Sorry, you need to enable JavaScript to visit this website.

ബസ് സമരം മൂന്നാം ദിവസം, ഇവിടെ  ഒരു സര്‍ക്കാരുണ്ടോ? ജനം ചോദിക്കുന്നു 

കൊച്ചി- സാധാരണക്കാരെ ദുരിതത്തിലാഴ്ത്തി സ്വകാര്യ ബസ് സമരം മൂന്നാം ദിവസവും തുടരുന്നു. രണ്ടു ലക്ഷം കോടി ചെലവ് വരുന്ന കാസര്‍കോട് -തിരുവനന്തപുരം അതിവേഗ പാത എങ്ങിനെയും യാഥാര്‍ഥ്യമാക്കാനുള്ള വെപ്രാളത്തിനിടെ സംസ്ഥാന സര്‍ക്കാര്‍ ജനങ്ങളുടെ ദുരിതം കാണുന്നില്ലെന്നാണ് പരാതി. സര്‍ക്കാരിന്റെ ഒരു തരത്തിലുള്ള ഇടപെടലുമില്ലെന്നത് ബസ് മുതലാളിമാര്‍ക്കും സൗകര്യമായി. സമരം നീളുന്ന സാഹചര്യം മുമ്പുമുണ്ടായിട്ടുണ്ട്. സംസ്ഥാനം ഭരിച്ച വലതുപക്ഷ സര്‍ക്കാര്‍ വരെ ബസ് പിടിച്ചെടുക്കുമെന്ന മുന്നറിയിപ്പ് നല്‍കി സാഹചര്യം നിയന്ത്രണത്തിലാക്കാറുണ്ട്.  ബസ് സമരത്തിന് പുറമേ മാര്‍ച്ച് 28ന് രാവിലെ 6 മുതല്‍ 30ന് രാവിലെ 6 വരെ ദേശീയ പണിമുടക്കും പ്രഖ്യാപിച്ചിട്ടുണ്ട്. പണിമുടക്കില്‍ മോട്ടര്‍ മേഖലയിലെ തൊഴിലാളികളും പങ്കെടുക്കുന്നതോടെ വാഹനങ്ങള്‍ ഓടില്ല.നിരക്ക് വര്‍ധിപ്പിക്കാമെന്ന് ഉറപ്പ് നല്‍കിയിട്ടും നടപ്പാക്കാത്തതിനെതിരെയാണ് സമരം. മിനിമം ചാര്‍ജ് 12 രൂപയാക്കുക, വിദ്യാര്‍ഥികളുടെ നിരക്ക് മിനിമം ചാര്‍ജിന്റെ പകുതിയാക്കി ഉയര്‍ത്തുക, കോവിഡ് കാലത്തെ നികുതി ഒഴിവാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം. ഗതികേടു കൊണ്ടാണ് സമരത്തിനിറങ്ങേണ്ടി വന്നതെന്ന് സ്വകാര്യ ബസ് സംഘടനാ നേതാക്കള്‍ വ്യക്തമാക്കി. ഗതാഗതമന്ത്രിയുടെ നിലപാടാണ് സമരത്തിലേക്ക് എത്തിച്ചതെന്നും ചര്‍ച്ചയ്ക്കു മന്ത്രി തയാറാകുന്നില്ലെന്നും അവര്‍ ആരോപിച്ചു. പണിമുടക്കിനു നോട്ടിസ് നല്‍കിയാല്‍ ചര്‍ച്ച നടത്താന്‍ ക്ഷണിക്കുക എന്നതാണ് സാമാന്യ മര്യാദ. മന്ത്രിയുടേത് ശാഠ്യമാണ്-മുതലാളിമാര്‍ പറഞ്ഞു. 


 

Latest News