റിയാദ്-സൗദി അറേബ്യയ്ക്ക് അഭിമാനമായി അമേരിക്കൻ പോലീസ് സേനയിൽ സൗദി യുവാവ്. തലാലുൽ തൂനിസിയ് എന്ന സൗദി പൗരനാണ് മുസ്ലിം സമുഹത്തിനും സൗദി അറേബ്യക്കും സന്തോഷിക്കാനും അഭിമാനിക്കാനും അവസരമൊരുക്കി അമേരിക്കൻ പോലീസ് സേനയിൽ ഇടം നേടിയിരിക്കുന്നത്. റിയാദിൽ നിന്ന് ഹൈസ്‌കൂൾ പഠനം പൂർത്തിയാക്കി ബിരുദ പഠനത്തിനാണ് തൂനിസിയ് അമേരിക്കയിലേക്ക് പോയത്. സുരക്ഷാ സേനയിൽ ജോലി നേടണമെന്ന ആഗ്രഹത്തെ തുടർന്ന് അമേരിക്കയിൽ അതിനാവശ്യമായ യോഗ്യതകൾ അദ്ദേഹം നേടുകയയായിരുന്നു.
സുരക്ഷാ സേനയിലെ ജോലിയോടുള്ള താത്പര്യവും അമേരിക്കയിലെ പ്രമുഖ നഗരങ്ങളായ ഹോസ്റ്റണിലും ടെക്സാസിലും നാല് വർഷമായി ജോലി ചെയ്യുന്നതിന്റെ സന്തോഷവും അൽ അറബിയ്യ ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് തലാലുൽ തൂനിസിയ് അഭിമാനത്തോടെ വിവരിച്ചത്. മറ്റുള്ളവരെ സഹായിക്കണമെന്ന ഇസ്ലാമിന്റെ പാഠം ഞാൻ നിറവേറ്റുന്നുവെന്നും ഞാൻ മുസ്ലിം സമുഹത്തിന്റേയും സൗദിയുടേയും പ്രതിനിധിയായിട്ടു കൂടിയാണ് അമേരിക്കൻ സേനയിൽ ജോലി ചെയ്യുന്നതെന്നും തൂനിസിയ് പറയുന്നു. ലോകത്ത് മുസ്ലിംകളെ കുറിച്ച് നല്ല ചിത്രങ്ങൾ കാണിക്കാനാണ് ഞാൻ ശ്രമിക്കുന്നതെന്നും ഈ മേഖലയിൽ ജോലി ചെയ്യാനുള്ള കരുത്തും ഊർജ്ജവും ഈ ചിന്തയാണെന്നും തലാലുൽ തൂനിസിയ് പങ്കുവെക്കുന്നു.
രേഖകളുടെ പരിശോധന, അഭിമുഖം, കളവ് കണ്ടെത്താനുള്ള പരിശോധന, ഇംഗ്ലീഷ് ഭാഷാ നൈപുണ്യ പരീക്ഷ, ശാരീരിക ക്ഷമതാ പരിശോധന എന്നിവയെല്ലാം വിജയകരമായി പൂർത്തിയാക്കിയ ശേഷമാണ് ഈ നേട്ടത്തിൽ അദ്ദേഹം എത്തിയത്. കൂടാതെ അമേരിക്കൻ പാസ്പോർട്ടുള്ളവർക്ക് മാത്രമേ ഈ ജോലി ലഭിക്കുകയുള്ളൂ. 48 മണിക്കൂർ ദൈർഘ്യമുള്ള കോഴ്സ് ഏതെങ്കിലും സർവകലാശാലയിൽ നിന്ന് മികച്ച റിസൽട്ടോടെ പൂർത്തിയാക്കുകയും കുറ്റകൃത്യങ്ങളിൽ ഉൾപെട്ടിട്ടില്ലെന്ന സർട്ടിഫിക്കറ്റ് ലഭിക്കുകയും ചെയ്തവർക്ക് മാത്രമേ അമേരിക്കൻ പോലീസ് സേനയിൽ ജോലി ലഭിക്കുകയുള്ളു.
