Sorry, you need to enable JavaScript to visit this website.

ദുരിതാശ്വാസം ആവശ്യപ്പെട്ട് പഞ്ചാബില്‍ 12 ഉദ്യോഗസ്ഥരെ കര്‍ഷകര്‍ ബന്ധികളാക്കി; പോലീസെത്തി മോചിപ്പിച്ചു

ചണ്ഡീഗഢ്- വന്‍തോതില്‍ വിളനാശം ഉണ്ടായതിനെ തുടര്‍ന്ന് പ്രതിസന്ധിയിലായ കര്‍ഷകര്‍ക്ക് ദുരിതാശ്വാസം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് പഞ്ചാബില്‍ കര്‍ഷകര്‍ 12 സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ ബന്ധികളാക്കി പ്രതിഷേധം സംഘടിപ്പിച്ചു. മുക്ത്‌സര്‍ ജില്ലയിലെ ലാംബിയിലെ സബ് തെഹ്‌സില്‍ ഓഫീസിലാണ് സംഭവം. തഹസില്‍ദാര്‍ അടക്കമുള്ളവരെയാണ് ബന്ധികളാക്കിയത്. ഇവരെ ഒരു നിലയ്ക്കും കര്‍ഷകര്‍ മടങ്ങിപ്പോകാന്‍ അനുവദിച്ചില്ല. ഒടുവില്‍ തിങ്കളാഴ്ച രാത്രി വൈകി പോലീസ് എത്തിയാണ് ഉദ്യോഗസ്ഥരെ സ്വതന്ത്രരാക്കിയത്. 

കീടങ്ങളുടെ ആക്രമണത്ത തുടര്‍ന്ന് പരുത്തി കൃഷിക്ക് വ്യാപകമായി നാശനഷ്ടങ്ങളുണ്ടായിരുന്നു. ഇത് മുന്‍ നിര്‍ത്തി ദുരിതാശ്വാസം അനുവദിക്കണമെന്നാണ് കര്‍ഷകരുടെ ആവശ്യം. കര്‍ഷക യൂനിയന്റെ പേരില്‍ നൂറിലേറെ കര്‍ഷകരാണ് സബ് തഹസില്‍ ഓഫീസിലേക്ക് ഇരച്ചു കയറി ഉദ്യോഗസ്ഥരെ രാത്രി ബന്ധികളാക്കിയത്. മുതിര്‍ന്ന പോലീസ് ഓഫീസര്‍മാരെത്തി അനുനയിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും കര്‍ഷകര്‍ വഴങ്ങിയില്ല. ഉദ്യോഗസ്ഥരുടെ സുരക്ഷ കണക്കിലെടുത്ത് ഇവരെ സുരക്ഷിതരായി മോചിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ പോലീസിന് നിര്‍ദേശം നല്‍കുകയായിരുന്നു. പോലീസ് ബലംപ്രയോഗിച്ചതായു ഉദ്യോഗസ്ഥരുടെ പരാതിയില്‍ ബന്ധികളാക്കിയവര്‍ക്കെതിരെ കേസും രജിസ്റ്റര്‍ ചെയ്തതായി എസ്എസ്പി സന്ദീപ് കുമാര്‍ മലിക് അറിയിച്ചു.
 

Latest News