കുട്ടികളിൽ കണ്ണുവേണമെന്ന് വീണ്ടും പഠനം

സോഷ്യൽ മീഡിയയുടെ മിക്ക പ്ലാറ്റ്‌ഫോമുകളിലും ഉപയോക്താക്കൾ 13 വയസ്സിനു മുകളിൽ പ്രായമുള്ളവരായിരിക്കണമെന്ന നിബന്ധനയുണ്ടെങ്കിലും അഞ്ചു വയസ്സുള്ള കുട്ടികൾ ധാരാളമായി സമൂഹ മാധ്യമങ്ങൾ ഉപയോഗിക്കുന്നുവെന്ന് സർവേ റിപ്പോർട്ട്. 
മാധ്യമ ശീലങ്ങളെക്കുറിച്ചുള്ള ഓഫ് കോമിന്റെ വാർഷിക പഠനമാണ് ഇക്കാര്യം വ്യക്തമാക്കിയത്.  അഞ്ച് മുതൽ ഏഴ് വയസ്സ് വരെ പ്രായമുള്ള തങ്ങളുടെ കുട്ടികൾക്ക് സോഷ്യൽ മീഡിയ പ്രൊഫൈൽ ഉണ്ടെന്ന് സർവേയിൽ പങ്കെടുത്ത മാതാപിതാക്കളിൽ മൂന്നിലൊന്നും  വെളിപ്പെടുത്തി.
സോഷ്യൽ മീഡിയ ഉപയോഗിക്കുന്ന് എട്ട് മുതൽ 11 വയസ്സുവരെയുള്ള കുട്ടികൾക്ക് ഏറ്റവും പ്രിയം ജനപ്രിയമായ പ്ലാറ്റ്‌ഫോമായ ടിക് ടോക്കാണ്. 
ഈ പ്രായത്തിലുള്ള കുട്ടികളിൽ  മൂന്നിൽ ഒരാൾക്ക് ടിക് ടോക് അക്കൗണ്ട് ഉണ്ട്. അക്കൗണ്ട് തുറക്കാൻ പതിമുന്ന് വയസ്സിൽ കൂടുതൽ പ്രായമുണ്ടായിരിക്കണമെന്ന കർശന വ്യവസ്ഥയുള്ള സോഷ്യൽ മീഡിയ ആണ് ടിക് ടോക്. 
സൈൻഅപ് ചെയ്യുന്ന ഘട്ടത്തിലും  പ്രായപൂർത്തിയാകാത്ത അക്കൗണ്ടുകൾ  പ്ലാറ്റ്‌ഫോമിൽ നിന്ന് തുടർച്ചയായി സജീവമായി നീക്കം ചെയ്യുന്നതിലൂടെയും  കുറഞ്ഞ പ്രായ നിബന്ധന നടപ്പിലാക്കുന്നതിനുള്ള നടപടിക്രമങ്ങളുണ്ടെന്നാണ് ടിക് ടോക്കിന്റെ അവകാശവാദം. 
ഞങ്ങളുടെ കമ്യൂണിറ്റിയുടെയും യുവാക്കളുടെയും സുരക്ഷയാണ് തങ്ങൾക്ക് ഏറ്റവും പ്രധാനമെന്നും കമ്പനി പറയുന്നു.  
ചെറിയ കുട്ടികൾ പോലും ടിക് ടോക് വീഡിയോകൾ കാണുന്നുണ്ടെന്ന്  ഓഫ്‌കോം സർവേ വെളിപ്പെടുത്തുന്നു. 
ടിക് ടോട് എന്നാണ്  ഇതിനെ ഓഫ്‌കോം വിളിക്കുന്നത്.  മൂന്ന് മുതൽ നാല് വയസ്സ് വരെ പ്രായമുള്ള കുട്ടികളിൽ 16 ശതമാനം പേർ ടിക് ടോക് വീഡിയോകൾ കാണുന്നതായാണ് കണക്കാക്കുന്നത്. 
രക്ഷിതാവോ മറ്റ് മുതിർന്ന വ്യക്തികളോ വീഡിയോകൾ കുട്ടികളെ കാണിക്കുന്നതാകാമെന്നും  ഈ പ്രായക്കാരായ കുട്ടികൾക്ക് സ്വന്തമായി അക്കൗണ്ടുകളുണ്ടെന്ന് അർഥമാക്കുന്നില്ലെന്നും ഓഫ്‌കോം വ്യക്തമാക്കി. എന്നാൽ കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗത്തെ കുറിച്ച് നടത്തിയ കണ്ടെത്തലുകൾ യഥാർത്ഥത്തിൽ ശ്രദ്ധേയമാണെന്ന്  ഓഫ്‌കോം സ്ട്രാറ്റജി ആൻഡ് റിസർച്ച് ഡയറക്ടർ യിഹ്‌ചോങ് തെ പറഞ്ഞു.