ഹോസ്റ്റൺ പോലീസിലെ അക്കാദമിക മികവിനുള്ള ആദ്യ റാങ്ക് നേടിയ ആദ്യ അറേബ്യൻ പൗരനും സൗദി പൗരനും തൂനിസിയ് തന്നെ. കാമാന്റ് വിഭാഗത്തിലും ഷൂട്ടിംങ് വിഭാഗത്തിലും മികവ് പുലർത്തിയവരുടെ കൂട്ടത്തിലും തൂനിസി മുന്നിലുണ്ട്.
അമേരിക്കയിലെ പോലീസ് ജീവിതത്തിനിടയിൽ പല തരത്തിലുള്ള അനുഭവങ്ങളിലൂടെയാണ് തൂനിസിയ് കടന്നു പോയത്. അക്രമങ്ങളും കൊലപാതകങ്ങളും ആത്മഹത്യകളുമെല്ലാം കണ്ടിട്ടുണ്ടെങ്കിലും ഒരു അനുഭവം ഒരിക്കലും മറക്കാൻ കഴിയാത്തതാണെന്നാണ് തൂനിസിയ് പറയുന്നത്. ആ സംഭവം ഇങ്ങനെ, അക്രമി തോക്കിൻ മുനയിൽ നിർത്തി ബന്ദിയാക്കി ഒരാളെ തട്ടികൊണ്ടു പോവാൻ ശ്രമിക്കുന്നുവെന്ന വിവരത്തെ തുടർന്നാണ് ഞാൻ അവിടെ എത്തിയത്. നോക്കുമ്പോൾ ഒരു അക്രമി ഒരു സ്ത്രീയേയും പൊലീസിനേയും വെടിവെക്കുന്നു. കത്തികൊണ്ടു കുത്തി അക്രമിക്കാനും ശ്രമിക്കുന്നു. ഇതിനിടയിൽ ഞാൻ ശ്രമകരമായി അക്രമിക്കപ്പെട്ട സത്രീയെ രക്ഷിക്കുകയും അവളുടെ ശരീരത്തിൽ തറച്ച അഞ്ചോളം വെടിയുണ്ടകൾ പെട്ടെന്ന് തന്നെ പുറത്തെടുക്കുകയും ചെയ്തു. ആംബുലൻസ് വരുന്നതു വരേയുള്ള വൈദ്യ സഹായം ഉറപ്പാക്കുകയും ചെയ്തു. ഈ സംഭവത്തെ തുടർന്ന പോലീസ് മേധാവി തന്നെ അദ്ദേഹത്തിന്റെ ആസ്ഥാനത്തേക്ക് വിളിപ്പിക്കുകയും ആദരിക്കുകയും ചെയ്ത സംഭവം മറക്കാൻ കഴിയില്ലെന്ന് തൂനിസിയ് പറയുന്നത്.
വർഷങ്ങളോളം പോലീസ് സേനയിലൂടെ സൗദി ജനങ്ങളെ സേവിച്ച തന്റെ വലിയുപ്പയായ അബ്ദുറഹ്‌മാൻ അൽതുനീസിയുടെ സ്വാധീനം തന്റെ കരിയർ സുരക്ഷാ സേനയിൽ തന്നെ ആയതിന്റെ പിന്നിലുണ്ടെന്നും അദ്ദേഹം ഏറ്റുവാങ്ങിയ മരുക്കാറ്റുകളുടെ സുഗന്ധം എന്നിലുണ്ടെന്നും അദ്ദേഹത്തിന്റെ ആഗ്രഹമായ സൈനിക ഉദ്യോഗസ്ഥനെന്ന സ്പ്നം സാക്ഷാത്കരിക്കാനാണ് ഞാൻ ശ്രമിക്കുന്നതെന്നും തൂനിസിയ് കൂട്ടിച്ചേർത്തു.






