ഭാര്യയെ കളിയിക്കിയതിന് തല്ല്, ഓസ്‌കാര്‍ അവതാരകന്‍ പരാതിപ്പെട്ടാല്‍ നടന്‍ വില്‍ സ്മിത്ത് അഴിയെണ്ണേണ്ടി വരും

ലോസ് ആഞ്ചലസ്- ഓസ്‌കാര്‍ അവാര്‍ഡ് ചടങ്ങിലെ അവതാരകന്‍ ക്രിസ് റോക്കിനെ തല്ലിയ കുറ്റത്തിന് ഹോളിവുഡ് നടന്‍ വില്‍ സ്മിത്തിനെതിരെ നിയമനടപടിക്ക് സാധ്യത. അമേരിക്കന്‍ നിയമപ്രകാരം ആറു മാസം വരെ തടവും ഒരു ലക്ഷം അമേരിക്കന്‍ ഡോളര്‍ പിഴയും ലഭിക്കാവുന്ന കുറ്റമാണ് വില്‍ സ്മിത്ത് ചെയ്തത്.  ഭാര്യയെ പൊതുവേദിയില്‍ കളിയാക്കിയതിനെ തുടര്‍ന്നാണ് അദ്ദേഹം അവതാരകനെ തല്ലിയത്.
അതേസമയം, അവതാരകനായ ക്രിസ് റോക്ക് ഇതുവരെ വില്‍ സ്മിത്തിനെതിരെ പരാതി സമര്‍പ്പിച്ചിട്ടില്ല. ഓസ്‌കാര്‍ വേദിയില്‍ ഉണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥര്‍ അവാര്‍ഡ് നിശ കഴിഞ്ഞയുടന്‍ തന്നെ പരാതിപ്പെടുന്നതിനെ കുറിച്ച് ക്രിസ് റോക്കുമായി സംസാരിച്ചിരുന്നു.
ക്രിസ് റോക്ക് പരാതിപ്പെട്ടാല്‍ മാത്രമേ വില്‍ സ്മിത്തിനെതിരെ പോലീസിന് നടപടിയെടുക്കാന്‍ സാധിക്കുകയുള്ളൂ. വില്‍ സ്മിത്തിനെതിരെ പരാതിപ്പെടാന്‍ ക്രിസ് റോക്കിന് ഇനിയും ആറു മാസം വരെ സമയമുണ്ട്. ഇതിനകം പരാതിപ്പെട്ടാല്‍ പോലും വില്‍ സ്മിത്ത് കുടങ്ങും.
വില്‍ സ്മിത്തിന്റെ ഭാര്യ ജാഡ പിങ്കെറ്രിന്റെ മുടിയെ കളിയാക്കിയതാണ് താരത്തെ ഇത്രയേറെ പ്രകോപിപ്പിക്കാന്‍ കാരണം. ക്രിസ് റോക്കിന്റെ പരാമര്‍ശത്തിന് പിന്നാലെ ഓസ്‌കര്‍ വേദിയില്‍ കയറി അവതാരകന്റെ മുഖത്ത് താരം അടിക്കുകയായിരുന്നു. ക്രിസ് റോക്കിനെ തല്ലിയ ശേഷം തിരിച്ച് വന്ന് കസേരയിലിരുന്ന വില്‍ സ്മിത്ത് തുടര്‍ന്ന് ആക്രോശിക്കുകയും ചെയ്തു.

 

Latest News