ജോലിയില്ലാത്ത ഭര്‍ത്താവിന് മുന്‍ഭാര്യ ചെലവിന് നല്‍കണമെന്ന ഉത്തരവ് ഹൈക്കോടതി ശരിവെച്ചു

ഔറംഗാബാദ്- സ്‌കൂള്‍ അധ്യാപിക മുന്‍ ഭര്‍ത്താവിന് ജീവനാംശം നല്‍കണമെന്ന നന്ദേഡ് കോടതിയുടെ ഉത്തരവില്‍  ബോംബെ ഹൈക്കോടതിയുടെ ഔറംഗബാദ് ബെഞ്ച് വിസമ്മതിച്ചു. വരുമാന മാര്‍ഗമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഭര്‍ത്താവ് കോടതിയെ സമീപിച്ചിരുന്നത്.
ഹരജി നല്‍കിയതു മുതല്‍ ഹരജി തീര്‍പ്പാക്കുന്നതുവരെ പ്രതിമാസം 3,000 രൂപ  ഭര്‍ത്താവിന് ചെലവിനു നല്‍കാന്‍ കോടതി യുവതിയോട് ഉത്തരവിട്ടിരുന്നു. കുടിശ്ശിക വരുത്തിയതിനെ തുടര്‍ന്ന് അധ്യാപികയുടെ പ്രതിമാസ ശമ്പളത്തില്‍നിന്ന് 5,000 രൂപ പിടിച്ച്  കോടതിയില്‍ അടക്കാന്‍ 2019 ല്‍ സ്‌കൂള്‍ ഹെഡ്മാസ്റ്ററോടും കോടതി നിര്‍ദേശിച്ചു.  
രണ്ട് ഉത്തരവുകളും ചോദ്യം ചെയ്താണ് യുവതി ജസ്റ്റിസ് ഭാരതി ദാംഗ്രെയുടെ ബെഞ്ചിന് മുമ്പാകെ റിട്ട് ഹരജി സമര്‍പ്പിച്ചിരുന്നത്. 1955ലെ ഹിന്ദു വിവാഹ നിയമത്തിലെ സെക്ഷന്‍ 24 പ്രകാരം ഭര്‍ത്താവ് നല്‍കിയ ഇടക്കാല ജീവനാംശത്തിനായുള്ള അപേക്ഷ ജഡ്ജി ശരിയായാണ് പരിഗണിച്ചതെന്നും  സെക്ഷന്‍ 25 പ്രകാരമുള്ള നടപടികള്‍ തീര്‍പ്പുകല്‍പിക്കാത്തതിനാല്‍ ഭര്‍ത്താവിന് ഇടക്കാല ജീവനാംശത്തിന് അര്‍ഹതയുണ്ടെന്നും ജസ്റ്റിസ് ഡാംഗ്രെ വ്യക്തമാക്കി.
കേസില്‍ ഉള്‍പ്പെട്ട സ്ത്രീയും പുരുഷനും 1992 ഏപ്രില്‍ 17നാണ വിവാഹിതരായത്. പിന്നീട് പീഡനം ആരോപിച്ച് വിവാഹം വേര്‍പെടുത്താന്‍ ഭാര്യ നല്‍കിയ ഹരജി പരിഗണിച്ച് 2015ല്‍ നാന്ദേഡ് കോടതി വിവാഹമോചനം അനുവദിച്ചു.

തുടര്‍ന്ന് ഭാര്യയില്‍ നിന്ന് പ്രതിമാസം 15,000 രൂപ സ്ഥിരം ജീവനാംശം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഭര്‍ത്താവ് കീഴ്‌ക്കോടതിയില്‍ ഹരജി നല്‍കുകയായിരുന്നു. ഭാര്യ എംഎ, ബിഎഡ് വിദ്യാഭ്യാസ യോഗ്യത നേടിയിട്ടുണ്ടെന്നും തനിക്ക് വരുമാന മാര്‍ഗമില്ലെന്നും ഭര്‍ത്താവ് വാദിച്ചു.
വീ്ട്ടുജോലികള്‍ നോക്കി രുദം നേടുന്നതിന് താനാണ് ഭാര്യയെ പ്രോത്സാഹിപ്പിച്ചിരുന്നതെന്നും ഭര്‍ത്താവ് അവകാശപ്പെട്ടു. ദുരുദ്ദേശ്യത്തോടെ ഭാര്യ വിവാഹമോചനത്തിന് അപേക്ഷ നല്‍കിയതിനാല്‍ അപമാനിതനായതായും അദ്ദേഹം ആരോപിച്ചിരുന്നു.
തൊഴില്‍ രഹിതനാണെന്നും സ്ഥാവര ജംഗമ സ്വത്തുക്കളൊന്നുമില്ലെന്നും സ്വതന്ത്ര വരുമാനമില്ലെന്നും ഭര്‍ത്താവ് ബോധിപ്പിച്ചിരുന്നു.

 

Latest News