വിവാഹ ധൂര്‍ത്ത് സാമൂഹിക തിന്മ; പാക്കിസ്ഥാനിലേത് പോലെ നിയമം വേണമെന്ന് കോണ്‍ഗ്രസ് എം.പി

ന്യൂദല്‍ഹി- ഇന്ത്യയില്‍ വിവാഹ ചെലവ് കുറയ്ക്കാന്‍ പാകിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍ മാതൃകയിലുള്ള നിയമം വേണമെന്ന് കോണ്‍ഗ്രസ് എം.പി.
വിവാഹത്തില്‍ പങ്കെടുക്കുന്ന അതിഥികളുടെയും വിഭവങ്ങളുടെയും എണ്ണം കുറയ്ക്കുന്നതിന് പാകിസ്ഥാനിലെയും അഫ്ഗാനിസ്ഥാനിലെയും പോലെ നിയമം കൊണ്ടുവരണമെന്ന് പഞ്ചാബില്‍ നിന്നുള്ള കോണ്‍ഗ്രസ് എം.പി ജസ്ബീര്‍ സിംഗ് ഗില്‍ ആണ് ലോക്‌സഭയില്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടത്.  വിവാഹങ്ങളില്‍ ധാരാളം അതിഥികളെ വിളിക്കുന്നതും ഭക്ഷണത്തിനായി ധാരാളം പണം ചെലവഴിക്കുന്നതും സാമൂഹിക തിന്മയാണെന്ന് ശൂന്യവേളയില്‍ വിഷയം ഉന്നയിച്ച ഗില്‍ പറഞ്ഞു. ഒരു പ്ലേറ്റിന്  2,500 രൂപ വില വരുന്ന 289 ഭക്ഷണ സാധനങ്ങള്‍ ഉള്‍പ്പെടുന്ന മെനു തന്റെ പക്കലുണ്ടെന്ന് അദ്ദേഹം പറഞ്ഞു.  വരന്റേയും വധുവിന്റേയും ഭാഗത്തുനിന്നും 50 അതിഥികള്‍ വീതം ഒത്തുചേരുന്ന ചടങ്ങ് മതിയെന്നും വിഭവങ്ങളുടെ എണ്ണം 11 ആക്കണമെന്നും അദ്ദേഹം പറഞ്ഞു.  ഇതിനായുള്ള നിയമം കൊണ്ടുവരണം.
ഒരു എംപി എന്ന നിലയില്‍ ഇത് നടപ്പിലാക്കി നേതൃത്വം നല്‍കാനും ആളുകള്‍ പിന്തുടരുമെന്നും ഗില്ലിനോട് സ്പീക്കര്‍ ഓം ബിര്‍ള നിര്‍ദ്ദേശിച്ചു. ഇത്തരം ആചാരങ്ങള്‍ നിയമത്തിലൂടെയല്ല, പാര്‍ലമെന്റംഗങ്ങളുടെ ഇച്ഛാശക്തിയിലൂടെയുള്ള പ്രവര്‍ത്തനത്തിലൂടെ തടയാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. എല്ലാ എംപിമാരും ചെയ്യാന്‍ തുടങ്ങിയാല്‍ ഇത് പിന്നീട് രാജ്യം തന്നെ പിന്തുടരും. നമ്മളെല്ലാം രാജ്യത്തെ നയിക്കും- സ്പീക്കര്‍ ഓം ബിര്‍ള പറഞ്ഞു.
താന്‍ ഇതു ചെയ്യുന്നുണ്ടെന്നും നിയമം ഉണ്ടാക്കിയാല്‍ മാത്രമേ  ജനങ്ങള്‍  പിന്തുടരുകയുള്ളൂവെന്നും ഗില്‍ മറുപടി നല്‍കി. അഫ്ഗാനിസ്ഥാനിലും പാക്കിസ്ഥാനിലും നേരത്തെ തന്നെ ഇത്തരം നിയമങ്ങളുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

Latest News