റഷ്യൻ ആന്റി വൈറസ് സോഫ്റ്റ്‌വെയറിനെതിരെ മുന്നറിയിപ്പ്

ആന്റി വൈറസ് സോഫ്റ്റ് വെയർ ഉൾപ്പെടെ റഷ്യൻ ടെക്‌നോളജി ഉപയോഗിക്കുന്ന കമ്പനികൾ രണ്ടു വട്ടം ആലോചിക്കണമെന്ന് ബ്രട്ടനിലെ നാഷണൽ സൈബർ സെക്യൂരിറ്റി സെന്റർ മുന്നറിയിപ്പ്. രാജ്യത്തെ സ്ഥാപനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയ സുരക്ഷാ കേന്ദ്രം കാസ്പർ സ്‌കൈ ആന്റി വൈറസ് സോഫ്റ്റ് വെയർ ഉപയോഗിക്കുന്ന വ്യക്തികൾ ഭയപ്പെടാനില്ലെന്നും വ്യക്തമാക്കി. കംപ്യൂട്ടറുകളിൽ വൈറസ് ആക്രമണം തടയുന്നതിന് ലോകമെമ്പാടും ഉപയോഗിക്കുന്ന കാസ്പർസ്‌കൈ ഒഴിവാക്കണമെന്ന് ജർമനി ഈയിടെ നിർദേശിച്ചിരുന്നു. ജർമനി നൽകിയ മുന്നറിയിപ്പ് രാഷ്ട്രീയവുമായി ബന്ധപ്പെട്ടതാണെന്നാണ് കാസ്പർസ്‌കൈ കമ്പനി ഇതേക്കുറിച്ച് പ്രതികരിച്ചത്. റഷ്യയിലാണ് കാസ്പർ സ്‌കൈ ആന്റി സോഫ്റ്റ് വെയർ കമ്പനിയുടെ ആസ്ഥാനം. 
ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളിൽ കാസ്പർ സ്‌കൈ ഉൽപന്നങ്ങൾ ഉപയോഗിക്കരുതെന്ന് 2017 ൽ യു.കെയിലെ നാഷണൽ സൈബർ സെക്യൂരിറ്റി  സെന്റർ മുന്നറിയിപ്പ് നൽകിയിരുന്നു. ഇതു സംബന്ധിച്ച് എല്ലാ സർക്കാർ ഡിപ്പാർട്ട്‌മെന്റുകൾക്കും എഴുതുകയും ചെയ്തിരുന്നു. അതേസമയം, റഷ്യൻ വാണിജ്യ ഉൽപന്നങ്ങൾ ബ്രിട്ടനെതിരെ ഉപയോഗിക്കുന്നതിന് ഇതുവരെ തെളിവുകളില്ലെന്നാണ് കഴിഞ്ഞ ദിവസം നാഷണൽ സൈബർ സെന്റർ അറിയിച്ചത്. എന്നാൽ തെളിവ് ലഭിച്ചില്ല എന്നത് ഇല്ലെന്നതിന് തെളിവല്ലെന്ന് വ്യക്തമാക്കിയിട്ടുമുണ്ട്. റഷ്യൻ നിയന്ത്രണത്തിലുള്ള ടെക്‌നോളജി ഉപയോഗിക്കുന്നത് പുനഃപരിശോധിക്കണമെന്നാണ് സെന്റർ ഇപ്പോൾ സ്ഥാപനങ്ങളോട് ആവശ്യപ്പെടുന്നത്. 
2017 ൽ നൽകിയ മാർഗനിർദേശത്തിൽ ദേശസുരക്ഷയുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളെ കുറിച്ച് മാത്രമാണ് പറഞ്ഞിരുന്നതെങ്കിൽ പുതിയ നിർദേശത്തിൽ എല്ലാ സ്ഥാപനങ്ങളെയും ഉൾപ്പെടുത്തിയിട്ടുണ്ട്. ഉക്രൈന് സേവനങ്ങൾ നൽകുന്ന സ്ഥാപനങ്ങൾക്ക് പ്രത്യേക ജാഗ്രതാ നിർദേശമുണ്ട്. 
ഉക്രൈനിൽ റഷ്യയുടെ അധിനിവേശം ആരംഭിച്ചതിനു പിന്നാലെ വ്യാപകമായ സൈബർ ആക്രമണങ്ങൾ പ്രതീക്ഷിച്ചിരുന്നു. എന്നാൽ വലിയ തോതിലുള്ള സൈബർ ആക്രമണങ്ങൾ ഉണ്ടായില്ല. ഉക്രൈൻ അധിനിവേശം റഷ്യക്ക് എളുപ്പമല്ലാതാകുകയും ചെയ്തു. കാസ്പർ സ്‌കൈ ആന്റി വൈറസ് ഉപയോഗിക്കരുതെന്ന് റഷ്യ നിർദേശിച്ചതിനു പിന്നാലെ സമാന നിർദേശം യു.കെയിലുമുണ്ടാകുമെന്നാണ് കരുതിയിരുന്നത്. എന്നാൽ വ്യക്തികൾക്ക് കാസ്പർ സ്‌കൈ ഉപയോഗിക്കാമെന്നാണ്് യു.കെ സൈബർ സുരക്ഷാ കേന്ദ്രം ഇപ്പോൾ അറിയിച്ചിരിക്കുന്നത്. ഉക്രൈൻ അധിനിവേശത്തിന്റെ പശ്ചാത്തലത്തിൽ നാറ്റോ, യൂറോപ്യൻ രാജ്യങ്ങൾക്കെതിരെ സാങ്കേതിക വിദ്യ ഉപയോഗിക്കാൻ റഷ്യൻ ഐ.ടി കമ്പനികൾക്കുമേൽ സമ്മർദമുണ്ടാകുമെന്നാണ് മാർച്ച് ആദ്യം ജർമനിയുടെ ഇൻഫർമേഷൻ സക്യൂരിറ്റി ഓഫീസ് വ്യക്തമാക്കിയിരുന്നത്. 

Latest News