ലഖ്നൗ- ഉത്തര്‍പ്രദേശിലെ മുസാഫര്‍നഗറില്‍ ഭര്‍ത്താവിനെ കെട്ടിയിട്ട ശേഷം ഭാര്യയെ കൂട്ടബലാത്സംഗം ചെയ്ത കേസില്‍ പ്രതികള്‍ പിടിയില്‍. 10 അംഗ സംഘത്തെയാണ് പിടികൂടിയത്. രണ്ട് പേര് പ്രായപൂര്‍ത്തിയാകാത്തവരാണ്.
കഴിഞ്ഞ ചൊവ്വാഴ്ചയാണ് ഭര്‍ത്താവിനെ മര്‍ദ്ദിച്ച് മരത്തില്‍ കെട്ടിയിട്ട ശേഷം 21 കാരിയെ സംഘം കൂട്ടബലാത്സംഗം ചെയ്തത്. യുവതിയുടെ വീട്ടില്‍നിന്ന് മടങ്ങുന്നതിനിടെ മദ്യലഹരിയില്‍ ബൈക്കിലെത്തിയ സംഘം യുവതിയോട് അശ്ലീലം പറഞ്ഞത്. ഇത് ചോദ്യം ചെയ്ത ഭര്‍ത്താവിനെ പ്രതികള്‍ മര്‍ദ്ദിച്ച് മരത്തില്‍ കെട്ടിയിട്ടാണ് യുവതിയെ കൂട്ടബലാത്സംഗം ചെയ്തത്.
കൂട്ടബലാത്സംഗത്തിന് ശേഷം പരാതി നല്‍കരുതെന്ന് ഇവര്‍ ഭീഷണിപ്പെടുത്തുകയും ചെയ്തു. പിന്നീട് കുടുംബാംഗങ്ങളുടെ പിന്തുണയോടെ ദമ്പതിമാര്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. യുവതി നല്കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് പ്രതികളെ പിടികൂടിയത്. പ്രായപൂര്‍ത്തിയാകാത്ത പ്രതികളെ ജുവനൈല്‍ ഹോമിലേക്ക് മാറ്റിയതായി പോലീസ് അറിയിച്ചു.






