ജയ്പൂര്‍- രാജസ്ഥാനിലെ ദൗസയില്‍ ചികിത്സാ പിഴവ്മൂലം ഗര്‍ഭിണി മരിച്ച സംഭവത്തില്‍ ആരോപണ വിധേയയായ വനിതാ ഡോക്ടര്‍ ആത്മഹത്യ ചെയ്തു. അര്‍ച്ചന ശര്‍മ (42)
എന്ന ഡോക്ടര്‍ ആണ് ആത്മഹത്യ ചെയ്തത്. ഗര്‍ഭിണിയെ ചികിത്സിച്ച ആശുപത്രിയുടെ ഉടമകൂടിയാണ് അര്‍ച്ചന. ബുധനാഴ്ച താമസസ്ഥലത്തെ മുറിയിലാണ് അര്‍ച്ചനയെ ആത്മഹത്യ ചെയ്ത കണ്ടെത്തിയത്.
ഗര്‍ഭിണിയുടെ മരണത്തിന് പിന്നാലെ പോലീസ് കേസ് എടുത്തതിന് പിന്നാലെയാണ് അര്‍ച്ചന ആത്മഹത്യ ചെയ്തത്. അതേസമയം, താന്‍ തെറ്റൊന്നും ചെയ്തിട്ടില്ലെന്നും ആരെയും കൊന്നിട്ടില്ലെന്നും ആത്മഹത്യാ കുറിപ്പില്‍ പറയുന്നു. പ്രസവാനന്തര രക്തസ്രാവമാണ് യുവതിയുടെ മരണകരണമെന്നും തന്റെ നിരപരാധിത്വം തെളിയുമെന്നും ആത്മഹത്യാ കുറിപ്പില്‍ പറയുന്നു.
ആശുപത്രിയില്‍ ചികിത്സയിലിരിക്കേ ചൊവ്വാഴ്ചയാണ് ഗര്‍ഭിണി മരിച്ചത്. ഡോക്ടറുടെ ചികിത്സാ പിഴവാണ് യുവതിയുടെ മരണത്തിനിടയാക്കിയതെന്ന് യുവതിയുടെ ബന്ധുക്കള്‍ ആരോപിച്ചിരുന്നു. ഡോക്ടര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ആശുപത്രിക്ക് മുന്നില്‍ ബന്ധുക്കള്‍ പ്രതിഷേധിക്കുകയും ചെയ്തു.