ചെന്നൈ- തമിഴ്‌നാട്ടില്‍ പതിനാറുകാരിയായ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ഡിഎംകെ ബ്രാഞ്ച് സെക്രട്ടറി വീരനന്‍ (38) അറസ്റ്റിലായി. തിരുപ്പറങ്കുണ്ടത്ത് റേഡിയോ റിപ്പയര്‍ ഷോപ്പ് നടത്തുന്നയാളാണ് പ്രതി.
അമ്മ അപകടത്തില്‍ മരിച്ചതിനെ തുടര്‍ന്ന് പിതാവിനും ഇളയ സഹോദരനുമൊപ്പമാണ് പെണ്‍കുട്ടി താമസിക്കുന്നത്.
ഓണ്‍ലൈന്‍ പഠനത്തിനായി അച്ഛന്‍ ഫോണ്‍ വാങ്ങി നല്‍കിയിരുന്നു. വീരനന്‍ പെണ്‍കുട്ടിയുടെ മൊബൈല്‍ നമ്പര്‍ സംഘടിപ്പിക്കുകയും അവളുമായി സൗഹൃദം സ്ഥാപിക്കുകയും ചെയ്തു. വിശ്വാസം നേടിയ ശേഷം വിവാഹം കഴിക്കാമെന്ന് വാഗ്ദാനം ചെയ്താണ് ലൈംഗികമായി പീഡിപ്പിച്ചതെന്ന് പോലീസ് പറഞ്ഞു.
പെണ്‍കുട്ടിയുടെ പിതാവ് തിരുമംഗലം വനിതാ പോലീസ് സ്‌റ്റേഷനിലാണ് പരാതി നല്‍കിയിരുന്നത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിനൊടുവിലാണ് വീരനെ പോലീസ് അറസ്റ്റ് ചെയ്തത്. കുട്ടികള്‍ക്കെതിരായ ലൈംഗികാതിക്രമങ്ങള്‍ തടയുന്നതിനുള്ള പോക്‌സോ പ്രകാരമാണ് ഇയാള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. കുറ്റകൃത്യത്തില്‍ മറ്റാര്‍ക്കെങ്കിലും പങ്കുണ്ടോയെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.