കുവൈത്ത് സിറ്റി - കുവൈത്ത് വിദേശികളുടെ രാജ്യമായി മാറിയെന്നും കുവൈത്ത് ഇപ്പോൾ സ്വദേശികളുടെ രാജ്യമല്ലാതായതായും കുവൈത്ത് എം.പി ബദ്ർ അൽഹുമൈദി പാർലമെന്റിൽ പറഞ്ഞു. രാജ്യത്തെ സ്ഥിതിഗതികളിൽ ബദ്ർ അൽഹുമൈദി കടുത്ത രോഷവും സങ്കടവും പ്രകടിപ്പിച്ചു. വിദേശികളുടെ വർധിച്ച സാന്നിധ്യവുമായി ബന്ധപ്പെട്ട് സർക്കാറിന്റെ പൊതുസമീപനം വിലയിരുത്തൽ അനിവാര്യമാണ്. കുവൈത്തിൽ എങ്ങും വിദേശികളുടെ ആധിപത്യമാണ്.
നേത്രപരിശോധനക്കായി അൽബഹ്ർ ഐ ആശുപത്രിയിൽ പോയപ്പോൾ തനിക്ക് നേരിട്ട ദുരനുഭവം ബദ്ർ അൽഹുമൈദി പാർലമെന്റ് സെഷനിൽ വിശദീകരിച്ചു. ആശുപത്രിയിൽ പരിശോധനക്കും ചികിത്സക്കും എത്തിയ വ്യത്യസ്ത രാജ്യക്കാരായ വിദേശികളുടെ കടുത്ത തിരക്കായിരുന്നു. ആശുപത്രിയിൽ ജോലി ചെയ്യുന്ന ഇന്ത്യക്കാരനായ ഡോക്ടറുമായി ഫോണിൽ ബന്ധപ്പെട്ട് റെക്കമെന്റ് തരപ്പെടുത്തിയാണ് തനിക്ക് നേത്രപരിശോധനക്ക് സാധിച്ചതെന്നും ബദ്ർ അൽഹുമൈദി രോഷത്തോടെ പാർലമെന്റിൽ പറഞ്ഞു. ഇദ്ദേഹം പാർലമെന്റിൽ നടത്തിയ പ്രസംഗം സാമൂഹികമാധ്യമങ്ങളിൽ വൈറലായി.