നിമിഷയുടെ മോചനം: സഹായം തേടി ബന്ധുക്കള്‍ പാണക്കാട്ട്

നിമിഷ പ്രിയയുടെ മോചനത്തിന് സഹായം ആവശ്യപ്പെട്ട് ബന്ധുക്കള്‍ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ക്ക് നിവോദനം നല്‍കുന്നു.

മലപ്പുറം-യെമനിലെ സന്‍ആയില്‍ ജയിലില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ട് മരണം കാത്തു കഴിയുന്ന പാലക്കാട് കൊല്ലങ്കോട് സ്വദേശിനി നിമിഷ പ്രിയയുടെ മോചനത്തിന് സഹായമഭ്യര്‍ത്ഥിച്ച് അവരുടെ കുടുംബം പാണക്കാട്ടെത്തി.
രാവിലെ ഒമ്പത് മണിയോടെയാണ് നിമിഷയുടെ അമ്മ പ്രേമകുമാരിയും മകള്‍ മിഷേലും പാണക്കാടെത്തി സയ്യിദ് സാദിഖലി ശിഹാബ് തങ്ങളെയും സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളെയും പി.കെ കുഞ്ഞാലിക്കുട്ടി എം.എല്‍.എയും കണ്ടത്.

മരണപ്പെട്ടയാളുടെ കുടുംബത്തിന് ബ്ലഡ് മണി നല്‍കി നിമിഷയുടെ മോചനം സാധ്യമാക്കാനുളള ശ്രമങ്ങളാണ് സേവ് നിമിഷ പ്രിയ ആക്ഷന്‍ കമ്മിറ്റിയുടെ നേതൃത്തില്‍ നടക്കുന്നത്. ഭീമമായ തുകവേണമെന്നാണ് പ്രഥമിക വിവരം. കുടുംബത്തിനോ ഇതുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ആക്ഷന്‍ കമ്മിറ്റിക്കോ ഇത്രയും ഭീമമായ തുക സമാഹരിക്കുക അസാധ്യമാണ്. ഈ സാഹചര്യത്തില്‍ പാണക്കാട് കുടുംബത്തിന്റെയും മുസ്ലിംലീഗിന്റെയും സഹായം ലഭ്യമാക്കണമെന്നും ഇവര്‍ നല്‍കിയ നിവേദനത്തില്‍ ആവശ്യപ്പെട്ടു.

നിമിഷ ജയിലിലായതോടെ കേസിനും മറ്റുമായി വീടുള്‍പ്പെടെയുള്ള സ്വത്തുക്കള്‍ വില്‍ക്കേണ്ട സാചര്യമുണ്ടായി. നിമിഷയുടെ ഭര്‍ത്താവ് ഈ വാര്‍ത്ത കേട്ടതുമുതല്‍ മാനസികമായി തകര്‍ന്ന അവസ്ഥയിലാണ്. ഏക മകളുടെയും അവസ്ഥ സമാനമാണ്. ഇവര്‍ക്ക് സര്‍ക്കാറുകളുമായി ബന്ധപ്പെട്ട സഹായം ലഭ്യമാക്കണം. മോചനം സംബന്ധിച്ച് രാജ്യത്തിനകത്തും പുറത്തുമുള്ള നിയമ സഹായങ്ങള്‍ ലഭ്യമാക്കാന്‍ സഹായിക്കണമെന്നും നിവേദനത്തില്‍ ആവശ്യപ്പെട്ടു.
 
യെമനി യുവാവിന്റെ മരണവുമായി ബന്ധപ്പെട്ട കേസിലാണ് നിമിഷ ജയിലിലായത്.   തൊഴിലിടത്തില്‍ ക്രൂരമായ ശാരീരികവും മാനസികവുമായ പീഡനങ്ങളില്‍ നിന്നും രക്ഷപ്പെടാന്‍ സ്വന്തം പാസ്പോര്‍ട്ട് കൈവശപ്പെടുത്താന്‍ യുവാവിന് അനസ്‌തേഷ്യ മരുന്ന് കുത്തിവെച്ചതാണ് മരണ കാരണം. രക്ഷപ്പെട്ട നിമിഷ അതിര്‍ത്തിയില്‍ പിടിക്കപ്പെടുകയായിരുന്നു. യുവാവിന്റെ മൃതശരീരം പല തുണ്ടുകളായാണ് പിന്നെ കണ്ടെടുക്കപ്പെട്ടത്. ഈ കുറ്റകൃത്യം നിമിഷ ചെയ്തിട്ടില്ലെന്നും അടിച്ചേല്‍പ്പിക്കപ്പെട്ടതാണെന്നും കുടംബം പറയുന്നു.

ഇക്കാര്യത്തില്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ ശ്രദ്ധയുണ്ടാവുന്നതിന് ഇതിനകം ചില ഭരണ, പ്രതിപക്ഷ നേതാക്കളെ കണ്ടതായും ആക്ഷന്‍ കമ്മിറ്റി അംഗങ്ങള്‍ പറഞ്ഞു. യെമനില്‍ ബന്ധങ്ങളുള്ള മുസ്ലിംലീഗ് അധ്യക്ഷന്‍ സാദിഖലി ശിഹാബ് തങ്ങള്‍, മുനവ്വറലി തങ്ങള്‍, പി.കെ കുഞ്ഞാലിക്കുട്ടി എന്നിവര്‍ ഈ വിഷയത്തില്‍ ഇടപെടണമെന്നും ഒരു കുടുംബത്തിന് കണ്ണീര്‍ തുടക്കണമെന്നും ആക്ഷന്‍ കമ്മറ്റിക്ക് വേണ്ടി കണ്‍വീനര്‍ ജയചന്ദ്രന്‍ ആവശ്യപ്പെട്ടു.

 

Latest News