സില്‍വര്‍ലൈനില്‍ സി.പി.എമ്മില്‍ രണ്ടഭിപ്രായം, എങ്കിലും പിണറായിക്കൊപ്പം നില്‍ക്കും

ന്യൂദല്‍ഹി- സില്‍വര്‍ ലൈന്‍ പദ്ധതിയുടെ നടത്തിപ്പില്‍ സി.പി.എം ദേശീയ നേതൃത്വത്തില്‍ രണ്ടഭിപ്രായം. ദല്‍ഹിയില്‍ നടക്കുന്ന സി.പി.എം കേന്ദ്ര കമ്മിറ്റി യോഗത്തില്‍ ഇന്നലെ പൊതു ചര്‍ച്ചക്കിടെയാണ് കെ റെയില്‍ വിഷയം ഉയര്‍ന്നു വന്നത്. കേന്ദ്ര അനുമതി ഉറപ്പു വരുത്താതെ ജനരോഷം വിളിച്ചു വരുത്തുന്ന പദ്ധതിയിലേക്കു കടക്കരുതെന്ന് കേന്ദ്ര നേതൃത്വത്തിലെ ഒരു വിഭാഗം ഉന്നയിക്കുന്ന ആശങ്ക.
കേന്ദ്ര റെയില്‍വേ മന്ത്രിയും മന്ത്രി വി. മുരളീധരനും രാജ്യസഭയില്‍ നടത്തിയ പ്രസ്താവനകള്‍ പ്രധാനമന്ത്രിയുടെ അറിവില്ലാതെ ആകില്ല. കേന്ദ്ര മന്ത്രിസഭയില്‍ ഇക്കാര്യത്തില്‍ ഒരു ഭിന്നതയുമില്ല. പ്രധാനമന്ത്രി പരസ്യമായി സില്‍വര്‍ ലൈന്‍ പദ്ധതിയെ അനുകൂലിച്ചു സംസാരിച്ചിട്ടുമില്ല. കേന്ദ്ര സര്‍ക്കാര്‍ ഇക്കാര്യത്തില്‍ ദുരൂഹമായ മൗനം പാലിക്കുന്നുണ്ട്. കേന്ദ്ര അനുമതിയുടെ കാര്യത്തില്‍ തീര്‍ച്ചയില്ലാത്ത സാഹചര്യത്തില്‍ കല്ലിടല്‍ ഉള്‍പ്പടെയുള്ള മുന്നോട്ടു നീങ്ങിയാല്‍ രാഷ്ട്രീയ തിരിച്ചടി ഉണ്ടാകുമെന്നും കേന്ദ്ര കമ്മിറ്റിയില്‍ അഭിപ്രായം ഉയര്‍ന്നു.
കേന്ദ്ര കമ്മിറ്റിയില്‍ സില്‍വര്‍ലൈന്‍ പദ്ധതിയില്‍ മേല്‍ പറഞ്ഞ സംശയങ്ങള്‍ ഉയര്‍ന്നു എങ്കിലും വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിനൊപ്പം തന്നെ നില്‍ക്കാനാണ് കേന്ദ്ര കമ്മിറ്റിയുടെ തീരുമാനം. സില്‍വര്‍ ലൈന്‍ പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തില്‍ നന്ദിഗ്രാമം ആക്കി മാറ്റാനുള്ള ശ്രമം കോണ്‍ഗ്രസ് നടത്തുന്നുണ്ട്. അതുകൊണ്ടു തന്നെ വളരെ കരുതലോടെ തന്നെ വിഷയം കൈകാര്യം ചെയ്യണമെന്നാണ് കേന്ദ്ര നിര്‍ദേശം നല്‍കുന്ന ഉപദേശം.

 

 

Latest News