തനിക്ക് 11 ഉം എട്ടും വയസ്സായ കുട്ടികളുണ്ടെന്നും  അവരുടെ സമപ്രായക്കാരിൽ 60 ശതമാനം പേർക്കും  സോഷ്യൽ മീഡിയ പ്രൊഫൈൽ ഉണ്ടെന്നത് ആശ്ചര്യമാണെന്നും അദ്ദേഹം പറഞ്ഞു. 
വലിയ ടെക് പ്ലാറ്റ്‌ഫോമുകൾ അവരുടെ നിബന്ധനകളിലും വ്യവസ്ഥകളിലും കുറഞ്ഞ പ്രായപരിധി നിശ്ചയിക്കുന്നുണ്ടെങ്കിലും അവ യഥാർത്ഥത്തിൽ നടപ്പിലാക്കപ്പെടുന്നില്ലെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം.  
 കുട്ടികൾ ഓൺലൈനിൽ എന്താണ് ചെയ്യുന്നതെന്ന് മാതാപിതാക്കൾ അറിഞ്ഞിരിക്കണമെന്ന്  യിഹ്‌ചോങ് തെ പറഞ്ഞു. 
എന്താണ് കാണുന്നതെന്ന് എല്ലായ്‌പോഴും ചോദിക്കുക  എളുപ്പമല്ല. അതേസമയം, ഒരു രക്ഷിതാവ് എന്ന നിലയിൽ, അവർ ചെയ്യുന്ന കാര്യങ്ങളെക്കുറിച്ച് കുട്ടികളുമായി സംസാരിക്കേണ്ട ഉത്തരവാദിത്തം രക്ഷിതാക്കൾക്കുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
മൂന്ന് മുതൽ നാല് വയസ്സ് വരെ പ്രായമുള്ള കുട്ടികളുള്ള  മാതാപിതാക്കളിൽ 22 ശതമാനം പേരും എട്ട് മുതൽ 11 വയസ്സ് വരെ പ്രായമുള്ള കുട്ടികളുള്ള  മാതാപിതാക്കളിൽ 38 ശതമാനം പേരും കുറഞ്ഞ പ്രായത്തിൽ എത്തുന്നതിന് മുമ്പ് തന്നെ തങ്ങളുടെ കുട്ടിക്ക് സോഷ്യൽ മീഡിയയിൽ പ്രൊഫൈൽ അനുവദിക്കുകയാണെന്ന്  സർവേ കണ്ടെത്തി. 
പല കുട്ടികളും തങ്ങളുടെ ഓൺലൈൻ ഉപയോഗം രക്ഷിതാക്കളിൽ നിന്ന് മറച്ചുവെക്കാൻ മറ്റു അക്കൗണ്ടുകളോ  വ്യാജ ഇൻസ്റ്റഗ്രാമുകളോ തന്ത്രപരമായി ഉപയോഗിക്കുന്നുണ്ടെന്ന് ഓഫ്‌കോം പറയുന്നു. 
കുട്ടികളുടെ ഇന്റർനെറ്റ് ഉപയോഗം മാതാപിതാക്കൾ നിരീക്ഷിക്കണം എന്ന് സൈബർ സുരക്ഷാ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. ഇന്റർനെറ്റ് ഉപയോഗത്തോട് ഏറെ അടുപ്പമുള്ള ഒരു തലമുറയാണ് വളർന്നുവരുന്നതെന്ന് വ്യക്തമാക്കുകയാണ് ഈ പഠന റിപ്പോർട്ട്. 
അത്യാധുനിക സാങ്കേതിക സംവിധാനങ്ങൾക്ക് കുട്ടികൾക്കിടയിൽ ഏറെ പ്രചാരം ലഭിക്കുന്നു. പലവഴി ലഭിക്കുന്ന വീഡിയോകൾക്കും സിനിമകൾക്കും കുട്ടികളിൽ സ്വാധീനം ചെലത്തുവാൻ കഴിയുമെന്ന് പഠനം പറയുന്നു.

Latest News