എം.കെ സ്റ്റാലിന്റെ  ജാക്കറ്റിന് വില 17 കോടിയെന്ന് വ്യാജം  പ്രചരിപ്പിച്ച  യുവമോര്‍ച്ച നേതാവ് അറസ്റ്റില്‍

ചെന്നൈ- ദുബായ് സന്ദര്‍ശനവേളയില്‍ മുഖ്യമന്ത്രി എം.കെ സ്റ്റാലിന്റെ  ജാക്കറ്റിന് വില 17 കോടിയെന്ന് വ്യാജം 
പ്രചരിപ്പിച്ച  യുവമോര്‍ച്ച നേതാവ് അറസ്റ്റില്‍. യുവമോര്‍ച്ച സേലം വെസ്റ്റ് ജില്ലാ സെക്രട്ടറിയായ എടപ്പാടി സ്വദേശി അരുള്‍ പ്രസാദാണ് പിടിയിലായത്. ധനമന്ത്രി പളനിവേല്‍ ത്യാഗരാജനില്‍നിന്ന് ലഭിച്ച വിവരമെന്ന പേരിലാണ് സ്റ്റാലിന്‍ ധരിച്ചത് ജാക്കറ്റിന്റെ വിലയെക്കുറിച്ചുള്ള സന്ദേശം സാമൂഹികമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചത്.  ജാക്കറ്റ് ധരിച്ചുകൊണ്ടുള്ള സ്റ്റാലിന്റെ ചിത്രം സഹിതമായിരുന്നു പ്രചാരണം. സംഭവത്തില്‍ കേസെടുത്ത പോലീസ് പിന്നീട് എടപ്പാടിയില്‍നിന്ന് അരുള്‍ പ്രസാദിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഇത്തരത്തില്‍ സാമൂഹികമാധ്യമങ്ങളില്‍ വ്യാജപ്രചാരണം നടത്തിയതിന് ജനുവരിയില്‍ യുവമോര്‍ച്ച സംസ്ഥാന അധ്യക്ഷന്‍ വിനോജ് പി. സെല്‍വത്തിന്റെ പേരില്‍ കേസെടുത്തിരുന്നു. ഡി.എം.കെ. അധികാരത്തിലെത്തിയതിനുശേഷം തമിഴ്‌നാട്ടില്‍ നൂറിലേറെ ക്ഷേത്രങ്ങള്‍ തകര്‍ത്തുവെന്ന് പ്രചരിപ്പിച്ചതിനെത്തുടര്‍ന്നാണ് വിനോജിന്റെ പേരില്‍ കേസെടുത്തത്. സാമൂഹികമാധ്യമങ്ങളിലൂടെ നടത്തുന്ന വ്യാജപ്രചാരണം നടത്തുന്നവര്‍ക്കെതിരേ കര്‍ശനനടപടിയെടുക്കുമെന്ന് തമിഴ്‌നാട് പോലീസ് വീണ്ടും മുന്നറിയിപ്പ് നല്‍കി. 
 

Latest News