Sorry, you need to enable JavaScript to visit this website.

ഫിലിപോ ഒസെല്ലയെ നാടുകടത്തിയതില്‍ പരിശോധന ആവശ്യപ്പെട്ട് മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്തയച്ചു

തിരുവനന്തപുരം- പ്രമുഖ നരവംശ ശാസ്ത്രജ്ഞന്‍ ഫിലിപ്പോ ഒസെല്ലയെ കഴിഞ്ഞയാഴ്ച തിരുവനന്തപുരം വിമാനത്താവളത്തില്‍ വിമാനം ഇറങ്ങിയ ഉടന്‍ നാടുകടത്തിയ സംഭവത്തില്‍ പരിശോധന ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് കത്തെഴുതി. വിദേശ പണ്ഡിതരേയും സാമൂഹിക ശാസ്ത്രജ്ഞരേയും സ്വാഗതം ചെയ്യുന്ന സമ്പന്ന പാരമ്പര്യമുള്ള രാജ്യമാണ് ഇന്ത്യയെന്നും ഒസെല്ലയെ നാടുകടത്തിയ സംഭവം അത് അര്‍ഹിക്കുന്ന ഗൗരവത്തോടെ പരിശോധിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. ഭാവിയില്‍ ഇത്തരം നടപടികള്‍ തടയാനുള്ള നിര്‍ദേശങ്ങള്‍ നല്‍കണമെന്നും പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു. 

ബ്രിട്ടനിലെ യൂനിവേഴ്‌സിറ്റി ഓഫ് സസക്‌സിലെ നരവംശപഠന വിഭാഗം പ്രൊഫസറാണ് ഫിലിപ്പോ ഒസെല്ല. കേരളവുമായി ബന്ധപ്പെട്ട് നിരവധി അക്കാഡമിക് പഠനങ്ങള്‍ ഒസെല്ലയുടേതായി ഉണ്ട്. അദ്ദേഹം കുടി ഉള്‍പ്പെട്ട ഒരു പഠനവുമായി ബന്ധപ്പെട്ട് കൊച്ചിന്‍ യൂനിവേഴ്‌സിറ്റി ഓഫ് സയന്‍സ് ആന്റ് ടെക്‌നോളജിയില്‍ (കുസാറ്റ്) ഒരു സെമിനാറില്‍ പങ്കെടുക്കാന്‍ കേരളത്തിലെത്തിയതായിരുന്നു അദ്ദേഹം. ഒസെല്ലയെ പോലുള്ള പ്രശസ്തരായ പണ്ഡിതര്‍ നാടുകടത്തല്‍ നടപടി നേരിടേണ്ടി വരുന്നത് ദുഃഖകരമാണെന്നും മുഖ്യമന്ത്രി കത്തില്‍ ചൂണ്ടിക്കാട്ടി. 

കേരള സമൂഹവുമായി ബന്ധപ്പെട്ട് 30 വര്‍ഷത്തോളമായി ഒസെല്ല പഠന, ഗവേഷണങ്ങള്‍ നടത്തിവരികയാണ്. കേരളത്തിലെ സാമൂഹിക, സാംസ്‌കാരിക മാറ്റങ്ങളെ കുറിച്ചാണ് പ്രധാനമായും അദ്ദേഹത്തിന്റെ ഗവേഷണം. 1980കളുടെ അവസാനത്തിലാണ് ഒസെല്ല കേരളവുമായുള്ള ബന്ധം ആരംഭിക്കുന്നത്. കേരളത്തിലെ ജനങ്ങളെ കുറിച്ചും, അവരുടെ ബന്ധങ്ങളെ കുറിച്ചും, വിവിധ സമുദായങ്ങളില്‍ നടന്നിട്ടുള്ള പരിഷ്‌കരണങ്ങളെ കുറിച്ചും ഒട്ടേറെ പ്രബന്ധങ്ങള്‍ അദ്ദേഹത്തിന്റേതായി പ്രസിദ്ധീകരിച്ചിട്ടുണ്ട്. കേരളത്തിലെ മുസ്ലിംകള്‍ക്കിടയിലുണ്ടായ പല പരിഷ്‌കാരങ്ങളെ കുറിച്ചും അദ്ദേഹത്തിന്റെ സമീപകാല പഠനങ്ങളുണ്ട്. സൗത്ത് ഏഷ്യന്‍ പഠന വിദഗ്ധനായ ഒസെല്ല ഗവേഷണങ്ങളുടെ ഭാഗമായി നേരത്തെ പലതവണ പാക്കിസ്ഥാന്‍ സന്ദര്‍ശിച്ചതാണ് അദ്ദേഹത്തെ തിരുവനന്തപുരത്തു നിന്നു നാടുകടത്തിയ കേന്ദ്ര സര്‍ക്കാര്‍ നടപടിക്കു പിന്നിലെന്നും റിപോര്‍ട്ടുണ്ടായിരുന്നു. 

Latest News