംഗത്ത് ഏറെ ശ്രദ്ധേയനുമായ ഖാലിദ് അൽ മഈന  നേരത്തേ എനിക്ക് സമ്മാനിച്ച  ഒരു പുസ്തകം ഓർമയിലെത്തി. കൊറോണ കാലത്തിന് മുമ്പായിരുന്നു  അത്.
അറ്റ് ദി ഡ്രോപ് ഓഫ് ദി വെയ്ൽ എന്ന  ആ പുസ്തകം എഴുതിയത് മറിയാന അലി റിദാ എന്ന അമേരിക്കക്കാരിയാണ്.  മാഡം ഹാമിദയുടെ മാതാവാണവർ.
ഖാലിദ് മഈനക്ക് അലിറിദാ കുടുംബവുമായുള്ള  ആത്മബന്ധം വളരെയേറെയാണെന്ന് സുലൈമാൻ പറഞ്ഞു. അതീവ  മനോഹരമായ ആ പുസ്തകത്തിൽ വരച്ചിടപ്പെട്ട  കുടുംബത്തെ നേരിട്ടറിയാൻ എനിക്കാഗ്രഹമുണ്ടായിരുന്നു. ഇൻശാ അല്ലാഹ്, ഒരിക്കൽ നേരത്തോടെ അൽ മഈനയോടൊത്ത് അവരെ കാണാമെന്ന പ്രതീക്ഷയർപ്പിച്ച് ഞങ്ങൾ തൽക്കാലം പിരിഞ്ഞു.


തൊട്ടടുത്ത ദിവസം സായാഹ്നത്തിൽ ഉസ്താദ് അൽ മഈനയുടെ ഫോൺ കോൾ എന്നെ തേടിയെത്തി.  സുലൈമാനെ എങ്ങനെ അറിയാം? ഞാൻ തന്ന പുസ്തകം വായിച്ചിരുന്നോ? അതല്ല, വായിക്കാതെ മാറ്റിവെച്ചോ? സരസമായ സംസാരം. അടുത്തിടെ  'സൈൻ ജിദ്ദ' സംഘടിപ്പിച്ച പരിപാടിയിൽ ഞാൻ  അവതരിപ്പിച്ച സ്ട്രസ് മാനജ്‌മെന്റ് സെഷനെക്കുറിച്ചുള്ള  നല്ല കമന്റുകളും കൂട്ടത്തിലുണ്ടായിരുന്നു. 
അലിറിദാ കുടുംബത്തെ   അടുത്തറിയാനുള്ള എന്റെ താൽപര്യം മാഡം ഹാമിദക്ക് ഇഷ്ടമായെന്നും മോട്ടിവേഷനൽ സ്പീക്കറായ ഡോക്ടർ ഇസ്മായിലിന് അടുത്ത ദിവസം അവരെ കാണാമെന്നും അദ്ദേഹം ചിരിച്ച്  അറിയിച്ചു. സൗദി അറേബ്യയുടെ ആധുനിക വൽക്കരണത്തിൽ നിർണായകമായ പങ്ക് വഹിച്ച ഈ കുടുംബത്തിലെ പ്രമുഖ അംഗമായ അലി റിദയുടെ ജീവിത സഖിയായിരുന്ന മറിയാനയുടെ ആത്മകഥയിൽ സൗദിയുടെ സാംസ്‌കാരിക വൈവിധ്യത്തെയും സമൃദ്ധിക്ക് മുമ്പുള്ള  സൗദി ജീവിതത്തെയും ഹൃദയ സ്പർശിയായ തരത്തിൽ തന്മയത്വത്തോടെ അടയാളപ്പെടുത്തിയിട്ടുണ്ട്.

 


സർവതല സ്പർശികളായ ചെറുവർത്തമാനങ്ങളും രാജകീയമായ ഡിന്നറും  ഞങ്ങളുടെ കൂടിക്കാഴ്ചയെ ഏറെ വേറിട്ടതാക്കി.  മാതാവിൽ നിന്നും പിതാവിൽ നിന്നും പകർന്നു കിട്ടിയ കുലീനതയും അതിഥി സൽക്കാര മഹിമയും   മാഡം ഹാമിദയിൽ നിന്നും മാഡം നാദിയയിൽ    നിന്നും മകളായ നദ, മരുമകനായ ഹസൻ, പേരക്കുട്ടികൾ, കുടുംബ ബന്ധുക്കളായ ഒസാമ ഖബ്ബാനി, സഊദ് അഖീല്‍ എന്നിവരിൽ നിന്നും കലവറയില്ലാതെ വേണ്ടുവോളം അനുഭവിച്ച മുഹൂർത്തങ്ങൾ കൊണ്ട് സമൃദ്ധമായിരുന്നു അത്.
പ്രിയ എഴുത്തുകാരിയുടെ അപൂർവമായ  മാതൃവാൽസല്യത്തിൽ വളർന്ന ഹാമിദ മാഡവും നാദിയ മാഡവും, ഉമ്മീ ഏറെ സന്തോഷിക്കുന്നുണ്ടാവും എന്നെഴുതി  ആ  പുസ്തകത്തിൽ ഒപ്പ് വെച്ച് എനിക്ക് തന്നത് ഏറെ സ്‌നേഹാദരങ്ങളോടെയാണ്. വായിച്ചറിഞ്ഞാസ്വദിച്ച പുസ്തകത്തിലെ കുടുംബത്തോടൊത്ത്  സ്‌നേഹസുഗന്ധിയായ   ഒരു സൗഹൃദ  സായാഹ്നം ഉസ്താദ് ഖാലിദ് അൽ മഈനയോടൊത്ത് ചെലവഴിച്ചത് എന്റെ സൗദി ജീവിതത്തിലെ മറ്റൊരു ഒളിമങ്ങാത്ത  അവിസ്മരണീയമായ അധ്യായം തന്നെ.

Latest News