ജിദ്ദ- വിദേശ രാജ്യങ്ങളില്‍ വെച്ച് ഉംറ ബുക്കിംഗ് നടത്താന്‍ ആദ്യം ഇഅ്തമര്‍നാ ആപ്പില്‍ രജിസ്റ്റര്‍ ചെയ്യണം. തുടര്‍ന്ന് വിസിറ്റര്‍ എന്ന ഐക്കണ്‍ തെരഞ്ഞെടുത്ത് വിസ വിവരങ്ങള്‍, പാസ്പോര്‍ട്ട് നമ്പര്‍, ഇ-മെയില്‍, നാഷണാലിറ്റി, മൊബൈല്‍ ഫോണ്‍ നമ്പര്‍ എന്നിവ നല്‍കണം. ഈ നടപടികള്‍ പൂര്‍ത്തിയാക്കുന്നതോടെ, രജിസ്ട്രേഷന് പ്രക്രിയ പൂര്‍ത്തിയാക്കുന്നതിനു മുന്നോടിയായി സൗദിയില്‍ പ്രവേശിക്കാനുള്ള വിസ ഇഷ്യു ചെയ്തിട്ടുണ്ടെന്ന് ആപ്പ് ഉറപ്പുവരുത്തും.
തുടര്‍ന്ന് ഉപയോക്താക്കളുടെ ഇ-മെയിലില്‍ വെരിഫിക്കേഷന് കോഡ് ലഭിക്കും. വെരിഫിക്കേഷന് കോഡ് ആയ ഒ.ടി.പി നല്‍കുന്നതോടെ ഉംറ പെര്‍മിറ്റിനുള്ള നടപടികള്‍ പൂര്‍ത്തിയാക്കുകയാണ് വേണ്ടത്.
ഏതിനം പെര്‍മിറ്റാണ് വേണ്ടത്, അനുയോജ്യമായ സമയം, തീയതി എന്നിവ നല്‍കണം. ഇതോടെ ഇഷ്യു ചെയ്ത പെര്‍മിറ്റുകള്‍ ആപ്പില്‍ പ്രത്യക്ഷപ്പെടും. സൗദിയിലെത്തിയ ശേഷം പുണ്യസ്ഥലങ്ങളിലേക്കും തിരിച്ചുമുള്ള യാത്രാ സേവനങ്ങള്‍ക്കുള്ള പണമടക്കാനും ആപ്പ് വഴി സാധിക്കുമെന്ന് ഹജ്, ഉംറ മന്ത്രാലയം അറിയിച്ചു.
സൗദിയിലേക്ക് വരുന്നതിനു മുമ്പായി ഇഅ്തമര്‍നാ ആപ്പ് വഴി ഉംറ ബുക്കിംഗ് നടത്താന്‍ എല്ലാ ഇനം വിസകളും ലഭിച്ച വിദേശികള്‍ക്ക് ഹജ്, ഉംറ മന്ത്രാലയം അവസരമൊരുക്കിയിരിക്കയാണ്. ഇഅ്തമര്‍നാ ആപ്പ് വഴി വിദേശങ്ങളില്‍ വെച്ച് ഉംറ ബുക്കിംഗ് നടത്തുമ്പോള്‍ വിസ ഇഷ്യു ചെയ്തിട്ടുണ്ടെന്നും വിസാ കാലാവധിയും ഉറപ്പുവരുത്തണം. ഉംറ ബുക്കിംഗ് സമയത്തിന് ആറു മണിക്കൂര്‍ മുമ്പ് സൗദിയില്‍ പ്രവേശിക്കാതിരിക്കുകയോ കൊറോണ ബാധിക്കുകയോ കൊറോണ രോഗിയുമായി സമ്പര്‍ക്കത്തിലേര്‍പ്പെടുകയോ ചെയ്യുന്ന പക്ഷം ഉംറ പെര്‍മിറ്റ് ഓട്ടോമാറ്റിക് ആയി റദ്ദാക്കപ്പെടും.